1 GBP = 104.11

ഇന്ത്യക്ക് ആശ്വസിക്കാം – മൊഡേണ വാക്‌സിന് റഫ്രിജറേറ്റർ താപനില മതി; ശീതീകരണം വേണ്ടാത്ത വാക്സിൻ വികസിപ്പിക്കാൻ റഷ്യ

ഇന്ത്യക്ക് ആശ്വസിക്കാം – മൊഡേണ വാക്‌സിന് റഫ്രിജറേറ്റർ താപനില മതി; ശീതീകരണം വേണ്ടാത്ത വാക്സിൻ വികസിപ്പിക്കാൻ റഷ്യ

ന്യൂഡൽഹി: അമേരിക്കയിലെയും റഷ്യയിലെയുമൊക്കെ കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ വിജയകരമാണെന്ന വാർത്തകൾ പുറത്തു വരുമ്പോൾ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശങ്കപ്പെടുത്തിയിരുന്നൊരു കാര്യമുണ്ട് – ശീതീകരണ സംവിധാനത്തിൻ്റെ അപര്യാപ്തത. അമേരിക്കൻ കമ്പനിയായ ഫൈസറിൻ്റെ വാക്സിൻ മൈനസ് 70 ഡിഗ്രി സേൽഷ്യസിലും റഷ്യയുടെ സ്പുട്നിക് വാക്സിൻ മൈനസ് 18 ഡിഗ്രി സേൽഷ്യസിലുമാണ് സൂക്ഷിക്കേണ്ടത്.

ഇതൊരു വെല്ലുവിളിയായി കരുതപ്പെടുമ്പോൾ അമേരിക്കൻ കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് സാധാരണ റഫ്രിജേറ്ററർ താപനില മതിയാകുമെന്ന വാർത്ത ആശ്വാസകരമാകുകയാണ്. 30 ദിവസം വരെ റഫ്രിജേറ്ററുകളിൽ വാക്സിൻ സൂക്ഷിക്കാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. മൈനസ് 20 ഡിഗ്രി സേൽഷ്യസിൽ ആറ് മാസം വരെയും സൂക്ഷിക്കാം.

യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ വികസിപ്പിക്കുന്ന തങ്ങളുടെ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് മൊഡേണ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. മൊഡേണ വാക്സിൻ കൊവിഡിനെതിരെയുള്ള ഫലപ്രദവും സുരക്ഷിതവുമായ ആദ്യ വാക്സിനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആഴ്ചകൾക്കുള്ളിൽ യു.എസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ ഇവർ സമർപ്പിക്കും. വർഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകൾ കയറ്റി അയയ്ക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത വാക്സിൻ വികസിപ്പിച്ചെടുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനവും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസമാണ്. സ്പുട്നിക് വാക്സിൻ്റെ റഫ്രിജറേഷൻ താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്ന വകഭേദമായിരിക്കും ഇതെന്ന് കരുതപ്പെടുന്നു.

അതേസമയം , റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് 5 ഇന്ത്യയിലടക്കം ഉത്പാദിപ്പിക്കാൻ ആലോചിക്കുന്നുവെന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ്റെ പ്രസ്താവനയും ഇന്ത്യക്ക് സന്തോഷിക്കാൻ വക നൽകുന്നുണ്ട്. സ്പുട്നിക് ഉത്പാദനത്തിനായി റഷ്യ പരിഗണിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയുമുണ്ട്. ബ്രിക്സ് രാജ്യങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ വാക്സിൻ ഗവേഷണ കേന്ദ്രങ്ങളുടെ നിർമാണം വേഗത്തിലാക്കാനും പുടിൻ നിർദേശിച്ചിട്ടുണ്ട്.

അതിനിടെ, യു.എസിലെ നാലുസംസ്ഥാനങ്ങളിൽ ഫൈസർ തങ്ങളുടെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൻ്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. ടെക്സാസ്, ന്യൂമെക്സികോ, ടെന്നിസി, റോഡ്ഐലൻഡ് എന്നീ സംസ്ഥാനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിൽ 90 ശതമാനം കാര്യക്ഷമമാണ് ഫൈസർ വാക്സിനെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. 100 ദശലക്ഷം ഡോസുകളുടെ വിതരണ കരാറാണ് യു.എസ് സർക്കാരുമായി ഫൈസർ ഉണ്ടാക്കിയിരിക്കുന്നത്.ജനുവരിയിൽ കോവിഡ് വാക്സിൻ വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. ജനുവരിയോടെ അന്തിമ അനുമതികൾ നേടി വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസ് മുന്നൊരുക്കങ്ങൾ നടത്തുന്നത്.

വാക്സിനെടുക്കാൻ ഫ്രാൻസിലെ ലക്ഷക്കണക്കിനുപേർ വിമുഖത കാട്ടുവെന്ന വെളിപ്പെടുത്തലുകൾ സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുമുണ്ട്. ഫ്രാൻസിലെ 59 ശതമാനം പേർ മാത്രമാണ് വാക്സിനെടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതെന്ന് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സർവേയിൽ വ്യക്തമായിരുന്നു. 1.5 ബില്യൺ യൂറോ (1.77 ബില്യൺ അമേരിക്കൻ ഡോളർ) ആണ് ഫ്രാൻസ് വാക്സിൻ വാങ്ങുന്നതിനായി വകയിരുത്തിയിട്ടുള്ളത്. 

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 50 കോവിഡ് വാക്സിനുകളുടെ പരീക്ഷണം നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതിൽ പതിനൊന്നെണ്ണം വാക്സിൻ ഗവേഷണത്തിൻ്റെ അവസാനഘട്ടമെന്ന് കരുതപ്പെടുന്ന മൂന്നാം ഘട്ടത്തിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more