1 GBP = 103.14

വാല്‍സിംഹാം തിരുന്നാള്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, ഇത്തവണ മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും….

വാല്‍സിംഹാം തിരുന്നാള്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, ഇത്തവണ മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും….

ഫാ. ബിജു കുന്നയ്ക്കാട്ട്

വാല്‍സിംഹാം: ‘അമ്മ മാഹാത്മ്യത്തിന്റെ ദിവ്യസ്തുതികള്‍ പാടിക്കൊണ്ട് ഇംഗ്ലണ്ടിന്റെ ഉഷ കാല താരം പരി. വാല്‍സിംഹാം മാതാവിന്റെ സന്നിധിയിലേക്ക് ഒരിക്കല്‍ കൂടി മക്കള്‍ ഒന്നായിയെത്തുന്നു. ഇത്തവണ ജൂലൈ പതിനാറാം തീയതി ഞായറാഴ്ച നടക്കുന്ന വാല്‍സിംഹാം തിരുനാളിനു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും.

രാവിലെ 9.30 മുതല്‍ 11.30 വരെ നടക്കുന്ന ധ്യാന ശുശ്രൂഷകള്‍ക്കും ഗാനാലാപനത്തിനും സെഹിയോന്‍ യുകെയുടെ ഡയറക്ടറും രൂപതാ ഇവാഞ്ചലൈസേഷന്‍ കോ-ഓര്‍ഡിനേറ്ററുമായ റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കും. വ്യക്തിപരമായ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പരി. അമ്മയുടെ സംരക്ഷണത്തിന് പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന ‘അടിമ വയ്ക്കല്‍’ ചടങ്ങുകള്‍ക്കും രാവിലെ 11.30 മുതല്‍ ഉച്ചക്ക് 1.30 വരെ സൗകര്യമുണ്ടായിരിക്കും. ഉച്ച ഭക്ഷണം കഴിക്കാന്‍ കൂടി ഈ സമയം പ്രയോജനപ്പെടുത്തണമെന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.

ചരിത്ര പ്രസിദ്ധമായ ‘ജപമാല പ്രദക്ഷിണം’ ഉച്ചക്ക് 1.30 നു ആരംഭിക്കും. പ്രദക്ഷിണത്തിന്റെ സമാപനത്തെ തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. അഭിവന്ദ്യ പിതാവിനൊപ്പം നിരവധി വൈദികരും ദിവ്യബലിയിലും മറ്റു ശുശ്രൂഷകളിലും പങ്കാളികളാകും.

മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും ധാരാളം വിശ്വാസികള്‍ തിരുനാളില്‍ സംബന്ധിക്കുവാന്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. വിശ്വാസികള്‍ക്ക് മിതമായ നിരക്കില്‍ തിരുന്നാള്‍ സ്ഥലത്ത് നിന്നും ഉച്ചഭക്ഷണം ലഭ്യമായിരിക്കും.

കോച്ചുകളില്‍ വരുന്നവര്‍ക്ക് ബസ് പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ടായിരിക്കുമെന്ന് തിരുന്നാള്‍ കോ-ഓര്‍ഡിനേറ്ററും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലിയനുമായ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more