1 GBP = 103.84
breaking news

വെള്ളിയാഴ്ച വരെ വീടിനുള്ളിൽ കഴിയണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്; മണ്ടത്തരം കാണിക്കരുതെന്ന് ടൂറിസം അധികാരികൾ; ചൂട് കാലാവസ്ഥ ആസ്വദിക്കാനുറച്ച് ജനങ്ങൾ

വെള്ളിയാഴ്ച വരെ വീടിനുള്ളിൽ കഴിയണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്; മണ്ടത്തരം കാണിക്കരുതെന്ന് ടൂറിസം അധികാരികൾ; ചൂട് കാലാവസ്ഥ ആസ്വദിക്കാനുറച്ച് ജനങ്ങൾ

ബ്രിട്ടനില്‍ ചൂട് കാലാവസ്ഥ തുടരുമ്പോള്‍ തമ്മിലടിച്ച് മെറ്റ് ഓഫീസും, ടൂറിസം മേധാവികളും. താപനിലയെക്കുറിച്ച് അനാവശ്യമായ മുന്നറിയിപ്പുകളാണ് പ്രവചനക്കാര്‍ നല്‍കുന്നതെന്നാണ് ടൂറിസം മേധാവികളുടെ ആരോപണം. ആംബര്‍ ഹെല്‍ത്ത് അലേര്‍ട്ടാണ് മെറ്റ് ഓഫീസ് ഇന്നലെ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് താപനില 35 സെല്‍ഷ്യസില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതോടെയാണ് ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയത്. എന്നാൽ കുട്ടികൾക്ക് അവധിയായതോടെ ബീച്ചുകളിലും മറ്റിടങ്ങളിലുമെത്തി അവധിക്കാലം അടിച്ച് പൊളിക്കാനുള്ള ശ്രമത്തിലാണ് മലയാളികളടക്കമുള്ള ജനങ്ങൾ.

പരമാവധി സൂര്യതാപം ഏല്‍ക്കാതെയും, 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ വീടിനകത്ത് തുടരാനുമായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ യുകെ ഹോസ്പിറ്റാലിറ്റി മേധാവികള്‍ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. മുന്നറിയിപ്പ് മണ്ടത്തരമാണെന്നും, കാലാവസ്ഥ സുഖകരമായി ആസ്വദിക്കാനുമാണ് മേഖലയിലെ എംപിമാരും, വ്യവസായ മേധാവികളും കുടുംബങ്ങളോട് ആവശ്യപ്പെടുന്നത്. ബ്രിട്ടീഷ് ടൂറിസം മേഖലയ്ക്ക് വീണുകിട്ടിയ സുവര്‍ണ്ണാവസരം പരമാവധി പ്രയോജനം ചെയ്യുമെന്നാണ് ഇവരുടെ പ്രതീക്ഷ.

സഫോക്ക് സാന്റോണ്‍ ഡൗണ്‍ഹാമില്‍ താപനില 33.3 സെല്‍ഷ്യസ് രേഖപ്പെടുത്തിയ ദിനത്തിലാണ് തമ്മിലടി രൂക്ഷമാകുന്നത്. 1961-ന് ശേഷം ഏറ്റവും വരള്‍ച്ച സമ്മാനിച്ച വേനല്‍ക്കാലമാണിതെന്ന് മെറ്റ് ഓഫീസ് പറയുന്നു. മീനുകളെ രക്ഷപ്പെടുത്തുന്നതും, കാട്ടുതീയും ഉള്‍പ്പെടെ 44 വിവിധ സംഭവങ്ങളില്‍ ഇടപെട്ടതായി എന്‍വയോണ്‍മെന്റ് ഏജന്‍സിയും പറയുന്നു. കൃഷിക്കാരും താപനിലയുടെ ചൂടറിയുന്നുണ്ട്.

മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഇവയെ ഉച്ചസമയങ്ങളില്‍ പുറത്ത് നടത്തരുതെന്ന് ആര്‍എസ്പിസിഎ മുന്നറിയിപ്പ് നല്‍കി. സ്‌കൂള്‍ അവധിയായതിനാല്‍ കൂടുതല്‍ ബീച്ചുകളിലും, ബ്രിട്ടീഷ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വന്‍ തിരക്കാണ്. സൗത്ത് ഈസ്റ്റ്, സൗത്ത്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വരെ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more