1 GBP = 103.38

കാലപ്രളയം (നാടകം: കാരൂർ സോമൻ അവസാന രംഗം- 12)

കാലപ്രളയം (നാടകം: കാരൂർ സോമൻ അവസാന രംഗം- 12)

സീന്‍ – 14

(ഉരുളു പൊട്ടി മുഴുവന്‍ ഒലിച്ചുപോയ ഒരു ഭൂപ്രദേശത്തേയ്ക്കാണ് വെളിച്ചം തെളിയുന്നത്. അത് ചാണ്ടിമാപ്പിളയുടേയും കേശവന്‍നായരുടേയും വീടുള്‍പ്പെടെ നിന്ന പതിനൊന്നേക്കര്‍ സ്ഥലമാണ്… മഴ തട്ടിത്തെറിപ്പിച്ചതുപോലെ ഒരു പ്രദേശം. അവിടെ കൊടിയ നിശബ്ദതയിലേക്കാണ് രണ്ടുപേരും രണ്ടു സ്ഥലത്തുനിന്നും കയറുന്നത്.. അവരാ കാഴ്ച പകച്ചുനോക്കി. അവിശ്വസനീയമായ ആ കാഴ്ചയില്‍ അവര്‍  യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന തിന്റെ സംഗീതം.. മണ്ണില്‍ മുഖമമര്‍ത്തി കരയുന്നു.. അവര്‍ പൊട്ടിക്കരഞ്ഞു.. വാവിട്ടു നിലവിളിച്ചു)
ചാണ്ടി    :    ദൈവമേ, എവിടെ എന്റെ അതിരുകള്‍… എവിടെ ഞങ്ങളുടെ അദ്ധ്വാനം.. നാലു തലമുറയുടെ അദ്ധ്വാനത്തെ മഴ ഒഴുക്കിക്കൊണ്ടുപോയി..
(അയാള്‍ കരഞ്ഞു.. കേശവന്‍നായരെ നോക്കി)
എവിടെ നമ്മുടെ വീടുകള്‍…
(അവര്‍ രണ്ടുപേരും പരസ്പരം നോക്കി)
എന്റെ അഹന്ത… എന്റെ പാരമ്പര്യം… എന്റെ മതം… എന്റെ മനസ്സിലെ അഹങ്കാരം…  എല്ലാം പ്രകൃതി ഒഴുക്കിക്കൊണ്ടുപോയി.. എവിടെ എന്റെ മാളിക.. എന്റെ കൃഷി.. തലമുറകള്‍ ഈ മണ്ണിലൊഴുക്കിയ വിയര്‍പ്പ്.. അതുകുടിച്ച് പൂത്ത സമൃദ്ധി.. എല്ലാം എവിടെ.. എവിടെ ഞാന്‍ കെട്ടിപ്പിടിച്ചിരുന്ന എന്റെ നിധി!
(വല്ലാതെ വിതുമ്പി ഒരു ഭ്രാന്തനെപ്പോലെ)
കേശവന്‍നായര്‍    :    എല്ലാം എല്ലാം പ്രകൃതി ഒഴുക്കിക്കൊണ്ടുപോയി…
(അയാള്‍ കേശവന്‍നായരെ നോക്കി.. വല്ലാത്ത വേദനയോടെ ഹൃദയംകൊണ്ടുവിളിച്ചു..)
ചാണ്ടി    :    എടോ… കേശവന്‍നായരേ…
(അവര്‍ രണ്ടും പരസ്പരം നോക്കി വല്ലാതെ പൊട്ടിക്കരഞ്ഞു)
പ്രളയം എല്ലാം കൊണ്ടുപോയിട്ട് എന്നേയും നിന്നേയും ഈ യാഥാര്‍ത്ഥ്യത്തിലേക്ക് വലിച്ചെറിഞ്ഞു കൂട്ടുകാരാ…
കേശവന്‍നായര്‍    :    എടോ മാപ്പിളേ…
ചാണ്ടി    :    എടോ നായരേ…
(അയാള്‍ പ്രതിഷേധത്തോടെ കാറിത്തുപ്പിയിട്ട്)
ത്ഫൂ… ഇവിടെ നായരും മാപ്പിളയുമൊന്നുമില്ലടോ… മനുഷ്യന്‍ മാത്രമേയുള്ളൂ.. എല്ലാ തെറ്റിനും മാപ്പു ചോദിച്ചുകൊണ്ട് ,ഞാന്‍ ചാങ്ങാതി നിന്നെ ഒന്നു കെട്ടിപ്പിടിക്കട്ടെ….
(അവനയാളെ കെട്ടിപ്പുണര്‍ന്നു… ശേഷം പറഞ്ഞു)
മനുഷ്യന്‍ പരസ്പരം സ്‌നേഹിക്കുന്നിടത്ത് ഭൂമി തളിര്‍ക്കും.. പ്രകൃതി ചിരിക്കും.. ജാതിയും മതവും വര്‍ണ്ണവും മറന്ന് മനുഷ്യന്‍ ഒന്നാണെന്ന് പറഞ്ഞുകൊണട് നവകേരളത്തെ സൃഷ്ടിക്കാനായി വരൂ നമുക്ക് ഒന്നിക്കാം…
(അവരുടെ ആ കൂട്ടായ്മയിലേയ്ക്ക് കിളികള്‍ ചിലച്ചു.. പ്രകൃതി ചിരിച്ചു.. ഭൂമി തളിര്‍ത്തു.. പ്രതീക്ഷയുടെ ഉണര്‍ത്തുപാട്ടിലേയ്ക്ക് എല്ലാവരും നിരന്നു.. ഒരു നവകേരള സൃഷ്ടിയുടെ പ്രവൃത്തികള്‍ ദൃശ്യമാകുമ്പോള്‍)

– കര്‍ട്ടന്‍ –

ആമുഖം.

പ്രളയത്തിന്റ പ്രത്യാഘതങ്ങള്‍ ഭയാനകമെന്ന്  ഹൈന്ദവ പുരാണങ്ങളിലും തോറയിലും ബൈബിളിലും ഖുറാനിലുമുണ്ട്. മനുഷ്യന്‍െ തിന്മക്കെതിരെ കാലമയക്കുന്ന സംഹാരത്തിന്റ ശുദ്ധികരണപ്രക്രിയയാണ് പ്രളയം. ഏത് നിമിഷവും മനുഷ്യര്‍ കെട്ടിപ്പൊക്കുന്ന അംബരചുംബികളായ കെട്ടിടങ്ങള്‍വരെ ഇടിഞ്ഞു താഴെവീഴുന്ന ദയനീയാവസ്ഥ. മനുഷ്യന്‍ പ്രകൃതിയോട് കാട്ടുന്ന ക്രൂരത മനുഷ്യന് വരാനിരിക്കുന്ന ദുരന്തങ്ങള്‍ നോക്കെത്താത്ത ദൂരത്തില്‍ നീണ്ടുനീണ്ടു കിടക്കുന്നതായി തോന്നുന്നു.

നൂറ്റാണ്ടു കണ്ട മഹാ പ്രളയത്തിന് മുന്‍പും ശേഷവും  പ്രളയം നമ്മെ എന്ത് പഠിപ്പിച്ചു എന്ന ആലോചനയില്‍ നിന്നാണ് ഈ മഹാ പ്രളയത്തെ ഒരു നാടകമായി അരങ്ങില്‍ അടയാളപ്പെടുത്തണമെന്ന് ആഗ്രഹിച്ചത്.  മുന്ന് തലമുറകള്‍ ഈ നാടകത്തില്‍ കഥാപാത്രങ്ങളാകുന്നു. ഓരോ തലമുറയും ജീവിതത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന് കാലപ്രളയം രേഖപ്പെടുത്തുന്നു.

സ്‌നേഹത്തോടെ ജീവിച്ചിരുന്ന ആത്മ സുകൃത്തുക്കള്‍ മണ്ണിനും പെണ്ണിനും ജാതിക്കും മതത്തിനും വേണ്ടി കലഹിക്കുമ്പോള്‍ സൗഹൃദം, സ്‌നേഹം എന്നതൊക്കെ വെറും അലങ്കാരങ്ങളെന്നും പൊരുതി നേടിയതും വെട്ടിപിടിച്ചതൊക്കെയാണ് ജീവിതമെന്നും അതിനപ്പുറം മാനുഷിക മുല്യങ്ങള്‍ക്കൊന്നും ഒരു വിലയില്ലെന്ന് പരസ്പരം തീരുമാനിക്കുന്നിടത്താണ് കാലത്തിന്റ കണക്കു പുസ്തകം പ്രളയമായി പഠിപ്പിക്കാനെത്തുന്നത്.

പ്രളയം തങ്ങളുടെ സമ്പാദ്യങ്ങളെ ഒഴുക്കിക്കൊണ്ടുപോയപ്പോള്‍ ഈശ്വരന്‍ സൃഷ്ഠിച്ച ഭൂമിയില്‍ മനുഷ്യന്‍  സ്ഥാപിച്ച അതിരുകള്‍ മായിച്ചുകളയുമ്പോള്‍ അവര്‍ സ്കൂള്‍ വരാന്തയില്‍ അന്തിയുറങ്ങുകയും ഒരേ ക്യുവില്‍ നിന്നും അന്നം കഴിക്കയും ചെയ്തപ്പോള്‍ സ്‌നേഹത്തിനപ്പുറം മറ്റൊന്നിനും വിലയില്ലന്നവര്‍ പഠിച്ചു. അഥവ പഠിച്ചോ?
കാലപ്രളയം സമൂഹമനസ്സാക്ഷിയെ നോമ്പെരപ്പെടുത്തുന്ന ഒരു പിടി ചോദ്യങ്ങളിലൂടെയാണ് അരങ്ങില്‍ വികസിക്കുന്നത്.

തിന്മയെ നശ്ശിപ്പിക്കാനും വേരോട് പിഴുതെറിയാനും ചില പ്രതിസന്ധികള്‍ ഉടലെടുക്കുമെന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തെ നവീകരിക്കുന്ന കാലപ്രളയങ്ങളിലൂടെ മാനവരാശി എന്തെങ്കിലും പഠിക്കുന്നുണ്ടോ? അരങ്ങ് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഇടങ്ങള്‍ കുടിയാണല്ലോ. പ്രളയത്തിന് ശേഷം ഐശ്വര്യലഹരിയാകുന്ന മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളഞ്ഞു ദുരന്തങ്ങളില്‍ ഞെരിഞ്ഞമരുന്ന മനുഷ്യരുടെ ഞരക്കങ്ങള്‍ കേള്‍ക്കുവാനും പ്രളയകാല മേഘ ഗര്‍ജ്ജനങ്ങളെ നേരിടാനും മനുഷ്യരിലെ പവിത്രമായ സ്‌നേഹത്തിന് കഴിയട്ടെ എന്ന പ്രാര്‍ത്ഥനോയോടെ കാലപ്രളയം നാടകാസ്വാദകര്‍ക്ക് സമര്‍പ്പിക്കുന്നു.

കാരൂര്‍ സോമന്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more