ന്യൂഡൽഹി: വടക്കൻ അതിർത്തിയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെങ്കിലും ഇന്ത്യയുടെ ക്ഷമ ആരും പരീക്ഷിക്കരുതെന്ന് സൈനിക മേധാവി ജനറൽ എം.എം. നരവനെ. സൈനിക ദിന പരേഡിൽ സംസാരിക്കുകയായിരുന്നു നരവനെ.
ഏകപക്ഷീയമായി അതിർത്തി മാറ്റാൻ നടത്തിയ ശ്രമങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഗാൽവൻ പോരാളികളുടെ ത്യാഗം ഒരിക്കലും വെറുതെയാകില്ല. രാജ്യത്തിെൻറ പരമാധികാരത്തെയും സുരക്ഷയെയും പോറലേൽപിക്കാൻ സൈന്യം അനുവദിക്കില്ല. ചൈനയുമായുള്ള പ്രശ്നം പരിഹരിക്കാൻ എട്ടുതവണ സൈനികതല ചർച്ച നടന്നിട്ടുണ്ട്.
നിലവിലെ അവസ്ഥ മാറ്റാനുള്ള ശ്രമം തുടരും. പാകിസ്താൻ ഇപ്പോഴും ഭീകരതയുടെ സുരക്ഷിത മണ്ണായി തുടരുകയാണ്. നിയന്ത്രണരേഖക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി 400ഓളം ഭീകരർ തയാറെടുത്തുനിൽക്കുകയാണ്. വെടിനിർത്തൽ ലംഘനത്തിൽ 40 ശതമാനം വർധനയാണുണ്ടായത്. ഇത് പാകിസ്താെൻറ നിലപാട് വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം 200ലധികം ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചും തുരങ്കങ്ങൾ വഴിയും ആയുധക്കടത്ത് നടത്താനും ശ്രമമുണ്ടെന്ന് നരവനെ പറഞ്ഞു. കരുത്ത് വർധിപ്പിക്കാനായി സൈന്യത്തിൽ പരിഷ്കരണം കൊണ്ടുവരും. സാങ്കേതികത ഉപയോഗപ്പെടുത്താൻ ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കും. യു.എൻ സമാധാന സേനയിൽ 5,300 ഇന്ത്യൻ ഭടന്മാർ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിെൻറ മൊബൈൽ ആപ്പും അദ്ദേഹം നാടിനു സമർപ്പിച്ചു.
click on malayalam character to switch languages