1 GBP = 103.92

കോവിഡ് ഉറവിടം ചൈനയിലെ ലാബ്​ ആ​ണെന്നതിന്​ തെളിവില്ല -ലോകാരോഗ്യ സംഘടന

കോവിഡ് ഉറവിടം ചൈനയിലെ ലാബ്​ ആ​ണെന്നതിന്​ തെളിവില്ല -ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്​ 19ന്‍റെ ഉറവിടം ചൈനയിലെ സർക്കാർ വൈറോളജി ലബോറട്ടറിയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ എമർജൻസി ഡയറക്ടർ മൈക്കിൽ റിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൂഹാനിലെ ലാബിൽ നിന്നാണ് വൈറസ് പകർന്നതെന്ന അമേരിക്കയുടെ വാദം സാധൂകരിക്കുന്ന രേഖകളോ തെളിവുകളോ കൈവശമില്ലെന്നും മൈക്കിൽ റിയാൻ പറഞ്ഞു.

കോവിഡിന്‍റെ ഉറവിടം വുഹാനിലെ ലാബാണെന്ന്​ യു.എസ് പ്രസിഡൻറ്​ ഡോണാള്‍ഡ് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ട്. സുപ്രധാന വിവരങ്ങള്‍ മറച്ചുവെച്ച ചൈനക്കാണ് വൈറസ് വ്യാപനത്തില്‍ ഉത്തരവാദിത്വമെന്നും ട്രംപ്​ പറഞ്ഞിരുന്നു.

വൈറസ്​ പരീക്ഷണശാലയിൽ നിന്ന്​ പുറത്തുവിട്ടതാണോ എന്നറിയാൻ അമേരിക്ക ചാരസംഘടനകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു​. എന്നാൽ, കോവിഡ്​ വൈറസ് മനുഷ്യനിര്‍മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്നാണ്​ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോർട്ട്​ ചെയ്​തത്.

അതേസമയം, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പടർന്ന എച്ച്.ഐ.വി, ഇബോള, സാർസ് ‌രോഗങ്ങളുടേതിന് സമാനമാണ് കൊറോണയുടെ ജനിതകഘടന. ലബോറട്ടറികളിൽ വികസിപ്പിച്ചെടുത്തതല്ല ഇതെന്നാണ്​ ശാസ്​ത്രസംഘം കണ്ടെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more