1 GBP = 103.68
breaking news

പാലായിൽ ജോസ് കെ മാണിയെ നേരിടുമെന്ന് പി സി ജോർജ്ജ്

പാലായിൽ ജോസ് കെ മാണിയെ നേരിടുമെന്ന് പി സി ജോർജ്ജ്

കോട്ടയം: പാലായില്‍ ജോസ് കെ മാണി മത്സരിക്കാനെത്തിയാല്‍ എതിരാളിയായി താനെത്തുമെന്ന് പിസി ജോര്‍ജ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ എത്തുമെന്നതിന്റെ ശക്തമായ സൂചനകള്‍ നല്‍കിയാണ് പിസി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്. കുറഞ്ഞത് 76 സീറ്റുകളില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘പാലായില്‍ ജോസ് വിഭാഗം മത്സരിച്ചാല്‍ ഞാനും മത്സരിക്കും. ജോസ് വിഭാഗത്തിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചുതരാം. പാലായില്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഞാനെത്തും എന്നതില്‍ ഒരു സംശയവുമില്ല’, പിസി ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, പൂഞ്ഞാര്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും ഔദാര്യമില്ലാതെ ജനങ്ങളുടെ മാത്രം ഔദാര്യം കൊണ്ട് കിട്ടിയ സീറ്റാണ് പൂഞ്ഞാര്‍. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും അങ്ങനെ മുഴുവന്‍ സംഘടനക്കാരും എതിര്‍ത്തു. എന്നിട്ടും 28000 വോട്ടിന്റെ ഭൂരിപക്ഷം പൂഞ്ഞാറിലെ ജനങ്ങള്‍ നല്‍കിയാണ് താനവിടുത്തെ എംഎല്‍എ ആയിരിക്കുന്നത്. ആ സീറ്റില്‍ ഇനിയൊരു ചര്‍ച്ചയിവ്വ. ബാക്കി ഏത് സീറ്റാണെന്നാണ് ചര്‍ച്ചയെന്നും അദ്ദേഹം വിശദീകരിച്ചു.

തങ്ങളെ സംബന്ധിച്ചിടത്തോളം പാലാ വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പഴയ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളാണ് പാലാ നിയോജക മണ്ഡലത്തിലുള്ളത്. പൂഞ്ഞാറില്‍നിന്ന് താന്‍ ജയിച്ച അതേ മാനദണ്ഡത്തില്‍ പാലായിലും വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപി നേതാവ് മാണി സി കാപ്പന്‍ കുറച്ച് വ്യക്തിത്വം നശിപ്പിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. ‘ഞാന്‍ കൂടി വിജയിപ്പിച്ച ഒരാളാണ് മാണി സി കാപ്പന്‍. ഇടതാണോ വലതാണോ എന്ന് ഇപ്പോഴും കാപ്പന് തീരുമാനമായിട്ടില്ല. ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. കാപ്പന്‍ കുറച്ച് വ്യക്തിത്വം നശിപ്പിച്ചിട്ടുണ്ട്. സൂക്ഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാപ്പന്റെ പക്വതയില്ലായ്മകൊണ്ട് സംഭവിച്ചതാണ്’, അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പ്രവേശനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ, ‘യുഡിഎഫില്‍ പ്രവേശിപ്പിക്കാമോ എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും ഉന്നതരായ നേതാക്കള്‍ യുഡിഎഫുമായി സഹകരിക്കാമോ എന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തിന് യുഡിഎഫിന്റെ നീക്കത്തില്‍ വളരെ സംശയങ്ങളുണ്ട്. ആ സംശയങ്ങള്‍ പ്രശ്‌നങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്’.

അനാവശ്യമായ അവകാശവാദത്തിനില്ലെന്നും രാഷ്ട്രീയ കക്ഷി എന്ന നിലയിലുള്ള മാന്യത മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more