1 GBP = 103.52
breaking news

പ്രതിപക്ഷ ശക്തിപ്രകടനമായി മമതയുടെ മഹാറാലി

പ്രതിപക്ഷ ശക്തിപ്രകടനമായി മമതയുടെ മഹാറാലി

കൊൽക്കത്ത:വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി. ജെ. പിക്കും വെല്ലുവിളിയായി വിശാലപ്രതിപക്ഷ ഐക്യം ഉരുത്തിരിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി സംഘടിപ്പിച്ച പ്രതിപക്ഷറാലി ജനലക്ഷങ്ങൾ പങ്കെടുത്ത കൂറ്റൻ ശക്തിപ്രകടനമായി.

കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘യുണൈറ്റഡ് ഇന്ത്യ റാലിയിൽ’ ലക്ഷക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. വിവിധ പ്രതിപക്ഷ കക്ഷികളുടെ ഇരുപതിലേറെ ദേശീയനേതാക്കൾ വേദി പങ്കിട്ടു.

ഏഴു ലക്ഷം പേരെ ഉൾക്കൊള്ളാൻ സൗകര്യമുള്ള ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് ഇന്നലെ രാവിലെ എട്ടു മണിയോടെ തന്നെ പ്രവർത്തകരെ കൊണ്ടു നിറ‍ഞ്ഞിരുന്നു. മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ ഉച്ചയ്‌ക്ക് 12ന് വേദിയിൽ എത്തി. നേതാക്കൾ പ്രസംഗിച്ചു തുടങ്ങിയപ്പോഴും പ്രവർത്തകരുടെ ഒഴുക്ക് അവസാനിച്ചിരുന്നില്ല. 40 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് നേരത്തേ അവകാശപ്പെട്ടിരുന്നത്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൌഡ, ബി.ജെ.പിയിൽ കലാപക്കൊടി ഉയർത്തിയ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘ്‌നൻ സിൻഹ, അരുൺ ഷൂരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‍രിവാൾ, എച്ച്.ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ശരദ് പവാർ, ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡി.എം.കെ പ്രസിഡന്റ് എം കെ സ്റ്റാലിൻ തുടങ്ങിയവർ മമതയ്ക്കൊപ്പം വേദിയിൽ അണിനിരന്നു.

കോൺഗ്രസ് അദ്ധ്യഷൻ രാഹുൽഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും റാലിക്ക് എത്തിയില്ലെങ്കിലും കത്തിലൂടെ പിന്തുണ അറിയിച്ചു. പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെ,​ അഭിഷേക് സിംഗ‌്‌വി എന്നിവരെ അയച്ചു.മായാവതി ബിഎസ്.പി പ്രതിനിധിയായി സതീഷ് ചന്ദ്രമിശ്രയെ അയച്ചു.

റാലിയിൽ പ്രസംഗിച്ച നേതാക്കളെല്ലാം വരുന്ന തിരഞ്ഞെടുപ്പിൽ മോദി സർക്കാരിനെയും ബി. ജെ. പിയെയും അധികാരത്തിൽ നിന്ന് പടിയിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യം അടിവരയിട്ട് പറയുകയും ചെയ്‌തു.

ഇടതുപക്ഷ പാർട്ടികളും ടി.ആർ.എസ്, എ ഡി.എം.കെ, ബി.ജെ.ഡി എന്നീ കക്ഷികളും വിട്ടുനിന്നു.

മമതയുടെ സംഘാടന വൈഭവത്തിന്റെയും തെളിവായ മഹാറാലിക്കായി വൻ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more