1 GBP = 103.94

സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും

സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

17 അംഗ പോളിറ്റ് ബ്യൂറോവിനും 96 അംഗകേന്ദ്രകമ്മിറ്റിക്കും അംഗീകാരം നല്‍കിയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയിറങ്ങുന്നത്. പോളിറ്റ് ബ്യൂറോയില്‍ നിന്നും തമിഴ്നാട് പ്രതിനിധിയായ എം.കെ.പത്മനാഭന്‍ ഒഴിഞ്ഞപ്പോള്‍ ബംഗാളില്‍ നിന്നുള്ള തപന്‍സെനും നീലോല്‍പല്‍ ബസുവും ഇടംനേടി. യെച്ചൂരിയോട് അടുത്തു നില്‍ക്കുന്ന ഈ നേതാക്കളുടെ വരവ് ഭാവിയില്‍ പാര്‍ട്ടിയില്‍ നടക്കുന്ന ബലാബലത്തില്‍ യെച്ചൂരിക്ക് കരുത്തേക്കും.

സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍: സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്. എസ്.രാമചന്ദ്രന്‍പിള്ള, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബിമന്‍ ബോസ്, എം.എ.ബേബി,കോടിയേരി ബാലകൃഷ്ണന്‍, പി.ബി.രാഘവലു,സൂര്യകാന്ത് മിശ്ര,വൃദ്ധ കാരാട്ട്, മുഹമ്മദ് സലീം, ഹനന്‍ മുള്ള, ജി.രാമകൃഷ്ണന്‍, സുഭാഷിണി അലി,തപന്‍സെന്‍, നീലോപല്‍ ബസു.

ഒരു വനിതാഅംഗത്തിനുള്ള ഇടം ഒഴിച്ചിട്ട കേന്ദ്രകമ്മിറ്റിയില്‍  കേരളത്തില്‍  നിന്നും കെ.രാധാകൃഷ്ണനും, എം.വി.ഗോവിന്ദന്‍ മാസ്റ്ററും ഇടം നേടി. ഇവരടക്കം 17 പുതുമുഖങ്ങള്‍ സിസിയിലെത്തിയപ്പോള്‍ മുതിര്‍ന്നനേതാവ് പി.കെ.ഗുരുദാസന്‍ അഗംത്വം ഒഴിഞ്ഞു. യെച്ചൂരിയുടെ താത്പര്യ പ്രകാരം വി.എസ്. സിസിയില്‍ പ്രത്യേക ക്ഷണിതാവയപ്പോള്‍ കാരാട്ട് പക്ഷത്തിന്‍റെ ആശീര്‍വാദത്തോടെ പാലോളി മുഹമ്മദ് കുട്ടിയ്ക്കും സമാന പദവി കിട്ടി. പാലോളിയും വിഎസും അടക്കം അഞ്ച് സ്ഥിരം ക്ഷണിതാക്കള്‍ സിസിയിലുണ്ട്. ബസുദേവ് ആചാര്യയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍.

പ്രകാശ് കാരാട്ടും അദ്ദേഹത്തെ അനുകൂലിക്കുന്ന കേരളഘടകവും സീതാറാം യെച്ചൂരിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകവും നേര്‍ക്കുനേര്‍ നിന്നു പോരാ‍ടുന്നത് കണ്ട പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ട് പക്ഷത്തിന്റെ പാര്‍ട്ടിയിലെ സ്വാധീനം കാര്യമായി കുറയ്ക്കാന്‍ യെച്ചൂരിക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും സാധിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിനിടെ അടവുനയം തീരുമാനിക്കുന്നതിലും സിസി, പിബി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലുമടക്കം പല കാര്യങ്ങളിലും രഹസ്യവോട്ടെടുപ്പ് നടത്തേണ്ട  സാഹചര്യം ഉണ്ടായിരുന്നു. എങ്കിലും സമവായ ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ തുറന്ന പോരിലേക്ക് പോകാതെ തീര്‍ക്കാന്‍ നേതാക്കള്‍ക്ക് സാധിച്ചു.

ജനറല്‍ സെക്രട്ടറിയായ തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളെ കണ്ട യെച്ചൂരി, ബിജെപിയാണ് പാര്‍ട്ടിയുടെ മുഖ്യശത്രുവെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് പ്രധാനലക്ഷ്യമെന്നും വീണ്ടും ആവര്‍ത്തിച്ചു. ബിജെപിക്കെതിരായ വോട്ടുകള്‍ വിഭജിച്ചു പോകാതിരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ എംപിയായിരുന്നിപ്പോള്‍ മോദി സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ നിരന്തരം വിമര്‍ശനം നടത്തിയ നേതാവായിരുന്നു യെച്ചൂരി. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് കാരണം രാജ്യസഭയില്‍ തുടരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നിലിപ്പോള്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ എതിരാളികളുടെ നീക്കങ്ങളെ സമര്‍ഥമായി നേരിട്ട യെച്ചൂരി കൂടുതല്‍ കരുത്തോടേയും സ്വാതന്ത്ര്യത്തോടെയുമാണ് സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് രണ്ടാം ഊഴം ആരംഭിക്കുന്നത്. പാര്‍ട്ടിയില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റഴിച്ചു വിടാന്‍ കൊതിക്കുന്ന യെച്ചൂരിയുടെ  കരുത്താനായുള്ള വരവ് അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യം യഥാര്‍ത്ഥ്യമാക്കുന്നതിലും നിര്‍ണായകമാവും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more