1 GBP = 103.61
breaking news

വാല്‍സിംഹാം തീര്‍ത്ഥാടനം: ഈ വര്‍ഷം പ്രത്യേകതകളേറെ … രൂപതാ പ്രഖ്യാപന വാര്‍ഷികവും കര്‍മ്മലമാതാവിന്റെ തിരുനാളും നാളെ തന്നെ….

വാല്‍സിംഹാം തീര്‍ത്ഥാടനം: ഈ വര്‍ഷം പ്രത്യേകതകളേറെ … രൂപതാ പ്രഖ്യാപന വാര്‍ഷികവും കര്‍മ്മലമാതാവിന്റെ തിരുനാളും നാളെ തന്നെ….

ഫാ. ബിജു കുന്നയ്ക്കാട്ട്

വാല്‍സിംഹാം: യുകെയിലെമ്പാടുമുള്ള മലയാളി ക്രൈസ്തവരും മാതൃഭക്തരും വാല്‍സിംഹാം പുണ്യജനനിയുടെ തിരുനടയില്‍ നാളെ ഒത്തുകൂടുമ്പോള്‍ നിരവധി പ്രത്യേകതകള്‍ കൊണ്ട് വ്യത്യസ്തമാകും ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാള്‍. 2016 ഒക്ടോബര്‍ ഒന്‍പതാം തീയതിയാണ് രൂപതാ ഉത്ഘാടനവും മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നതെങ്കിലും രൂപത പ്രഖ്യാപിച്ചു കൊണ്ട് വത്തിക്കാന്‍ പുറത്തിറക്കിയ ആദ്യ ഔദ്യോഗിക പ്രഖ്യാപനം (ബൂളാ) ഉണ്ടായത് ജൂലൈ പതിനാറാം തീയതിയാണ്. ബൂളായുടെ പകര്‍പ്പ് താഴെ കൊടുക്കുന്നു.

തിരുസദസില്‍ ആഘോഷിക്കപ്പെടുന്ന മാതാവിന്റെ ഒരു പ്രധാന തിരുനാളായ ‘കര്‍മ്മലമാതാവിന്റെ തിരുനാള്‍’ ഈ വര്‍ഷം ജൂലൈ പതിനാറാം തീയതിയാണ് വരുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിന് ശേഷം രൂപതാ നേതൃത്വം ഏറ്റെടുത്തു നടത്തുന്ന ആദ്യ വാല്‍സിംഹാം തിരുനാള്‍ എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തിലാണ് ഇത് നടന്നു വന്നിരുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് സ്വന്തമായി മെത്രാനെ ലഭിച്ചതിനാല്‍ ഈ വര്‍ഷം ഇതാദ്യമായാണ് കേരളത്തില്‍ നിന്നൊരു സന്ദര്‍ശക മെത്രാന്റെ സാനിധ്യമില്ലാതെ തിരുനാള്‍ നടക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തേക്കാളേറെയായി ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുമെന്ന് വിവരം ലഭിച്ചിരിക്കുന്നതെന്നും ഈ വര്‍ഷമാണ്. അറുപതിന് മുകളില്‍ കോച്ചുകളിലും നിരവധിയായ സ്വകാര്യ വാഹനങ്ങളിലുമായിരിക്കും ഈ വര്‍ഷം സന്ദര്‍ശകരെത്തുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനായി അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ 30 ല്‍ പരം വൈദികരുടെ സാന്നിധ്യമുണ്ടാകുമെന്നതും വാല്‍സിംഹാമില്‍ ആദ്യമായിരിക്കും. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ അതിവിപുലമായ ഭക്ഷണ സൗകര്യങ്ങളാണ് സംഘാടക സമിതി ഈ വര്‍ഷമൊരുക്കിയിരിക്കുന്നത്. 7000 ല്‍ അധികം പ്രതീക്ഷിക്കുന്ന ഭക്തജനങ്ങളെ സ്വീകരിക്കുന്ന തിരുനാളിന് 7 കുടുംബങ്ങളാണ് ഇത്തവണ പ്രസുദേന്തിമാരാകുന്നത് എന്നതാണ് മറ്റൊരു സവിശേഷത. രൂപതാ ക്വയര്‍ മാസ്റ്റര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായക സംഘവും തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ഗാനങ്ങളാലപിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു.

ഇങ്ങനെ ഒട്ടനവധി പ്രത്യേകതകളുമായി ഈ വര്‍ഷം വാല്‍സിംഹാം തിരുനാളിനൊത്തു ചേരുന്ന എല്ലാവര്‍ക്കും രൂപതാ കുടുംബത്തോട് ചേര്‍ന്ന് ഒരു ജനമായി പരി. മറിയത്തിന്റെ മാധ്യസ്ഥം പ്രാര്‍ത്ഥിക്കുവാനും ദൈവാനുഗ്രഹം സമൃദ്ധമായി നേടുവാനും ഇടയാകട്ടെയെന്നു ആശംസിക്കുന്നു….പ്രാര്‍ത്ഥിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more