ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്ബാളിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ആഴ്സനലിന് ജയം. മൈക്കൽ ആർടേറ്റയുടെ ആഴ്സനൽ 3-1ന് ചെൽസിയെ തോൽപിച്ചു. മറ്റൊരു മത്സരത്തിൽ മുൻ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിൽ യുനൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് മറികടന്നു.
അവസാന ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ അഞ്ചും തോറ്റ ശേഷമാണ് ബോക്സിങ്ഡേയിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഗണ്ണേഴ്സ് കളിക്കാനിറങ്ങിയത്. 34ാം മിനിറ്റിൽ അലക്സാണ്ട്ര ലാകസറ്റെയാണ് ആഴ്സനലിനെ പെനാൽറ്റിയിലൂടെ മുന്നിലെത്തിച്ചത്. പിന്നാലെ ഫ്രീകിക്ക് ഗോളിലൂടെ ഗ്രാനിത് ഷാക്ക ലീഡുയർത്തി.
ആദ്യ പകുതി അവസാനിക്കുേമ്പാൾ ഗണ്ണേഴ്സ് 2-0ത്തിന് മുന്നിലായിരുന്നു. 56ാം മിനിറ്റിൽ ബുകായോ സാക ആഴ്സനലിനായി മൂന്നാം ഗോൾ വലയിലാക്കി. 85ാം മിനിറ്റിൽ ടാമി എബ്രഹാമാണ് ചെൽസിയുടെ ആശ്വാസഗോൾ നേടിയത്. വാർ സമ്മാനിച്ചതായിരുന്നു ഗോൾ. 90ാം മിനിറ്റിൽ ചെൽസിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ ജോർജീന്യോ എടുത്ത കിക്ക് ആഴ്സനൽ ഗോളി തടുത്തു. അവസാനം കളിച്ച നാലിൽ മൂന്നാം മത്സരത്തിലാണ് ചെൽസി തോൽക്കുന്നത്.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0ത്തിന് ന്യൂകാസിൽ യുനൈറ്റഡിനെ തോൽപിച്ചു. ഇൽകായ് ഗുണ്ടോകൻ, ഫെറാൻ ടോറസ് എന്നിവരാണ് സ്കോർ ചെയ്തത്. 15 മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി ആഴ്സനൽ 14ാം സ്ഥാനത്താണ്. 25 പോയന്റുള്ള ചെൽസി ഏഴാം സ്ഥാനത്ത് നിൽക്കുന്നു. 14 കളികളിൽ നിന്ന് 26 പോയന്റുമായി സിറ്റി അഞ്ചാം സ്ഥാനത്തെത്തി. 31 പോയന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്.
click on malayalam character to switch languages