1 GBP = 103.89
breaking news

ആരോപണങ്ങളിൽ ഉറച്ച് വനിതാ മാദ്ധ്യമ പ്രവർത്തകർ, നിയമനടപടിയെന്ന് എം.ജെ.അക്ബർ

ആരോപണങ്ങളിൽ ഉറച്ച് വനിതാ മാദ്ധ്യമ പ്രവർത്തകർ, നിയമനടപടിയെന്ന് എം.ജെ.അക്ബർ

ന്യൂഡൽഹി: മീ ടൂ കാമ്പെയിനിലൂടെ ഉന്നയിക്കപ്പെട്ട ലൈംഗികാരോപണങ്ങൾ തള്ളിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ നിലപാട് കടുപ്പിച്ച് വനിതാ മാദ്ധ്യമ പ്രവർത്തകർ രംഗത്ത്. അക്ബറിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി അഞ്ച് മാദ്ധ്യമപ്രവർത്തകർ വ്യക്തമാക്കി. തങ്ങൾ അവസാനം വരെ പോരാടുമെന്നും അവർ വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകനായിരിക്കെ അക്ബർ തങ്ങളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് വിദേശ വനിതാ മാദ്ധ്യമപ്രവർത്തകരുൾപ്പെടെ വെളിപ്പെടുത്തിയത്. ഒക്ടോബർ എട്ടിന് പ്രമുഖ മാദ്ധ്യമപ്രവർത്തക പ്രിയാരമണിയാണ് ആരോപണത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 12 മാദ്ധ്യമപ്രവർത്തകർ കൂടി രംഗത്തെത്തുകയായിരുന്നു.

ഏഷ്യൻ ഏജ് റെസിഡന്റ് എഡിറ്ററായ സുപർണ ശർമ തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഒരു ദേശീയ ദിനപത്രത്തോട് വ്യക്തമാക്കി. ഒരിക്കൽ അക്ബർ എന്റെ ബ്രേസിയറിന്റെ ക്ളിപ്പിൽ കയറിപ്പിടിച്ചു. മറ്റൊരിക്കൽ എന്റെ മാറിടങ്ങളിലേക്ക് തുറിച്ചു നോക്കി. ഇതേ പ്രവൃത്തി അയാൾ ഓഫീസിലെ മറ്റൊരു സ്ത്രീയോടും കാണിച്ചു. ഇത് വലിയൊരു പോരാട്ടത്തിന്റെ തുടക്കമാണ്. ഇനി നിയമനടപടിയും സ്വീകരിക്കും – സുപർണ പറ‍ഞ്ഞു.

അതേസമയം,​ വിദേശസന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ എം.ജെ.അക്ബർ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപണങ്ങൾ എം.ജെ.അക്ബർ നിഷേധിച്ചിരുന്നു. നീചമായ ആരോപണങ്ങൾ തന്റെ സൽപ്പേരിന് തീരാകളങ്കമുണ്ടാക്കിയെന്നും ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസ് നൽകുമെന്നും അക്ബർ വ്യക്തമാക്കി.

ഒരു വർഷം മുൻപ് ഒരു ലേഖനത്തിലൂടെ പ്രിയാരമണിയാണ് ഈ കാമ്പെയിൻ തുടങ്ങിയത്. അതിൽ തന്റെ പേര് പറഞ്ഞിരുന്നില്ല. ഞാൻ ഒന്നും ചെയ്യാത്തതു കൊണ്ടാണ് എന്റെ പേര് പറയാതിരുന്നതെന്ന് അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഞാൻ ഒന്നും ചെയ്തിട്ടില്ലെങ്കിൽ എന്താണ് സ്റ്റോറി? ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യത്തിൽ വ്യംഗ്യാർത്ഥങ്ങളുടെയും ഊഹാപോഹങ്ങളുടെയും അധിക്ഷേപത്തിന്റെയും കടൽ സൃഷ്ടിച്ചിരിക്കുകയാണെന്നും അക്ബർ പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more