കെഎസ്ഐഎന്‍സി എംഡി എന്‍. പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഐഎഎസുകാര്‍ക്ക് മിനിമം ബോധം വേണം. 400 ട്രോളര്‍ നിര്‍മിക്കുമെന്ന് വിവരമുള്ള ആരെങ്കിലും കരാര്‍ ഉണ്ടാക്കുമോ? കരാറിന് പിന്നില്‍ ഗൂഢലക്ഷ്യം. ആരോട് ചോദിച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കുമെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും രംഗത്ത് എത്തി. ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചിരിക്കുകയാണ്. കരാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തില്‍ കടലിനെ വില്‍ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതിനുമുള്ള ഗൂഢാലോചനയാണ് നടന്നത്. പ്രതിപക്ഷം ഇത് കണ്ടെത്തിയില്ലായിരുന്നെങ്കില്‍ മന്ത്രിസഭയില്‍ വച്ച് തീരുമാനിച്ച് ഉത്തരവിറക്കി നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുറച്ച് ഉദ്യോഗസ്ഥന്മാര് മാത്രമല്ല ഇതിന്റെ ഉത്തരവാദികള്‍. അവര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ ഇടപാട് നടത്താന്‍ സാധിക്കില്ല. യഥാര്‍ത്ഥ പ്രതികള്‍ മന്ത്രിമാരും മുഖ്യമന്ത്രിയുമാണ്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും വ്യവസായ മന്ത്രി ഇ.പി. ജയരാജനും പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും അറിയമായിരുന്നു എന്നതാണ് സത്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
click on malayalam character to switch languages