1 GBP = 103.14

ഭീകരരെക്കുറിച്ചുള്ള തെളിവ് കൈമാറിയതോടെ പാകിസ്താന്‍ പ്രതിരോധത്തിലായി

ഭീകരരെക്കുറിച്ചുള്ള തെളിവ് കൈമാറിയതോടെ പാകിസ്താന്‍ പ്രതിരോധത്തിലായി

പുല്‍വാമ ഭീകരാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകൾ വിദേശകാര്യമന്ത്രാലയം കൈമാറിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിരോധത്തിലായി. പാകിസ്താന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ സെയ്ദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തിയാണ് തെളിവുകൾ കൈമാറിയത്. തെളിവുകള്‍‍ നല്‍കിയാല്‍ ഭീകരര്‍ക്കെതിരെ നടപടി എടുക്കുമെന്ന പാക് നിലപാട് എത്രത്തോളം പ്രാവര്‍ത്തികാമാകുമെന്നാണ് ഇനി അറിയേണ്ടത്.

ഇന്ത്യന്‍ പൈലറ്റിനെ പിടിച്ചുവെച്ച് പാകിസ്താന്‍ നടത്തിയ പ്രകോപനത്തില്‍ പ്രതിഷേധം അറിയിക്കാന്‍ പാക് ഡെപ്യൂട്ടി ഹൈകമ്മീഷണറെ ഇന്നലെ വിളിച്ചുവരുത്തിയപ്പോഴാണ് പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് താവളങ്ങളെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചുമുള്ള തെളിവുകള്‍ ഇന്ത്യ കൈമാറിയത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ ഉണ്ടായ അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് തെളിവ് ലഭിച്ചാല്‍ ഭീകരര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും പറഞ്ഞിരുന്നു. ഇന്ത്യ തെളിവ് കൈമാറിയതോടെ പാകിസ്താന്‍ നടപടി എടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന പതിവ് പല്ലവി പ്രവര്‍ത്തിപദത്തില്‍ തെളിയിച്ച് കാണിക്കാന്‍ ഇതോടെ പാകിസ്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

അന്താരാഷ്ട്ര സമൂഹത്തിന് പാകിസ്താന്‍ നേരത്തെ നല്‍കിയ വാഗ്ദാനം കൂടിയാണ് ഇതോടെ പരീക്ഷിക്കപ്പെടുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ നടപടി എടുത്തില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ പാകിസ്താനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കാകും. നടപടിയെടുത്താല്‍ ഇന്ത്യയുടെ ഭീകര വിരുദ്ധ പോരാട്ടത്തിന്റെ വിജയം കൂടിയായിരിക്കുമത്. അതേസമയം മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലടക്കം ഇന്ത്യ തെളിവ് കൈമാറിയിട്ടും പാകിസ്താന്‍ നടപടി എടുത്തിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more