തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാരെ മത്സരിപ്പിക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും താരിഖ് അന്‍വര്‍ അറിയച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കില്ലെന്ന് താരിഖ് അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടത് വിലയിരുത്തി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വം ഇനി മുതലെങ്കിലും ആവശ്യമാണെന്നും ജില്ല, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ പുനസംഘടന ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവരണമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നുവെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പരമ്പരാഗത വോട്ടുബാങ്ക് നിലനിര്‍ത്താന്‍ ശ്രമിക്കാത്തതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ചോര്‍ന്നു. പരമ്പരാഗത വോട്ടുകള്‍ നിലനിര്‍ത്തുന്നതിന് ശ്രമങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
വയനാട്ടിലെ എംപിയായ രാഹുല്‍ഗാന്ധി മണ്ഡലത്തിലെ രാഷ്ട്രീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്ത് പോകണം. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമാകണമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി, ഡിസിസി നേതാക്കളുടെ പ്രതികരണമെടുത്തിരുന്നു.സ്വന്തം ചുറ്റുവട്ടത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പോലും സഹകരിക്കാത്ത നേതാക്കന്മാരുണ്ടെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍ജീവമായ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും.
click on malayalam character to switch languages