1 GBP = 104.22
breaking news

ഏത് ഏജന്‍സി വന്നാലും ബിജെപിയുടെ മുന്നില്‍ സിപിഐഎം കീഴടങ്ങില്ല; സിബിഐയുടെ വരവിന് രാഷ്ട്രീയ ഉദ്ദേശമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഏത് ഏജന്‍സി വന്നാലും ബിജെപിയുടെ മുന്നില്‍ സിപിഐഎം കീഴടങ്ങില്ല; സിബിഐയുടെ വരവിന് രാഷ്ട്രീയ ഉദ്ദേശമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലൈഫിലെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഇടപെടല്‍ അസാധാരണവും അസ്വാഭാവികവുമാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സിബിഐയുടെ വരവ് സദുദ്ദേശ പരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിബിഐയെ പലസംസ്ഥാനങ്ങളിലും രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ അത്തരം നീക്കം എപ്പോഴെങ്കിലും നടന്നാല്‍ തീരുമാനമെടുക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം നടത്തുന്നതിനോട് എതിരല്ല. രാഷ്ട്രീയ ഉദ്ദേശത്തോടുകൂടി അന്വേഷണം നടത്തുമ്പോള്‍ അത് തുറന്ന് കാണിക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ അല്ല ആരുവന്നാലും ബിജെപിയുടെ മുന്നില്‍ സിപിഐഎം കീഴടങ്ങില്ല. സിബിഐയേ കാട്ടി വിരട്ടാന്‍ വരണ്ട. സിബിഐയുടെ വരവിന് രാഷ്ട്രീയ ഉദ്ദേശമാണെന്നും ്അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ മറികടന്നാണ് സിബിഐ സംസ്ഥാനത്ത് എത്തിയത്. സംസ്ഥാന സര്‍ക്കാരിനെ സിബിഐ ഇരുട്ടില്‍നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷനെ അഗ്നിശുദ്ധി വരുത്താന്‍ വിജിലന്‍സ് മതിയെന്നും കോടിയേരി പറഞ്ഞു.

സ്വര്‍ണ കടത്ത് നടത്തിയ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാന്‍പോലും എന്‍ഐഎക്ക് സാധിച്ചില്ല. സ്വര്‍ണക്കടത്തിന്റെ മറവില്‍ സംസ്ഥാനത്ത് മറ്റ് പലതും ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമാണ് സിബിഐയെ ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണമെന്നും കോടിയേരി പറഞ്ഞു.

ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും കോടിയേരി ആരോപിച്ചു. ‘എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ ബിജെപി ശത്രുവല്ല എന്ന നിലപാട് ലീഗ് സ്വീകരിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിച്ച് ലീഗിന് ആധിപത്യമുള്ള ഒരു സര്‍ക്കാരിനെ ഉണ്ടാക്കണമെന്നാണ് ലീഗിന്റെ ആഗ്രഹം. കഴിഞ്ഞ മന്ത്രിസഭയില്‍ ഗണ്യമാണ് വകുപ്പുകളും നിയന്ത്രണങ്ങളും യുഡിഎഫിനായിരുന്നു. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ഇനി യുഡിഎഫ് ഭരണത്തില്‍വന്നാല്‍ കോണ്‍ഗ്രസിനെക്കാള്‍ സ്ഥാനങ്ങള്‍ ലഭിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. അതിനായി മുസ്ലിം ലീഗാണ് ജമാഅത്തെ ഇസ്ലാമിയുമായി മുന്നണിയുണ്ടാക്കാന്‍ തീരുമാനിച്ചത്. എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാന്‍ അവര്‍ തീരുമാനിച്ചു. ഇത് ലീഗിന് ആധിപത്യമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി യുഡിഎഫും മുന്നണി വിപുലമാക്കാന്‍ എടുത്ത തീരുമാനം ഇത്തരം ശക്തികളെ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ്. ജമാഅത്തെ ഇസ്ലാമിയാണ് ഇന്ന് മുസ്ലിം ലീഗിനെ നയിക്കുന്നത്. ലീഗ് ഇപ്പോഴെടുക്കുന്ന പല തീരുമാനങ്ങളിലും അതിന്റെ പ്രതിഫലനങ്ങളുണ്ട്’, കോടിയേരി പറഞ്ഞു.

യുഡിഎഫ് എംപിമാര്‍ കര്‍ഷകരെ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചതിന് പിന്നാലെ രാജ്യസഭയില്‍നിന്നും സസ്‌പെന്‍ഷനിലായ എംപിമാരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ തയ്യാറായില്ല. രാജ്യസഭയില്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായെന്നും കോടിയേരി വിമര്‍ശിച്ചു.

രാജ്യസഭയിലേത് പോലെ ലോക്‌സഭയില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണ്.

കോര്‍പറേറ്റുകളുടെ കടന്നുകയറ്റം കേരളത്തില്‍ അനുവദിക്കില്ല. കോര്‍പറേറ്റുകള്‍ ഇടതുപക്ഷത്തിനെതിരെ നീങ്ങുകയാണ്. അവര്‍ കേരള രാഷ്ട്രീയത്തില്‍ ഇടപെട്ടുതുടങ്ങി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ അദാനിക്ക് കഴിയുന്നില്ല. ഇടത് സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം അദാനിക്ക് അതിന് കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more