പ്രെസ്റ്റൻ: ലണ്ടൻ ബ്രോംലിയിൽ നിര്യാതയായ ത്രേസ്യാമ്മ വിൻസന്റെ (71) നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു. ലണ്ടൻ സെന്റ് മാർക്ക് മിഷനിലെ ഇടവകാംഗമായ ജൂലി വിനോയുടെ മാതാവാണ് പരേത. മാതാവിന്റെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ രൂപതാകുടുംബം ഒന്നടങ്കം പങ്കുചേരുകയും പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. മാതാവിന്റെ വേർപാടിൽ വേദനിക്കുന്ന മക്കളെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും സെന്റ് മാർക്ക് മിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട് അറിയിച്ചു.
കഴിഞ്ഞ നവംബറിൽ മക്കളെ സന്ദർശിക്കാൻ നാട്ടിൽ നിന്നെത്തിയതാണ് മരണമടഞ്ഞ ത്രേസ്യാമ്മ വിൻസൻ. പനി ബാധിച്ച് ഏപ്രിൽ മാസത്തിൽ ഓർപ്പിങ്ടൺ പ്രിൻസസ് റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട ത്രേസ്യാമ്മക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിക്കുകയും അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി വെന്റിലേറ്ററിലായിരുന്ന ഇവർക്ക് ഞായറാഴ്ച അസുഖം മൂർച്ഛിക്കുകയും അന്ത്യം സംഭവിക്കുകയും ആയിരുന്നു.
എറണാകുളം എളമക്കര മഠത്തിപ്പറമ്പിൽ ഊക്കൻ കുടുംബാംഗമായ പരേതനായ വിൻസണാണ് ഭർത്താവ്. മാമംഗലം സെന്റ് ആന്റണീസ് പള്ളി ഇടവകാംഗമാണ്. കടമക്കുടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പലായിരുന്നു. മക്കൾ: ലിൻഡ, ജൂലി. മരുമക്കൾ ജേക്കബ് വടക്കേൽ, വിനോ ജോസ് കണംകൊമ്പിൽ.
click on malayalam character to switch languages