1 GBP = 94.43
breaking news

യൂറോകപ്പ് യോഗ്യത മത്സരം; ബൾഗേറിയയെ തറപറ്റിച്ച് ഇംഗ്ലണ്ട്; പോർച്ചുഗലിനെ ഞെട്ടിച്ച് ഉക്രെയ്ൻ

യൂറോകപ്പ് യോഗ്യത മത്സരം; ബൾഗേറിയയെ തറപറ്റിച്ച് ഇംഗ്ലണ്ട്; പോർച്ചുഗലിനെ ഞെട്ടിച്ച് ഉക്രെയ്ൻ

അടുത്ത വർഷം നടക്കുന്ന യൂറോകപ്പിന് ഇംഗ്ലണ്ട് യോഗ്യതക്ക് തൊട്ടരികിലെത്തി. ആറു ഗോളിന് ബൾഗേറിയയെ തകർത്താണ് ഗാരത് സൗത്ത്‌ഗേറ്റിന്റ സംഘം വൻകരയുടെ ടൂർണമെന്റിൽ ഏറെക്കുറെ ഇടമുറപ്പിച്ചത്. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഉക്രെയ്‌നോട് തോറ്റപ്പോൾ ലോകചാമ്പ്യന്മാരായ ഫ്രാൻസ് തുർക്കിയോട് സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങി.

ഗാലറിയിൽ നിന്നുള്ള വംശീയ അധിക്ഷേപങ്ങളും നാസി സല്യൂട്ടും കാരണം രണ്ടുതവണ നിർത്തിവെച്ച മത്സരത്തിലാണ് ഇംഗ്ലണ്ട് ആറു ഗോളിന് ജയിച്ച് യോഗ്യത ഉറപ്പാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനോട് തോറ്റ് സമ്മർദത്തിലായിരുന്ന ഇംഗ്ലണ്ടിനു വേണ്ടി റഹീം സ്റ്റർലിങ്, റോസ് ബാർക്ലി എന്നിവർ രണ്ടുവീതവും മാർക്കസ് റാഷ്‌ഫോഡ്, ഹാരി കെയ്ൻ എന്നിവർ ഓരോന്നു വീതവും ഗോളുകൾ നേടി. 7-ാം മിനുട്ടിൽ റാഷ്‌ഫോഡ് ആണ് അക്കൗണ്ട് തുറന്നത്. ആദ്യപകുതിക്ക് പിരിയുമ്പോൾ സന്ദർശകർ നാലു ഗോളിന് മുന്നിലായിരുന്നു.

ഗാലറിയുടെ മോശം പെരുമാറ്റം കാരണം ആദ്യപകുതിയിൽ രണ്ടുതവണ മത്സരം നിർത്തിവെച്ചു. രണ്ടാംപകുതിയിലും സംഭവം ആവർത്തിച്ചെങ്കിലും റഫറി ഫിഫയുടെ നിർദേശം പാലിക്കാതെ മത്സരവുമായി മുന്നോട്ടുപോയത് വിവാദമായി. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റെങ്കിലും നേടാനായാൽ ഇംഗ്ലണ്ടിന് യൂറോകപ്പ് കളിക്കാം.

യോഗ്യതാ റൗണ്ടിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ആറും ജയിച്ച ഉക്രെയ്ൻ ഒന്നിനെതിരെ രണ്ടു ഗോളിന് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ വീഴ്ത്തി യോഗ്യത ഉറപപ്പാക്കി. ആറാം മിനുട്ടിൽ ഗോൾകീപ്പർ തട്ടിയകറ്റിയ പന്ത് വലയിലെത്തിച്ച് റോമൻ യെരംചുക് ആണ് ഉക്രെയ്‌നെ മുന്നിലെത്തിച്ചത്. 27-ാം മിനുട്ടിൽ മിക്കോലെങ്കോയുടെ ക്രോസ് വലയിലെത്തിച്ച് ആന്ദ്രി യർമോലെങ്കോ ലീഡുയർത്തി. 71-ാം മിനുട്ടിൽ ഉക്രെയ്ൻ താരം ബോക്‌സിൽ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ തിരിച്ചുവരവിന്റെ സൂചന നൽകി.

ഇതോടെ പ്രൊഫഷണൽ കരിയറിൽ 700 ഗോൾ എന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കി. രാജ്യത്തിനും ക്ലബ്ബിനുമായി 700 ഗോളുകൾ നേടുന്ന നാലാമത്തെ മാത്രം താരമാണ് ക്രിസ്റ്റിയാനോ. രാജ്യത്തിനു വേണ്ടി 95-ഉം വിവിധ ക്ലബ്ബുകൾക്കായി 605-ഉം ഗോളുകളാണ് ഏഴാം നമ്പർ താരം സ്വന്തമാക്കിയത്.

അവസാന മിനുട്ടുകളിൽ പോര്‍ച്ചുഗല്‍ ആക്രമണം ശക്തമാക്കിയെങ്കിലും പ്രതിരോധത്തിലൂന്നി ആതിഥേയർ അപകടമൊഴിവാക്കി. മൂന്ന് അപകടകരമായ ഫ്രീകിക്കുകളും ലോങ് റേഞ്ചറും ഹെഡ്ഡറുമടക്കം ക്രിസ്റ്റിയാനോ ഉയർത്തിയ ഭീഷണി ഉക്രെയ്ൻ മറികടന്നപ്പോൾ ഇഞ്ചുറി ടൈമിൽ ഡാനിലോയുടെ കരുത്തുറ്റ ഷോട്ട് ക്രോസ്ബാറിൽ തട്ടിമടങ്ങിയത് പറങ്കികൾക്ക് തിരിച്ചടിയായി.

ഗ്രൂപ്പ് ബിയിൽ 19 പോയിന്റുമായാണ് ഉക്രെയ്ൻ യോഗ്യത ഉറപ്പാക്കിയത്. 11 പോയിന്റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ലിത്വാനിയയെ തോൽപ്പിച്ച് സെർബിയ 10 പോയിന്റുമായി തൊട്ടുപിന്നിലെത്തി.

സ്വന്തം തട്ടകത്തിൽ ജയിച്ച് യോഗ്യത ഉറപ്പാക്കാനിറങ്ങിയ ഫ്രാൻസിനെ സമനിലയിൽ തളച്ച് തുർക്കി എച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തി. 76-ാം മിനുട്ടിൽ ഗ്രീസ്മന്റെ അസിസ്റ്റിൽ ഒലിവർ ജിറൂദ് ലോകചാമ്പ്യന്മാരെ മുന്നിലെത്തിച്ചെങ്കിലും 81-ാം മിനുട്ടിൽ കാൻ അയ്ഹൻ തുർക്കിയെ ഒപ്പമെത്തിക്കുകയായിരുന്നു. ഇരുടീമുകൾക്കും 19 പോയിന്റ് വീതമുണ്ടെങ്കിലും ഗോൾവ്യത്യാസത്തിൽ തുർക്കിയാണ് ഒന്നാം സ്ഥാനത്ത്. അൻഡോറയെ കീഴടക്കിയ ഐസ്‌ലാന്റ് 15 പോയിന്റോടെ മൂന്നാം സ്ഥാനത്തുള്ളതിനാൽ അടുത്ത രണ്ട് മത്സരങ്ങൾ എല്ലാ ടീമുകൾക്കും നിർണായകമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more