തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി യു.എ.ഇ റെഡ്ക്രസൻറ് പണം കൈമാറിയതായി കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ കണ്ടെത്താനായില്ല. യു.എ.ഇ കോണ്‍സുലേറ്റിെൻറ പേരിൽ സ്വകാര്യബാങ്കിലുള്ള അക്കൗണ്ടുകൾ വഴി റെഡ്ക്രസൻറ് പണം കൈമാറിയെന്നും അത് യൂനിടാക്കിനുൾപ്പെടെയുള്ളവർക്ക് നൽകിയെന്നുമാണ് സ്വർണക്കടത്ത് കേസ് പ്രതികൾ മൊഴി നൽകിയത്. എന്നാൽ, യു.എ.ഇ കോൺസുലേറ്റിെൻറ അക്കൗണ്ടിലേക്ക് റെഡ്ക്രസൻറ് പണം നിക്ഷേപിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതവരുത്താൻ സാധിച്ചില്ല.
യു.എ.ഇ കോൺസുലേറ്റിെൻറ അക്കൗണ്ടില്‍നിന്ന് യൂനിടാക്കിെൻറ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്ക് 13 കോടി രൂപ കൈമാറിയെന്ന് വിജിലൻസ് കണ്ടെത്തി. ആദ്യം ഏഴുകോടി രൂപയും പിന്നീട് വിവിധഘട്ടങ്ങളിലായി ബാക്കി തുകയും കൈമാറി. യു.എ.ഇ കോണ്സുലേറ്റിെൻറയോ യൂനിടാക്കിെൻറയോ അക്കൗണ്ടിലേക്ക് റെഡ്ക്രസൻറ് പണം കൈമാറിയതിന് വിജിലന്‍സിന് തെളിവ് ലഭിച്ചിട്ടില്ല. എന്നാൽ, റെഡ്ക്രസൻറ് പണം കൈമാറിയത് അന്വേഷിക്കാൻ വിജിലൻസിന് ഇപ്പോൾ സാധിക്കില്ല. ഇൗ വിഷയത്തിൽ നയതന്ത്ര ഇടപെടല്‍ ആവശ്യമാണെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. അതിനാൽ സംസ്ഥാന സര്‍ക്കാർ വഴി കേന്ദ്രസര്‍ക്കാറില്‍നിന്ന് വിവരം ശേഖരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇക്കാര്യം ഉന്നയിച്ചുള്ള കത്ത് വിജിലന്‍സ് ഡയറക്ടര്‍വഴി സര്‍ക്കാറിന് കൈമാറുമെന്ന് അറിയുന്നു.
സ്വർണക്കടത്ത് കേസ് പ്രതികളുടെ സാമ്പത്തിക ഇടപാട്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ കാര്യങ്ങളിൽ പരിശോധന തുടരുകയാണ്. യു.എ.ഇ കോൺസുലേറ്റിെൻറ അക്കൗണ്ടിലേക്ക് എവിടെനിന്നൊക്കെ പണം വന്നെന്നും അത് ആരുടെയൊക്കെ അക്കൗണ്ടുകളിലേക്ക് പോയെന്നും ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
click on malayalam character to switch languages