1 GBP = 103.33

മദർ തെരേസയെ അപമാനിക്കുന്നത് മതമൗലികവാദികൾ.. … കാരൂർ സോമൻ

മദർ തെരേസയെ അപമാനിക്കുന്നത് മതമൗലികവാദികൾ.. … കാരൂർ സോമൻ
“ഈ മഹതിയുടെ മുൻപിൽ നാം എത്ര നിസ്സാരരാണ്”.  ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉരുക്കുവനിതയുമായിരുന്ന  ഇന്ദിര ഗാന്ധി നെഹ്‌റു അവാർഡ് കൊടുത്തുകൊണ്ട് മദർ തെരേസയെപ്പറ്റി പറഞ്ഞ വാക്കുകളാണ്. ലോകം ആരാധിക്കുന്ന മദറിനെ മറ്റുള്ളവർ വിളിച്ചിരുന്നത് അഗതികളുടെ അമ്മ, പാവങ്ങളുടെ അമ്മ എന്നാണ്. വർണ്ണ -വർഗ്ഗ വിത്യാസമില്ലാതെ അഗതികൾക്ക്, രോഗികൾക്ക്, അനാഥ കുഞ്ഞുങ്ങൾക്ക് ആരോരുമില്ലാത്തവർക്ക് അമ്മ ആശ്വാസമായിരുന്നു. അത് ഈശ്വരൻ്റെ പേരിൽ സുഗന്ധപൂരിതമായ ആശ്രമപരിസരത്തോ, തിളക്കമാർന്ന ശുഭ്രവർണ്ണം പൂണ്ടുനിൽക്കുന്ന അത്യന്ത൦ വർണ്ണോജ്വലമായ മട്ടുപ്പാവുകളിലോ, മറ്റുള്ളവർക്ക് ദർശനം നൽകി അധികാരവർഗ്ഗത്തിനൊപ്പമിരുന്നു  മുഖസ്തുതി പറഞ്ഞു കരഘോഷം മുഴക്കി മാധ്യമപ്പടയക്കും  ചാനലുകൾക്കും വിരുന്നു നൽകി മാലോകരുടെ മുന്നിൽ  മാന്യരായി, ദിവ്യരായി പുകഴ്ത്തുന്നതോ, മറ്റുള്ളവരുടെ കവിൾത്തടസ്പര്ശത്താൽ പുളകമണിയുന്നതോ, സൗന്ദര്യപ്പൊലിമ നിറഞ്ഞ സുന്ദരിമാരോ മദർ തെരേസ ആരംഭിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ ആർക്കും കാണാനാകില്ല. മദറിൻ്റെ  ജീവിതം വിയർപ്പിൽ കുളിച്ച തെരുവിലായിരുന്നു. നല്ല വാക്കും നാക്കും മിത്രങ്ങളെ നൽകും. അല്ലാതെ എന്തും യു ട്യൂബിൽ തള്ളികയറ്റി വിടുന്ന ചരക്ക് വണ്ടിയും തള്ളടാ തള്ള് എന്ന് പറയുന്ന സ്തുതിപാഠകരൊക്കെ വിയർപ്പിൻ്റെ  വിശപ്പറിയാത്തവരാണ്.  ഇപ്പോൾ തള്ളിവിടുന്ന വിഡിയോകൾ മതരാഷ്ട്രീയത്തിന്റ മറവിൽ കൊട്ടൊരിടത്തും പാട്ടു മറ്റൊരിടത്തും എന്ന മട്ടിലാണ് കീശ തപ്പിപ്പോകുന്നവർ ചെയ്തുകൊണ്ടിരിക്കുന്നത്. 1976 ൽ കൽക്കട്ടയിലും 1980 ൽ ലുധിയാന സി.എം.സി യിൽ ജോലി ചെയ്തപ്പോഴും ഞാൻ കണ്ട മദറിനെപ്പറ്റി എനിക്കും ചിലത് പറയാനുണ്ട്.
ഭാരതീയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അസ്ഥിവാര ശില്പികളിൽ ഒരാളായ മദർ തെരേസയെ  സോഷ്യൽ മീഡിയയിൽ അപമാനിക്കുന്നത് ഇന്ത്യയുടെ ധർമ്മിക മൂല്യങ്ങൾക്ക് നൽകുന്ന പ്രഹരമാണ്.  ഇന്നത്തെ ഒരു പറ്റം മനുഷ്യരുടെ ഏറ്റവും വലിയ ആയുധമാണ് സോഷ്യൽ മീഡിയ. നാഥനില്ലാത്ത ഈ വായൂ സൈന്യ൦ വിഘടനവാദികളെപോലെ ആരെയും മിന്നല്പോലെ  അപമാനിക്കുന്നു.  ചുറ്റിനും നടക്കുന്ന അഴിമതി, അനീതികൾ, തൊഴിലില്ലായ്‌മ, അസമത്വങ്ങൾ, അനാചാരങ്ങൾ, സ്ത്രീകളോട് കാട്ടുന്ന അതിക്രമങ്ങൾ  അതൊന്നും അവരുടെ പ്രശ്നങ്ങളല്ല.  ഏറ്റവും മഹത്തരമായി അവർ കാണുന്നത് മണ്മറഞ്ഞ, ജീവിച്ചിരിക്കുന്ന പ്രമുഖരെ വ്യക്തിഹത്യ നടത്തി സ്തുതിപാഠകരെ കൂട്ടുകയാണ്. വ്യക്തമായ തെളിവുളോ കാഴ്ചപ്പാടുകളോ ഇവർക്കില്ല. സോഷ്യൽ മീഡിയയിൽ എന്തും വിളമ്പുന്നവർ ചതിയനോ, നുണയനോ, പൗരബോധമുള്ളവനോ, പേരുണ്ടാക്കാൻ നടക്കുന്നവരോ എന്തെന്നറിയാതെ   മറുപടി കിട്ടുന്നത് കുത്തിന് പകരം സ്തുതിയാണ്.  ഇങ്ങനെയവർ കുഴിയാനയെ കൊലയാനയാക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന  കരിപുരണ്ട വിഡിയോ പ്രസംഗങ്ങൾക്ക് വിവേകികളാരും പ്രതികരിക്കാറില്ല, മറ്റ് ചിലർ നിസ്സഹയാതയോട് നിൽക്കുന്നു. മനുഷ്യർക്ക്  അറിവില്ലായ്‌മ, തെറ്റിധരണകൾ മൂലം പല തെറ്റുകളും വീഴ്ചകളും സംഭവിക്കാറുണ്ട്. ആ  വീഴ്ചയിൽ നിന്നും എഴുന്നേൽക്കുപ്പോഴാണ് മനുഷ്യൻ്റെ മഹത്വ൦ തിരിച്ചറിയുന്നത്.
സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സില്ലാത്തവർ സമൂഹത്തിലെ അഗതികൾക്കും, രോഗികൾക്കും ഒരാൾ ശിശ്രുഷ ചെയ്താൽ, ഉറങ്ങാനിടം കൊടുത്താൽ അവർക്ക് നേരെ ഉയരുന്ന ഒളിയമ്പുകൾ അസ്സുയ മാത്രമല്ല അജ്ഞത കൂടിയാണ്.  ക്രിസ്തിയ ജീവിതത്തിന്റ അടിത്തറ തന്നെ പാവങ്ങൾ, രോഗികൾ, അഗതികൾ, അശരണരെ ശിശ്രുഷിക്കലാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന മിക്കവരും ദാരിദ്ര്യത്തിൽ വളർന്നവർ, അറിവും അനുഭവുമുള്ളവർ മാത്രമല്ല ധാരാളം അപവാദങ്ങൾ കേട്ട് മലകൾ കയറിയവരാണ്. യൂഗോസ്ലോവിയിലെ സ്‌കോപേ ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ 1910  ഓഗസ്റ്റ് 27 ന് ജനിച്ച ആഗ്‌നസ് മദർ തെരേസയായത് ധാരാളം മലകൾ കയറി തന്നെയാണ്.  ഒരു കന്യാസ്ത്രീയാകാൻ ആഗ്രഹിച്ച ആഗ്‌നസ് പതിനെട്ടാമത്തെ വയസ്സിൽ അയർലൻഡിലെ റാത് ഫാൻഹാമിലുള്ള ലൊറേറ്റോ കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായി. അവിടെ നിന്നാണ് ഡാർജിലിംഗിലേക്കു 1929 ൽ  പോയി രണ്ട് വർഷത്തിന് ശേഷം 1931 ആഗ്‌നസ് തെരേസ എന്ന് പേര് സ്വീകരിച്ച്  കന്യാസ്ത്രീയായത്. ആ കാലത്താണ് പല മഹാരഥന്മാർ പിറന്ന ബംഗാളിൽ കുഷ്ഠരോഗികൾ. തള്ളപ്പെട്ട സ്ത്രീകൾ, അനാഥ കുട്ടികൾ, നിരാലംബരുടെ കദനകഥകൾ കേട്ടത്. അവിടേക്ക് പോയത് ആദ്യം സെന്റ് മേരിസ് ഹൈസ്കൂളിലെ അധ്യാപികയായിട്ടാണ്. തെരേസ കേട്ടതിനേക്കാൾ പട്ടിണിയാൽ, രോഗത്താൽ പിടഞ്ഞു മരിക്കുന്ന മനുഷ്യരെയാണ് അവിടുത്തെ തെരുവുകളിൽ കണ്ടത്. ജോലി രാജിവെച്ചു് നഴ്‌സിംഗ് പഠിക്കാനായി പാറ്റ്നയിലേക്കു പോയി. പഠനം പൂർത്തിയാക്കി വന്ന് 1948  ഓഗസ്റ്റ് 8 തീയതി മാർപ്പാപ്പയിൽ നിന്നും അഗതികളെ ശിശ്രുഷിക്കാനുള്ള അനുമതി നേടി തെരുവുകളിൽ നായ്കളെപോലെ അലയുന്ന പിഞ്ചുപൈതങ്ങളെ, രോഗികളെ കണ്ടെത്തി അവർക്ക് അഭയമരുളാൻ പ്രവർത്തിച്ചു. അവർക്കായി പ്രാർത്ഥിച്ചു. ആദ്യം വേണ്ടത് അവർക്കൊന്ന് തലചായ്ക്കാൻ കെട്ടിടമായിരുന്നു. പല വാതിലുകളും  ഒരു ഭിക്ഷക്കാരിയെപോലെ സഹായിക്കണമെന്ന് അപേക്ഷയുമായി മദർ അലഞ്ഞു. കൽക്കട്ട കോർപറേഷൻ്റെ സഹായത്തോട്  ലോവർ സർക്കുലർ റോഡിൽ ഒരു ശിശുസദനം പണികഴിപ്പിച്ചു. അതിന്റ പേരാണ് ‘നിർമ്മൽ ശിശുഭവൻ’. സമൂഹത്തിൽ തള്ളപ്പെട്ടവരുടെ എണ്ണം പെരുകിയപ്പോൾ “നിർമ്മൽ ഹൃദയ്” എന്ന കെട്ടിടമുണ്ടായി.  സമൂഹത്തിൽ ഭ്രഷ്ട് കല്പിച്ചു് പുറത്താക്കിയ ധാരാളം  കുഷ്ഠരോഗികൾക്കായി “ശാന്തി നഗർ” ഉണ്ടായി.
ഞാൻ കാൽക്കട്ടയിൽ 1976 ൽ മദറിനെ കാണുന്ന ദിവസം എൻ്റെ ബംഗാളി സുകൃത്തു മുഖർജ്ജിയുടെ അച്ഛൻ നേരിൽ കണ്ട  ഒരു സംഭവ൦ പറഞ്ഞു.  1952 ൽ കത്തിയെരിയുന്ന വെയിലിൽ മദർ സർക്കുലർ റോഡിലൂടെ നടക്കുമ്പോൾ റോഡരികിൽ എല്ലും തൊലിയുമായ ഒരു പ്രായമുള്ള സ്ത്രീയുടെ ശരീരം എറുമ്പുകൾ കൂട്ടമായി തിന്നുകൊണ്ടിരിക്കുന്നതാണ്.  മദർ കുറച്ചകലെപോയി ഒരു സൈക്കിൾ റിക്ഷ വിളിച്ചുകൊണ്ടുവന്ന് അബോധാവസ്ഥയിൽ കിടന്ന സ്ത്രീയെ ആശുപത്രിയത്തിലെത്തിച്ചു. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾക്ക് സാക്ഷിയാണ് കൽക്കട്ടയിലെ ഓരൊ തെരുവുകൾ. കൽക്കട്ടയിലെ ഓരോ തെരുവുകളും മദറിന്റ നിസ്വാർത്ഥ സേവനത്തിന്റ പരീക്ഷണ ശാലകളായിരുന്നു. മദർ നിത്യവും പാവങ്ങളുടെ പുരോഗതിക്കായി പ്രാർത്ഥിക്ക മാത്രമല്ല ചെയ്തത് പകരം പ്രവർത്തിച്ചു.  പട്ടിണി കൊണ്ട് പിടഞ്ഞു വീണു മരിക്കുന്നവർക്കൊപ്പം കണ്ണീർവാർത്തു.  ബൈബിളിലെ ഒരു വാക്യമാണ് മദറിനെ ആതുരസേവന രംഗത്തേക്ക് നയിച്ചത്. “നിൻറെ ജനം എൻ്റെ ജനം. നിന്റ ദൈവം എൻ്റെ ദൈവം”.  ഈശ്വര ചൈതന്യ൦ തൊട്ടുതീണ്ടിയിട്ടില്ലാത്തവർക് ഇതിൻ്റെ പൊരുൾ  മനസ്സിലാകില്ല. മതറിൻ്റെ ആത്മകഥ 1992 ൽ നവീൻ ചാവള എഴുതിയിട്ടുണ്ട്. ഈ കുട്ടർ അതൊക്കെ ഒന്നു വായിച്ചാൽ തലച്ചോറിനെ നേരായ പാതയിൽ വഴിനടത്താൻ സാധിക്കും. വിഡിയോയിൽ പറയുന്ന പലതും വിവേകമുള്ളവർ ഗൗരവമായി എടുക്കുന്ന കാര്യങ്ങളല്ല. അസംബന്ധങ്ങളാണ്. ഒരു ചോദ്യത്തിന്  മറുപടി പറയാം. മദർ തെരേസക്  ജീവകാരുന്ന്യ പ്രവർത്തന രംഗത്ത് ജീവിതം ഹോമിച്ചതിനാണ് നൊബേൽ പുരസ്‌കാരം കൊടുത്തത്.  അത് ഈ മത മൗലിക വാദികൾ പ്രചരിപ്പിക്കുന്ന വിധമുള്ള ചരടുവലികൾ ഒന്നുമല്ല.  ഇന്ത്യയിലെ ജീർണ്ണിച്ച മത രാഷ്ട്രീയ കച്ചവടം കണ്ടുകൊണ്ട് ലോകത്തെ, വികസിത രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ  അളക്കരുത്.  പുരസ്‍കാരങ്ങൾ കിട്ടാൻ  ഈ ചരടുവലികൾ നടക്കുന്നത് കേരളത്തിലും ഇന്ത്യയിലുമല്ലേ? ഇന്ത്യൻ പ്രസിഡൻ്റെ കൊടുക്കുന്ന അവാർഡുകളിൽ രാഷ്ട്രീയ ഇടപെടലുകളില്ലേ? അവർ സമ്പത്തുള്ളവർക്കുവേണ്ടി അവാർഡുകൾ വാങ്ങി കൊടുക്കുന്നില്ലേ?  സാഹിത്യ രംഗത്തെ ചിലർ കോടിയുടെ നിറത്തിൽ പുരസ്‌കാരങ്ങൾ വാങ്ങുന്നില്ലേ? സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങളിൽ  കോടിയുടെ നിറത്തിൽ സാഹിത്യം എന്തെന്നറിയാത്തവർ ഡയറക്ടർ പദവിയിൽ ഇരിക്കുന്നില്ലേ?  ഇന്ത്യൻ മത -രാഷ്ട്രീയ കച്ചവടം  വിയർത്തു ജോലി ചെയ്യാത്തവർക്ക് തേൻതുള്ളികളാണ്. അവിടെക്ക്  ഈച്ചകൾ ധാരാളമായി പറന്നു വരും. എന്നാൽ തേനീച്ചകൾ വരാറില്ല. അത് ഈ ഈച്ചകളറിയണം. അതിൽ തേനിച്ചയായ നൊബേൽ പുരസ്‌കാരം നേടിയ മദറിനെ വലിച്ചിട്ട് അധിക്ഷേപിക്കരുത്. അതിൽ ഇന്ത്യക്കാരൻ അഭിമാനിക്കയാണ് വേണ്ടത്.
മണ്മറഞ്ഞ മദർ മതപരിവർത്തനം നടത്തിയെന്ന അധിക്ഷേപം നടത്തുന്നവരുടെ കണ്ണുകൾ തുറക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരനും കാലാകാലങ്ങളിലായി മതങ്ങൾ മാറിവന്നവരും വ്യത്യസ്തമാർന്ന സ്ഥലങ്ങളിൽ നിന്നും വന്നവരുമാണ്.  ഈ കൂട്ടർ പ്രത്യകം ശ്രദ്ധിക്കേണ്ടത് ഇന്ത്യയിൽ നടക്കുന്ന മതതീവ്രത എങ്ങനെ  നേരിടണമെന്നുള്ളതാണ്.  അതൊന്നും കാണാതെ മണ്മറഞ്ഞ ഒരു മഹതിയെപ്പറ്റി സ്വന്തം ദന്തഗോപുരങ്ങളിലിരുന്ന് നീട്ടിത്തുപ്പുന്നത് നന്നല്ല.   മദർ മതപരിവർത്തനം നടത്തിയെന്നിരിക്കട്ടെ. കണ്ണീരും നെടുവീർപ്പുമായി കഴിയുന്ന മനുഷ്യന് പുതുജീവൻ നൽകുന്നതിൽ എന്ത് തെറ്റാണുള്ളത്? കണ്ണീരിൽ കഴിഞ്ഞവർ ഗൾഫിൽ പോയി സമ്പന്നരായി മതം മാറിയാൽ  ഈ കൂട്ടർ എന്ത് ചെയ്യും? ഇന്നത്തെ മതമൗലികവാദികളടക്കമുള്ളവർ ഏത് ജാതിമതകുലത്തിൽ നിന്ന് വന്നുവെന്ന് കുറെ പാരമ്പര്യമല്ലാതെ എന്ത് രേഖയാണ് കയ്യിലുള്ളത്? ഇന്ന് കാണുന്നതുപോലെ യുവതിയുവാക്കളെ പ്രണയം നടിച്ചു് ,  പണം മോഹിച്ചു ഭ്രാന്തമായ മതത്തിന്റ കുറ്റാകൂരിരുട്ടിലേക്ക് മദർ ആരെയും കൊണ്ടുപോയിട്ടില്ലെന്ന് ഓർക്കുക.  ഇതുപോലുള്ള അധാർമ്മികതയെ ധർമ്മബോധത്തോടെ നേരിടാൻ  മനോധൈര്യമില്ലാത്ത ഭീരുക്കൾ മതേതര മിതവാദികളുടെ മനസ്സ് ഇളക്കി മറിക്കാനും സമൂഹത്തിൽ മതസ്പർധയും കുത്തിത്തിരിപ്പുകളും നടത്തി മനസമാധാനം നശ്ശിപ്പിക്കാൻ ശ്രമിക്കുന്നത് ലജ്ജാവഹം തന്നെ. മദർ മതപരിവർത്തനം നടത്തിയെങ്കിൽ അതിനുത്തരവാദികൾ  പ്രധാനമായും ബംഗാൾ ഭരിച്ച ജ്യോതി ബസു സർക്കാരല്ലേ?  അദ്ദേഹം 1977 മുതൽ 2001 വരെ തുടർച്ചയായി 25 വർഷം മുഖ്യമന്ത്രിയായിരുന്നു.  അദ്ദേഹത്തിനില്ലാത്ത പരാതി ഈ കുട്ടർക്ക് 2019 ൽ എവിടുന്നു ലഭിച്ചു എന്നറിയില്ല.  അദ്ദേഹം എന്തിനാണ് മദർ തെരേസക്  വേണ്ടി പ്രതിമ നിർമ്മിച്ചത്?  ബംഗാൾ ജനതക്ക് ജ്യോതിബസുവിലുള്ള അചഞ്ചലമായ വിശ്വാസം പോലെയായിരിന്നു പാവങ്ങൾക്ക് മദറിലുള്ള വിശ്വാസം. ഇതിൻ്റെ  പിന്നിൽ  പത്തിവിരിച്ചാടുന്നത്  ജാതീയമായ ജീർണ്ണതയുള്ളവരും അധികാര കേന്ദ്രങ്ങളിലെ സ്തുതിപാഠകരുമാണ്.  കേരളത്തിൽ  പുരസ്‌കാരങ്ങളുടെ പെരുമഴക്കാലമായതിനാൽ സോഷ്യൽ മീഡിയ കുടി ഉൾപ്പെടുത്തി ഈ വ്യക്തിഹത്യ, അസ്സുയ, പരദൂഷണകർക്കുകൂടി ഒരവാർഡ്‌ കൊടുക്കുന്നത് നല്ലതാണ്. അതും ഒരഭിനയമല്ലേ? നൊബേൽ പുരസ്‌ക്കാരത്തിന് സാധ്യതയില്ല.
ഈശ്വരൻ എന്ന കേവലാശയത്തിൽ നിർവൃതികൊള്ളുന്നവർ അറിയേണ്ടത് മദർ വന്നത് പിടഞ്ഞു മരിച്ചുകൊണ്ടിരുന്ന  ഡെമോക്ലസ്സിന്റ വാൾപോലെ തലക്ക് മുകളിൽ തുങ്ങി കിടന്ന അൽബേനിയയിൽ നിന്നാണ്. 1910 മുതൽ തുർക്കിയിലെ ഓട്ടോമൻ, പേർഷ്യൻ  ഭരണാധികാരികൾ സർക്കാർ കണക്ക് പ്രകാരം യൂഗോസ്ലോവിയയിൽ ക്രിസ്തിയാനികളെ കൊന്നൊടുക്കിയത് 1.5 മില്യനാണ്. കൊസാവോ, സെർബിയ, സ്ലോക്കിയ, അർമേനിയ മദർ ജനിച്ച വടക്കേ മാർസിഡോണിയയെല്ലാം ഇതിൽ വരും.  ഹിറ്റ്ലർ കൊന്നൊടുക്കിയ യെഹൂദന്മാരെപോലെയാണ് യൂറോപ്പിൽ ഏറ്റവും കൂടുതൽ ക്രിസ്തിയാനികൾ കൊല്ലപ്പെട്ടത്. മതം എന്ന ഭീകരൻ ചെറുപ്പത്തിൽ തന്നെ മദറിനെ വേദനിപ്പിച്ചതുകൊണ്ടാണ് പതിനെട്ടാമത്തെ വയസ്സിൽ ഐർലണ്ടിൽ വരുന്നത്. പിന്നീട് സ്വന്തം ഇന്ദ്രിയങ്ങളെ കിഴ്പ്പെടുത്തി പ്രാർത്ഥനയിലൂടെ  ധാന്യത്തിലേക്ക് വഴുതിവീണു. വാക്കുകൾകൊണ്ട് മുറിവ് നൽകുന്നവർ കുറെ ചരിത്രപാഠങ്ങൾ അറിഞ്ഞിരിക്കണം.  ഗുരുവായൂർ ക്ഷേത്രത്തിൽ പൂജാക്രമങ്ങൾ ക്രമപ്പെടുത്തിയത് ശ്രീശങ്കരാചാര്യരാണ്. 1847 ൽ ബ്രിട്ടനിൽ ജനിച്ച ആനിബസന്റ് ഇന്ത്യയിൽ 1885 ഫേബിയൻ സൊസൈറ്റിയും 1898 ൽ സെൻട്രൽ ഹിന്ദു കോളേജ് തുടങ്ങി പിന്നീടത് ബനാറസ് ഹിന്ദു സർവ്വകലാശാലയായി മാറി. ഇങ്ങനെ ക്രിസ്ത്യൻ മിഷനറിമാർ ചെയ്ത എത്രയോ നന്മകൾ ഇന്ത്യയുടെ മുക്കിലും മുലയിലുമുണ്ട്.  സോഷ്യൽ മീഡിയയിൽ എന്തും പടച്ചുവിടുന്നവർ അതൊന്നും കാണുന്നില്ല. മദർ അമ്പലം പണിയുകയോ പൂജാക്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലെ കുഷ്ഠരോഗികൾ, നിരാലംബർ, പാവങ്ങളുടെ ജീവിതം മാറോട് ചേർത്ത അവർക്ക് നല്ലൊരു ജീവിതം കൊടുത്തതാണോ അവർ ചെയ്ത കുറ്റം? മദർ ഈ കാലയളവിൽ ധാരാളം അപവാദങ്ങളും കേട്ടിട്ടുണ്ട്.  അതിന്റ പ്രധാന കാരണം മദർ ഗർഭഛിദ്രത്തിന് എതിരായി പ്രവർത്തിച്ചു. സ്ത്രീകളെ അടിമകളെപ്പോലെ കണ്ടിരുന്ന പുരുഷന്മാരുടെ തടവറയിൽ നിന്നും അവരെ മോചിപ്പിച്ചു.  1950 ൽ കൽക്കട്ടയിൽ തുടങ്ങിയ മിഷനറീസ് ഓഫ് ചാരിറ്റി 133 രാജ്യങ്ങളിൽ 5000 ത്തിലധികം കന്യാസ്ത്രീകളാൽ മദർ കൊളുത്തിയ ആ സ്നേഹദീപം ഇന്നും എരിഞ്ഞുകൊണ്ടിരിക്കുന്നു. 1997 സെപ്റ്റംബർ 5 ന് മരണപ്പെട്ട ആ വാഴ്ത്തപ്പെട്ടവളെ തിരിച്ചറിയുന്നത് ജഡിക വിശ്വാസത്തെക്കാൾ ആത്മ വിജ്ഞാനത്തിലൂടെയാണ്.  ആ കർമ്മയോഗിനിയുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു.  (www.karoorsoman.net) karoorsoman@yahoo.com.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more