1 GBP = 103.69

ജമാല്‍ ഖശോഗിയുടെ മൃതദേഹം കണ്ടെത്താതെ ആ അധ്യായം അവസാനിക്കില്ല- ഹാറ്റിസ് സെംഗിസ്

ജമാല്‍ ഖശോഗിയുടെ മൃതദേഹം കണ്ടെത്താതെ ആ അധ്യായം അവസാനിക്കില്ല- ഹാറ്റിസ് സെംഗിസ്

കൊല്ലപ്പെട്ട സൌദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ മൃതദേഹം കണ്ടെത്താതെ ആ അധ്യായം അവസാനിക്കില്ലെന്ന് ഖശോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെംഗിസ്. ഖശോഗിയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത വേളയിലാണ് ഹാറ്റിസ് ഇക്കാര്യം പറഞ്ഞത്.

ഹാറ്റിസ് സെംഗിസുമായി നടത്തിയ അഭിമുഖത്തിലൂടെ രണ്ട് തുര്‍ക്കി മാധ്യമപ്രവര്‍ത്തകര്‍ രചിച്ചതാണ് ജമാല്‍ ഖശോഗി,ഹിസ് ലൈഫ് സ്ട്രഗിള്‍സ് ആന്റ് സീക്രട്ട്സ് എന്ന പുസ്തകം. ഖശോഗി കൊല്ലപ്പെട്ട് നാല് മാസം കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താതെ ആ അധ്യായം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് ഹാറ്റിസ് പറഞ്ഞത്. ഖശോഗിയെ സ്നേഹിക്കുന്നവര്‍ക്ക് അദ്ദേഹത്തിനായി പ്രാര്‍ഥിക്കാന്‍ ഒരു ശവകുടീരമില്ല. മൃതദേഹം കണ്ടെത്തേണ്ടതും അദ്ദേഹത്തിനായി പ്രാര്‍ഥിക്കാന്‍ ഒരിടം ഒരുക്കേണ്ടതും ഞങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണെന്നും ഹാറ്റിസ് കൂട്ടിച്ചേര്‍ത്തു. ഹാറ്റിസിനെ വിവാഹം ചെയ്യുന്നതിനായി ചില പേപ്പറുകള്‍ ശരിയാക്കാന്‍ ഇസ്തംബൂളിലെ സൌദി കോണ്‍സുലേറ്റിലേക്ക് പോയപ്പോഴാണ് ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. സൌദി ഉദ്യോഗസ്ഥ സംഘമായിരുന്നു കൊലപാതകത്തിന് പിന്നില്‍. സൌദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തെന്ന ആരോപണങ്ങളുണ്ടായിരുന്നെങ്കിലും ഇത് സൌദി നിഷേധിക്കുകയായിരുന്നു. തുര്‍ക്കി തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ സൌദി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആക്ഷേപം തുര്‍ക്കിക്കുണ്ട്. സൌദി രാജാവിന് മനസ്സാക്ഷിയുണ്ടെന്നും തുര്‍ക്കി അന്വേഷണത്തോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാറ്റിസ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റേയും അമേരിക്കയുടേയും ഇടപെടലുകള്‍ക്ക് ഹാറ്റിസ് നന്ദിയറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more