1 GBP = 103.65
breaking news

‘ഇവിടെ ജീവിക്കാന്‍ പേടിയാണ്’; ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു

‘ഇവിടെ ജീവിക്കാന്‍ പേടിയാണ്’; ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു

ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ കുടുംബം വീട് വിട്ടുപോകാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ തുടര്‍ച്ചയായ ഭീഷണികളാണ് ഉണ്ടാവുന്നതെന്നും ഇനിയും ഹാത്രസില്‍ തുടരാന്‍ ഭയമാണെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഹാത്രസ് ഉള്‍പ്പെടുന്ന ഭൂല്‍ഗര്‍വി ഗ്രാമം ഉപേക്ഷിച്ച് മറ്റെവിടേക്കെങ്കിലും പോകാനാണ് കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളെല്ലാം വലിയ പേടിയോടെയാണ് തങ്ങള്‍ വീട്ടില്‍ കഴിഞ്ഞതെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും ഇന്ത്യാ ടുഡേയോട് തുറന്നുപറഞ്ഞു. സംഭവത്തിന് ശേഷം തങ്ങളെ സഹായിക്കാന്‍ ഗ്രാമത്തിലുള്ള ആരും തയ്യാറാവുന്നില്ലെന്നും അവര്‍ പറഞ്ഞു.

‘ഇവിടെ ജീവിക്കാന്‍ ഒരു വഴിയും കാണുന്നില്ല. ഏതെങ്കിലും ബന്ധുക്കളുടെ വീട്ടിലേക്ക് പോകാമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം ഇവിടുത്തെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് പേടിയാണ്. ഞങ്ങളെങ്ങോട്ടെങ്കിലും പോവും. കഠിനാധ്വാനം ചെയ്ത് ജീവിക്കും. ഇവിടെ എങ്ങനെ ജീവിച്ചോ ഇനി എത്തിപ്പെടുന്നിടത്തും അങ്ങനെത്തന്നെ ജീവിക്കും’, പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

ഗ്രാമീണരാരും സഹകരിക്കാത്ത സാഹചര്യത്തില്‍ ഹാത്രസില്‍ തുടരുന്നതുകൊണ്ട് കാര്യമില്ലെന്നും ബന്ധുക്കളുടെയോ മറ്റോ അടുത്തേക്ക് മാറാതെ മറ്റ് വഴികളില്ലെന്നും അവര്‍ പറഞ്ഞു.

‘ഞങ്ങള്‍ എങ്ങനെ ജീവിക്കുന്നെന്നോ എന്താണ് സംഭവിച്ചതെന്നോ ആരും ചോദിക്കുന്നുപോലുമില്ല’,

പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ പറഞ്ഞു.

സെപ്തംബര്‍ 14നാണ് ഹാത്രസില്‍ ദളിത് പെണ്‍കുട്ടിയെ ഠാക്കൂര്‍ വിഭാഗക്കാര്‍ കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നാവിനും നട്ടെല്ലിനും മറ്റും മാരക പരിക്കേറ്റ പെണ്‍കുട്ടി ചികിത്സക്കിടെ മരിക്കുകയായിരുന്നു.

മരണശേഷം പെണ്‍കുട്ടിയുടെ മൃതദേംഹം വീട്ടുരകാരുടെ അനുവാദമില്ലാതെ പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് അര്‍ധരാത്രി വയലില്‍ ദഹിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് മൃതദേഹം ദഹിപ്പിച്ചതെന്നാണ് പൊലീസ് വാദിക്കുന്നത്.

ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അസാധാരണവും ഞെട്ടിപ്പിക്കുന്നതുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വിലയിരുത്തിയിരുന്നു. സാക്ഷികളെ സംരക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് സിബിഐക്കോ സുപ്രീംകോടതിയിലേയോ ഹൈക്കോടതിയിലേയോ മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിനോ കൈമാറണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ‘ഈ സംഭവം അസാധാരണവും ഞെട്ടിക്കുന്നതുമാണ്. ഹാത്രസ് കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നതിനായി എന്ത് ചെയ്തു എന്ന് വ്യക്തമാക്കുന്ന സത്യവാങ് മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണം. ഇരയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകനെ ഏര്‍പ്പാടാക്കുന്ന കാര്യത്തിലെ പുരോഗതിയും അറിയിക്കണം’, ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.

യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ര സംഭവത്തെ സംബന്ധിച്ച് തീര്‍ത്തും വ്യത്യസ്തമായ വിവരങ്ങളാണ് കോടതിയില്‍ അറിയിച്ചത്. ‘പലതരം നിരീക്ഷണങ്ങളും വീക്ഷണങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, ആ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നതാണ് സങ്കടകരമായ വസ്തതുത. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം’, തുഷാര്‍ മേത്ര കോടതിയെ അറിയിച്ചു.

സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കേസിന്റെ വിചാരണ യുപിയില്‍നിന്നും മാറ്റണമെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി സാക്ഷികളെ നിലവില്‍ സംരക്ഷിക്കുന്നുണ്ടെന്നും സംരക്ഷണം ഇനിയും തുടരുമെന്നുമാണ് സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്ര പറഞ്ഞത്.

സാമൂഹിക പ്രവര്‍ത്തകന്‍ സത്യാമ ദുബയ്, അഭിഭാഷകരായ വിശാല്‍ താക്കറെ, രുദ്ര പ്രതീപ് യാദവ് എന്നിവരാണ് കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും പ്രതികളം ശിക്ഷിക്കുന്നതില്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വ്യക്തമാക്കി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് സര്‍ക്കാരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ സര്‍ക്കാരിന് പ്രഖ്യാപിത താല്‍പര്യങ്ങളില്ലെന്ന് കാണിക്കാനാണ് ഇതെന്നാണ് സര്‍ക്കാരേെിന്റ വാദം.

സമൂഹമാധ്യമങ്ങളും പത്ര-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില രാഷ്ട്രീയകക്ഷികളും കേസിനെ വര്‍ഗീയ വല്‍ക്കരിക്കാന്‍ പദ്ധതിയിടുകയാണെന്നും സത്യം പുറത്തുകൊണ്ടുവന്ന് കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍നിന്നും വ്യതിചലിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

നിയമവിരുദ്ധമായ അസാധാരണമായ ചില സംഭവങ്ങളും കാരണങ്ങളുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ സംസ്‌കരിക്കുന്നതിലേക്ക് ജില്ലാ ഭരണകൂടത്തെ നയിച്ചത്. കലാപസാധ്യത ഒഴിവാക്കാനാണ് ആ സമയത്ത് കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താതിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് കോടതിയില്‍ ആവര്‍ത്തിച്ച യുപി എഡിജി പ്രശാന്ത് കുമാര്‍ കഴുത്തിലെ മുറിവല്ലാതെ മറ്റൊരു മുറിവും ഇല്ലെന്ന് പെണ്‍കുട്ടിയും അമ്മയും പറയുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ഉണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

എഎംയു ആശുപത്രിയില്‍ ചികിത്സയിലായിരിക്കവെ സെപ്തംബര്‍ 22ന് ബലാത്സംഗത്തിന്റെ വിവരങ്ങള്‍ മൊഴി നല്‍കിരുന്നു. പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിക്കുന്നതിന് മുമ്പാണ് പൊലീസ് എഐആറില്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more