1 GBP = 103.12

ലീഗ് – എസ്‍ഡിപിഐ വിവാദചർച്ച; മുൻകൈയെടുത്തത് ലീഗെന്ന് എസ്‍ഡിപിഐ, മലപ്പുറത്ത് മത്സരിക്കും

ലീഗ് – എസ്‍ഡിപിഐ വിവാദചർച്ച; മുൻകൈയെടുത്തത് ലീഗെന്ന് എസ്‍ഡിപിഐ, മലപ്പുറത്ത് മത്സരിക്കും

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ മജീദ് ഫൈസിയാണ് സ്ഥാനാർത്ഥി. പതിനാലാം തീയതി കൊണ്ടോട്ടിയിൽ വച്ച് കുഞ്ഞാലിക്കുട്ടിയും ഇടിയുമായി നടന്ന രഹസ്യ ചർച്ചയിൽ മജീദ് ഫൈസിയും പങ്കെടുത്തിരുന്നു. വിവാദ ചർച്ചയ്ക്ക് മുൻകൈയെടുത്ത് ലീഗാണെന്ന് അബ്ദുൾ റഹ്മാൻ ഫൈസി വെളിപ്പെടുത്തി.

നേരത്തെ എസ്ഡിപിഐ പ്രഖ്യാപിച്ച പട്ടികയില്‍ മലപ്പുറത്ത് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് കുഞ്ഞാലിക്കുട്ടിയുമായുള്ള നീക്ക് പോക്കിന്‍റെ അടിസ്ഥാനത്തിലാണെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് മലപ്പുറത്ത് സംസ്ഥാന പ്രസിഡന്‍റിനെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനം.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്‍ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായി ഇ ടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കെടിഡിസി ഹോട്ടലിൽ വച്ച് രാത്രി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ച വിവാദമായിരുന്നു. പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ചർച്ചയിൽ പൊന്നാനി മണ്ഡലത്തിലെ കാര്യങ്ങളാണ്  വിഷയമായതെന്നായിരുന്നു പുറത്ത് വന്ന വാർത്ത.

കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നുവെന്ന വിശദീകരണവുമായി അന്ന് തന്നെ ലീഗ് വൃത്തങ്ങൾ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യം ലീഗിനില്ലെന്നായിരുന്നു ഇ ടി അന്ന് വിശദീകരിച്ചത്. പിവി അന്‍വര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ  കടുത്ത മത്സരമാണ് മുസ്ലീം ലീഗ് പൊന്നാനിയില്‍ നേരിടുന്നത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ലീഗിന് ലഭിക്കില്ലെന്ന് പാര്‍ട്ടി ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വോട്ടു ധാരണയ്ക്ക് വേണ്ടി രണ്ട് പാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ കണ്ടെതെന്നാണ് പുറത്തു വന്ന വിവരം. 2014-ല്‍ പൊന്നാനി മണ്ഡലത്തില്‍ 26,000 വോട്ടുകളാണ് പോപ്പുലര്‍ ഫ്രണ്ട് നേടിയത്.

സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കാനാണ് മുസ്ലീം ലീഗും എസ്ഡിപിഐയും തമ്മിലുള്ള ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ ആരോപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more