1 GBP = 103.61
breaking news

അവസാന 80 മീറ്ററിലെ കുതിപ്പില്‍ സ്വര്‍ണം; അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി ഹിമാദാസ്

അവസാന 80 മീറ്ററിലെ കുതിപ്പില്‍ സ്വര്‍ണം; അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി ഹിമാദാസ്

ഫിന്‍ലാന്‍ഡ്: ഏതാനും മാസങ്ങള്‍ക്കു മുന്‍പുമാത്രം ട്രാക്കിലിറങ്ങിയ പെണ്‍കുട്ടി. അതും അസാമാന്യ പ്രകടനമൊന്നും ഇതിനു മുന്‍പ് കാഴ്ചവച്ചിട്ടുമില്ല. ഓട്ടം തുടങ്ങിയപ്പോള്‍ മുതല്‍ ട്രാക്കില്‍ ഏറ്റവും പിന്നിലായിരുന്ന ആ കുട്ടിയെ ആരും ശ്രദ്ധിച്ചുമില്ല. എന്നാല്‍ അവള്‍ സ്വര്‍ണത്തിലേക്ക് കുതിച്ച് ചരിത്രം കുറിക്കുകയായിരുന്നു. പതിനെട്ടുകാരിയായ ആ പെണ്‍കുട്ടിയാണ് ഹിമ ദാസ്.

സുവര്‍ണനേട്ടത്തോടെ അത്ലറ്റിക്സിന്റെ ട്രാക്കില്‍ ചരിത്രമെഴുതിയിരിക്കുകയാണ് അസംകാരിയായ ഹിമാ ദാസ്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയാണ് ഹിമ സ്വന്തമാക്കിയിരിക്കുന്നത്. അണ്ടര്‍ 20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍400 മീറ്ററിലാണ് ഹിമ ദാസ് സ്വര്‍ണംനേടിയത്. 51.46 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ഒന്നാമതെത്തിയത്. 52.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത റൊമാനിയന്‍ താരം ആന്‍ഡ്രിയ മിക്ലോസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 52.28 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ അമേരിക്കയുടെ ടെയ്ലര്‍ മാന്‍സര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. തുടക്കത്തില്‍ പിന്നിലായിപ്പോയ ഹിമ അവസാന 80 മീറ്ററുകളില്‍ കുതിക്കുകയായിരുന്നു.

അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഹിമ. 2016 ല്‍ ല്‍ നടന്ന അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ നീരജ് ചോപ്രയാണ് ഇതിന് മുന്‍പ് ഇതേ നേട്ടം കൈവരിച്ചത്.

ഹിമയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ‘അണ്ടര്‍ 20 ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഹിമ ദാസ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. ഹിമയുടെ നേട്ടം വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് ഭാവിയിലേക്ക് എല്ലാ പ്രചോദനവും നല്‍കുമെന്ന് പ്രധാനമന്ത്രി കുറിച്ചു.

കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റത്തോഡും ഹിമയെ അഭിനന്ദനമറിയിച്ചു. ലോകചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 20 വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ അത്‌ലീറ്റാണ് ഹിമയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിമ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ഗാന്ധി, അമിതാഭ് ബച്ചന്‍ തുടങ്ങിയവരും ഈ പെണ്‍കുട്ടിയെ അഭനന്ദിച്ചു.

ആദ്യ റൗണ്ട് ഹീറ്റ്‌സ് 52.25 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയ ഹിമ, സെമിയില്‍ 52.10 െസക്കന്‍ഡില്‍ ഓടിയെത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ ഹിമ മല്‍സരിച്ചിരുന്നു. എന്നാല്‍ അന്ന് ആറാം സ്ഥാനമായിരുന്നു. ഗുവാഹത്തിയില്‍ നടന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പില്‍ ഹിമ 51.13 സെക്കന്‍ഡില്‍ ഓടിയെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more