1 GBP = 103.83
breaking news

രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടു, യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടു, യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

ദില്ലി: മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. ഏറെക്കാലമായി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്ന സിന്‍ഹ വളരെക്കാലമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. താന്‍ വേറൊരു പാര്‍ട്ടിയിലും ചേരില്ലെന്നും എന്നാല്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1990-91 ല്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായ സിന്‍ഹ 1998 മുതല്‍ 2002 വരെയാണ് വാജ്‌പേയ് മന്ത്രിസഭയില്‍ ധനമന്ത്രിയായത്. തുടര്‍ന്ന് 2004 വരെ വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു.

പട്‌നയില്‍ വെച്ചാണ് സിന്‍ഹ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. ബിജെപിയുമായുള്ള തന്റെ സഹകരണം ഇവിടെ അവസാനിപ്പിക്കുകയാണെന്ന് സിന്‍ഹ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിന് ഇവിടെ അന്ത്യം കുറിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല. സിന്‍ഹ വ്യക്തമാക്കി.

രാജിപ്രഖ്യാപനവേളയിലും മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സിന്‍ഹ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ബജറ്റ് സമ്മേളനകാലത്ത് പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്ന് പൂര്‍ണ ഉത്തരവാദിത്വത്തോടെ എനിക്ക് പറയാനാകും. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തവണ പോലും യോഗം വിളിച്ചില്ല. ഇതാണ് സമ്മേളനം പൂര്‍ണമായും തടസപ്പെടാന്‍ കാരണം. സമ്മേളനം നടത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തിയില്ല. സിന്‍ഹ ആരോപിച്ചു.

രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. സുപ്രിം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചത് ഇതിന് ഉദാഹരണമാണ്. സിന്‍ഹ ചൂണ്ടിക്കാട്ടി. മോദിക്കെതിരെ പരസ്യമായി രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയതോടെ സിന്‍ഹയുടെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more