1 GBP = 103.16

ഖത്തർ ഉപരോധം നീങ്ങാൻ വഴി തെളിയുന്നു; ട്രംപിൻെറ മരുമകൻ ഗൾഫിലെത്തി

ഖത്തർ ഉപരോധം നീങ്ങാൻ വഴി തെളിയുന്നു; ട്രംപിൻെറ മരുമകൻ ഗൾഫിലെത്തി

 അമേരിക്ക ഭരണമാറ്റത്തിൻെറ വക്കത്ത്​ നിൽക്കെ, ഗൾഫിൽ അവസാനവട്ട ഇടപെടലിനായി പ്രസിഡൻറ്​ ട്രംപിൻെറ ഉപദേശകനും മകളുടെ ഭർത്താവുമായ ജാരേദ്​ കുഷ്​നർ സൗദി അറേബ്യയിലെത്തി. ഖത്തറടക്കമുള്ള ഭരണനേതൃത്വങ്ങളുമായി ജാരേദ്​ കുഷ്​നറും സംഘവും സംഭാഷണം നടത്തും. ട്രംപ്​ ഭരണകൂടത്തിലെ ഗൾഫ്​ വിദഗ്​ധരടക്കമുള്ളവർ കുഷ്​നറോടൊപ്പമുണ്ട്​.

2017 ൽ സൗദി അറേബ്യ, ബഹ്​റൈൻ, ഈജിപ്​ത്​, യു.എ.ഇ രാജ്യങ്ങൾ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം നീങ്ങാനുള്ള സാധ്യത തെളിയുന്നതായി സൂചനയുണ്ട്​. ഭീകരതയെ ഖത്തർ പിന്തുണക്കുന്നു എന്നാരോപിച്ചായിരുന്നു ഉപരോധം ഏർപ്പെടുത്തിയത്​. ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഉപേക്ഷിക്കാനും തുർക്കി സൈനിക താവളത്തിൻെറ പ്രവർത്തനം അവസാനിപ്പിക്കാനും ഖത്തറിനോട്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച ഖത്തർ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നില്ല.

പുതിയ സാഹചര്യത്തിൽ, മേഖലയിൽ ഇറാനെതിരായ സഖ്യം ശക്​തിപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്​. മേഖലയിൽ ഇസ്രായേലിന്​ പിന്തുണ ഉറപ്പുവരുത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്​. ഖത്തർ ഉപരോധത്തെ തുടർന്നുള്ള ഗൾഫ്​ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക ഇപ്പോൾ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നത്​ ഈ പശ്ചാത്തലത്തിൽ കൂടിയാണ്​.

ഗൾഫ്​ രാജ്യങ്ങളും ഇസ്രായേലുമായും ധാരണയുണ്ടാക്കാൻ അമേരിക്ക ശ്രമം ഊർജിതപ്പെടുത്തിയിട്ടുണ്ട്​. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ ശേഷം, യു.എസ്​. സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപിയോയുടെ ഗൾഫ്​ സന്ദർശനത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനും സൗദിയിൽ വെച്ച്​ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇ​സ്രായേലിന്​ മേഖലയിലെ രാജ്യങ്ങളുടെ സമ്മതി നേടാനുള്ള നീക്കത്തിൻെറ ഭാഗമായിരുന്നു ഇത്​. ഇ​സ്രായേലിന്​ ഗൾഫ്​ രാജ്യങ്ങളുടെ സമ്മതി നേടിക്കൊടുക്കാനാകുക എന്ന ലക്ഷ്യം പൂർണമായി നേടാനായില്ലെങ്കിലും ചർച്ചകളിൽ ഉണ്ടാകുന്ന ചെറിയ പുരോഗതി പോലും മേഖലയിൽ ഇ​സ്രായേലിൻെറയും അമേരിക്കയുടെയും താൽപര്യങ്ങൾക്ക്​ അനുഗുണമാകും.

പ്രസിഡൻറ്​ ട്രംപിൻെറ മുതിർന്ന ഉപദേശകനും മകളുടെ ഭർത്താവുമായ ജാരേദ്​ കുഷ്​നർ,​ സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനടക്കമുള്ള ഗൾഫ്​ നേതാക്കളോട്​ അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്​. 2021 ജനുവരി 20 ന്​ ജോ ബൈഡൻെറ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്​ അധികാരം കൈമാറുന്നതിന്​ മുമ്പ്​ ഗൾഫ്​ മേഖലയിലെ ബന്ധങ്ങളിലൂടെ ഒര​ു ഒാട്ടപ്രദക്ഷിണ​ം നടത്തുക എന്ന കുഷ്​നറുടെ താൽപര്യവും സന്ദർശനത്തിന്​ പിറകിലുണ്ടെന്ന്​ നിരീക്ഷകർ പറയുന്നു. റിയൽഎസ്​റ്റേറ്റ്​ വ്യവസായിയായ ജാരേദ്​ കുഷ്​നറിൻെറ വാണിജ്യതാൽപര്യങ്ങളും സന്ദർശനത്തിന്​ പിറകിലുണ്ടെന്നാണ്​ നിരീക്ഷകർ കരുതുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more