1 GBP = 103.12

‘പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് ശരിയോ തെറ്റോ എന്ന് കടന്നപ്പള്ളി ചിന്തിക്കട്ടെ’; എകെ ശശീന്ദ്രന്‍

‘പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് ശരിയോ തെറ്റോ എന്ന് കടന്നപ്പള്ളി ചിന്തിക്കട്ടെ’; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എസിലേക്കുള്ള കടന്നപ്പള്ളി രാമചന്ദ്രന്റെ ക്ഷണത്തില്‍ പ്രതികരിച്ച് മന്ത്രി എകെ ശശീന്ദ്രന്‍. കടന്നപ്പള്ളി രാമചന്ദ്രന് തന്നെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്യാന്‍ അവകാശമുണ്ട്. സ്വാഗതം ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് ചിന്തിക്കേണ്ടത് കടന്നപ്പള്ളിയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിയിലെ തര്‍ക്കം രൂക്ഷമാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു കടന്നപ്പള്ളി ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് ക്ഷണിച്ചത്.

കടന്നപ്പള്ളിക്കെതിരെ പരുഷമായ ഭാഷയില്‍ പ്രതികരിക്കാത്തത് സൗഹൃദത്തിന്റെ പേരിലാണ്. സ്വാഗതം ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് ചിന്തിക്കേണ്ടത് കടന്നപ്പള്ളിയാണ്. എന്‍സിപിയുടെ മുന്നണി മാറ്റവുമായി ഉയര്‍ന്നുവന്ന വാര്‍ത്തകള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇടത് മുന്നണി ശക്തിപ്പെടുന്നത് സാഹിക്കാത്തവരാണ് മുന്നണി മാറ്റം എന്ന വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഇടതുമുന്നണിയിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശശീന്ദ്രന്‍ പഴയ സഹപ്രവര്‍ത്തകനാണെന്നും മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാമെന്നുമാണ് കടന്നപ്പള്ളി ഞായറാഴ്ച അറിയിച്ചത്. തീരുമാനം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എസിലേക്ക് താന്‍ പോകുമെന്ന വാര്‍ത്തകള്‍ ശശീന്ദ്രന്‍ നിഷേധിക്കുകയായിരുന്നു.

ആഭ്യന്തര തര്‍ക്കം രൂക്ഷമായ കേരള എന്‍സിപിയില്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജോസ് കെ മാണിയുടെ വരവോടെ പാലാ സീറ്റിനെച്ചൊല്ലി അസ്വസ്ഥമായ എന്‍സിപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തും. കേരളത്തിലെ നേതാക്കളെ ഉടന്‍ കാണുമെന്ന് പ്രഫുല്‍ പട്ടേലിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രത്തെ അനുനയിപ്പിക്കാന്‍ ശശീന്ദ്രന്‍ വിഭാഗം നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. എകെ ശശീന്ദ്രന്‍ ബുധനാഴ്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more