1 GBP = 103.01
breaking news

സീറ്റുവിഭജനം: എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

സീറ്റുവിഭജനം: എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

സീറ്റുവിഭജനത്തിനായുള്ള എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. സിപിഐഎം-സിപിഐ ചര്‍ച്ചയായിരിക്കും ആദ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സിപിഐഎമ്മിന്റെ ജില്ലാകമ്മിറ്റി യോഗങ്ങളും നാളെ മുതല്‍ ആരംഭിക്കും. ബുധനാഴ്ച സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയും ചേരുന്നുണ്ട്.

പത്തുദിവസത്തിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുന്ന വിധത്തില്‍ സീറ്റുവിഭജന, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഐഎം നേതാക്കളും കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഐ നേതാക്കളും കൂടിക്കാഴ്ച നടത്തും. എല്‍ഡിഎഫ് യോഗത്തിന്റെ തീയതി ഈ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനിക്കുക. കേരളാ കോണ്‍ഗ്രസ് എമ്മുമായും നാളെത്തന്നെ ചര്‍ച്ചയുണ്ടാകും. തുടര്‍ന്നു രണ്ടുദിവസത്തിനുള്ളില്‍ മറ്റുഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കും.

വെള്ളിയാഴ്ചയ്ക്കു മുന്‍പ് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഔദ്യോഗികമായി സീറ്റുവിഭജനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഓരോ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പാനല്‍ തയാറാക്കാനാണ് സിപിഐഎം ജില്ലാ കമ്മിറ്റികള്‍ നാളെ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ചേരുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്കും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്കും സീറ്റ് നല്‍കേണ്ടെന്നാണ് സിപിഐഎം തീരുമാനം. ഇതുപാലിച്ചായിരിക്കും ജില്ലകളില്‍ നിന്നുള്ള സാധ്യതാപട്ടിക തയാറാക്കുക. എന്നാല്‍ വിജയസാധ്യത മുന്‍നിര്‍ത്തി ചിലര്‍ക്ക് ഇളവുണ്ടാകും.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതി ഈ പട്ടിക പരിശോധിച്ച് വേണ്ട ഭേദഗതികള്‍ നിര്‍ദേശിക്കും. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാടാണ് സിപിഐക്കുള്ളത്. ഇതില്‍ ഇളവിന് സാധ്യത വിരളം. ബുധനാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയക്ക് തുടക്കം കുറിക്കും. ജില്ലാ നിര്‍വാഹക സമിതിയുടെ നിര്‍ദേശം കൂടി പരിശോധിച്ച് സംസ്ഥാന കൗണ്‍സിലായിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുക. പ്രകടനപത്രിക തയാറാക്കാനുള്ള ഉപസമിതിയും അടുത്തദിവസങ്ങളില്‍ യോഗം ചേരുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more