പാലക്കാട്: നഗരസഭ കെട്ടിടത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക കെട്ടിയ കേസിൽ പ്രതി പിടിയിൽ. പാലക്കാട് തിരുനെല്ലായി സ്വദേശിയാണ് പിടിയിലായത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. പതാക കെട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലെന്ന് പ്രതി മൊഴി നൽകിയെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമയില്‍ പതാക കെട്ടിവെച്ചനിലയിൽ കണ്ടത്. നഗരസഭയിൽ സ്ഥിരം കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നത്. ഇതോടെ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. കൗണ്‍സിലര്‍മാര്‍ പ്രതിമക്ക് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് പൊലീസെത്തി പതാക നീക്കുകയായിരുന്നു. സെക്രട്ടറിയുടെ പരാതിയിൽ പാലക്കാട് സൗത്ത് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
സാമൂഹികവിരുദ്ധരാണ് പതാക പുതപ്പിച്ചതെന്നായിരുന്നു ചെയർപേഴ്സൻ കെ. പ്രിയ അജയന്റെ പ്രതികരണം. സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോട് ചെയർപേഴ്സൻ കെ. പ്രിയ അജയനും വൈസ് ചെയർമാൻ ഇ. കൃഷ്ണദാസും അനുകൂല നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസ് നേതാവ് ബി. സുഭാഷ്, മുസ്ലിം ലീഗ് കൗൺസിലർ സെയ്തുമീരാൻ എന്നിവർ നൽകിയ പരാതിയിൽ ചെയർപേഴ്സൻ ഒപ്പിട്ട് നടപടിക്കായി സെക്രട്ടറിക്ക് കൈമാറി.
തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ‘ജയ്ശ്രീറാം’ ബാനറുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ കയറി മുദ്രാവാക്യം വിളിച്ചത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ ഒമ്പത് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
click on malayalam character to switch languages