1 GBP = 103.96

മരുന്ന് തിരികെവിറ്റ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് സസ്പെൻഷൻ

മരുന്ന് തിരികെവിറ്റ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് സസ്പെൻഷൻ

ഗാന്ധിനഗർ: ശസ്ത്രക്രിയക്ക് മുൻപ് രോഗിയെ മയക്കുന്നതിനുള്ള 3000 രൂപയോളം വില വരുന്ന മരുന്ന് രോഗിയുടെ ബന്ധുവിനെ കൊണ്ടു വാങ്ങിപ്പിക്കുകയും, ഉപയോഗിക്കാതിരുന്ന ഈ മരുന്ന് തീയറ്ററിൽ ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ജീവനക്കാരി ഭർത്താവ് മുഖേന തിരികെ വിൽപന നടത്തിയ സംഭവത്തിൽ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന ശസ്ത്രക്രിയാ വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന കോഴഞ്ചേരി സ്വദേശിനി റോസ് ലിയെയാണ് അന്വേഷണ വിധേയമായി ആശുപത്രി സൂപ്രണ്ട് ഡോ. റ്റി.കെ ജയകുമാർ സസ്പെൻറ് ചെയ്തത്.

വെള്ളിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രി അസ്ഥിരോഗത്തിലാണ് സംഭവം. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു രോഗിക്ക് ഡോക്ടർമാർ വെള്ളിയാഴ്ച (8ന്) ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ശസ്ത്രക്രിയക്ക് മുൻപ് കൈ മരവിപ്പിക്കുന്നതിനുള്ള മരുന്ന് കുറിച്ച് നൽകി. രോഗിയുടെ ബന്ധുക്കൾ, മോർച്ചറി ഗെയിറ്റിന് എതിർ ഭാഗത്ത് തമിഴ്നാട് സ്വദേശികൾ നടത്തുന്ന പ്രമുഖ ഹോട്ടലിന് സമീപമുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന വാങ്ങി. തുടർന്ന് ശസ്ത്രക്രിയാ തീയറ്ററിൽ ഡ്യൂട്ടിയുള്ള നഴ്സിങ് അസിസ്റ്റന്‍റ് ജീവനക്കാരിയെ മരുന്നു ഏൽപിച്ചു.

മരുന്നു നൽകിയപ്പോൾ കടയുടെ ലേബിൽ കൂടി തരാൻ ജീവനക്കാരി ആവശ്യപ്പെടുകയും രോഗിയുടെ ബന്ധുക്കൾ അത് നൽകുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം, രോഗിയുടെ ബന്ധുക്കൾ ജീവനക്കാരിയോട് ബിൽ കൈപ്പറ്റിയതെന്തിനാണെന്ന് ചോദിച്ചപ്പോൾ അവർ തട്ടിക്കയറി. സംശയം തോന്നിയ ഇവർ മരുന്നു ഷോപ്പിൽപ്പോയി അന്വേഷിച്ചുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് ആശുപത്രി അധികൃതർക്ക് പരാതി നൽകി. 

പരാതിയെ തുടർന്ന് തിങ്കളാഴ്ച ആർ.എം.ഒ ഡോ: ആർ.പി. രഞ്ചിൻ നേരിട്ട് മരുന്നു കടയിലെത്തി അന്വേഷണം നടത്തുകയും ഇവരുടെ സി.സി.ടിവി പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് തിയറ്ററിലേക്ക് വാങ്ങിയ മരുന്ന് തിരികെ കൊണ്ടുവന്നു ജീവനക്കാരിയുടെ ഭർത്താവ് മറിച്ചു വിറ്റതാണെന്ന് ബോധ്യപ്പെടുകയും ചെയ്തത്. തുടർന്ന് ജീവനക്കാരി ഏതെന്ന് കണ്ടുപിടിക്കുവാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ ആഴ്ചയിൽ ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടി ചെയ്ത മുഴുവൻ ജീവനക്കാരികളേയും തിരിച്ചറിയൽ പരേഡിന് വിധേയമാക്കി. ഇതിലൂടെ ആരോപണവിധേയായ ജീവനക്കാരിയെ രോഗിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. 

ഇതേതുടർന്ന് ജീവനക്കാരിയോട് വിശദീകരണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ കത്ത് നൽകുകയും അന്വേഷണത്തിൽ പരാതി ശരിയെന്ന് ബോധ്യപ്പെട്ടതിനാൽ സർവീസിൽ നിന്നും സസ്പെന്‍റ് ചെയ്യുകയായിരുന്നു. ഈ ജീവനക്കാരി സമാനമായ നിരവധി കേസ് ഇതിനു മുൻപും ഇത്തരത്തിലുള്ള പ്രവൃത്തികൾ ആവർത്തിച്ചിട്ടുള്ളതായി ആക്ഷേപമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more