1 GBP = 102.88
breaking news

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ ​കസ്റ്റഡിയിൽ

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ ​കസ്റ്റഡിയിൽ

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. മാന്നാർ സ്വദേശി പീറ്ററിനെയാണ്​ കസ്റ്റഡിയിലെടുത്തത്​. പീറ്ററാണ്​ അക്രമി സംഘത്തിന്​ വീട്​ കാണിച്ചുകൊടുത്തതെന്ന്​ പൊലീസ്​ അറിയിച്ചു.

തിങ്കളാഴ്​ച പുലർച്ചയാണ്​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ച്​ വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കി യുവതിയെ തട്ടിക്കൊണ്ടുപോയത്​. മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന്​ സമീപം വിസ്മയ വിലാസത്തിൽ (കോട്ടുവിളയിൽ) ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ്​ (39) തട്ടിക്കൊണ്ടുപോയത്​. തുടർന്ന്​ ഇവരെ വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിട്ടു. ഇവർ വടക്കഞ്ചേരി പൊലീസ്​ സ്​റ്റേഷനിൽ അഭയം തേടുകയായിരുന്നു.

സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം തിങ്കളാഴ്ച രാത്രി അറിയിച്ചിരുന്നു. ഇവർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ്​ സംഘമെന്നാണ്​ സൂചന. യുവതിക്ക്​ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും പൊലീസിന്​ സൂചന ലഭിച്ചിട്ടുണ്ട്​. സ്വർണക്കടത്തിലെ കണ്ണിയാണ്​ ഇവരെന്നാണ്​ സംശയിക്കുന്നത്​.

ദുബൈയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യറായിരുന്ന ബിന്ദു ലോക്​ഡൗണിനുമു​മ്പ്​ നാട്ടിലെത്തിയതാണ്​. തിരികെ പോകാൻ കഴിയാതിരുന്നതിനാൽ ജോലി നഷ്​ടപ്പെട്ടു. പുതിയ ജോലി അന്വേഷിച്ച്​ സന്ദർശകവിസയിൽ പോയി 39ാം ദിവസമായ വെള്ളിയാഴ്ചയാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്​.

അന്ന്​ രാത്രി 9.30ന്​ വീട്ടിലെത്തിയ ഏഴംഗ സംഘം തങ്ങളെ വഞ്ചിക്കാതെ സാധനം തരാൻ ആവശ്യപ്പെട്ടു. താനെടുത്തിട്ടില്ലെന്ന്​ സത്യം ചെയ്തതോടെ ആളുമാറിപ്പോയതാണെന്നു പറഞ്ഞ്​ തിരികെപ്പോയി. ഒരു മണിക്കൂർ കഴിഞ്ഞ് ഇതേ കാര്യങ്ങൾ ചോദിച്ച്​ ഫോൺ വന്നു. ശനിയാഴ്ച രാത്രി 9.30ഒാടെ രണ്ടുപേർ ബൈക്കിലെത്തി. കതക്​ തുറക്കുന്ന ശബ്​ദം കേട്ടതോടെ വാഹനം ഓടിച്ചുപോയി.

തിങ്കളാഴ്ച പുലർച്ച 1.30ഒാടെ 20 ഓളം പേരടങ്ങുന്ന സംഘം വീടുവളഞ്ഞു. ആയുധങ്ങളുമായി രണ്ട്​ വാഹനത്തിലായാണ് ഇവർ വന്നത്. മുൻവാതിൽ വെട്ടിപ്പൊളിച്ച്​ അകത്തുകയറി. ഡൈനിങ്​ ടേബിൾ വെട്ടിപ്പൊളിച്ച്​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. സഹോദരൻ ബിനു, സുഹൃത്ത്​ സുമേഷ്​ എന്നിവർക്കൊപ്പം ഹാളിൽ കിടക്കുകയായിരുന്നു ബിനോയി.

സംഘം ഇദ്ദേഹത്തെ ആക്രമിക്കുമെന്ന്​ മനസ്സിലാക്കിയ ബിനുവും സുമേഷും ചേർന്ന്​ ബിനോയിയെ മുറിക്കകത്താക്കി കതകടച്ചു. ഇതിനിടെ, മുറിയിൽനിന്ന്​ പുറത്തിറങ്ങിയ ബിന്ദുവി​െൻറ സഹോദരൻ ബിജുവിനെ വായിൽ തുണി തിരുകി കഴുത്തിൽ കത്തിവെച്ച്​ സംഘം മറ്റൊരു മൂലയിലേക്ക്​ കൊണ്ടുപോയി. മാതാവായ 70കാരി ജഗദമ്മ പൊലീസിനെ വിളിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി മുഖത്തടിച്ച്​ തള്ളിമാറ്റിയശേഷം ബിന്ദുവിനെ പിടികൂടി കണ്ണും വായും മൂടിക്കെട്ടി കൈകാലുകൾ ബന്ധിച്ച്​ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more