1 GBP = 104.08

വേണുഗീതം ആദ്യ ഷോ വമ്പൻ ഹിറ്റ്; ഗ്ലാസ്ഗോയിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ; മൂന്നുമണിക്കൂർ കാണികളെ കയ്യിലെടുത്ത് വേണുഗോപാലും സംഘവും

വേണുഗീതം ആദ്യ ഷോ വമ്പൻ ഹിറ്റ്; ഗ്ലാസ്ഗോയിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ; മൂന്നുമണിക്കൂർ കാണികളെ കയ്യിലെടുത്ത് വേണുഗോപാലും സംഘവും

ഗ്ലാസ്‌ഗോ: ഇന്നലെ വൈകുന്നേരം ഗ്ലാസ്ഗോയിലെ മദർവെൽ കൺസേർട്ട് ഹാളും പരിസരവും പൂരപ്പറമ്പായി മാറുകയായിരുന്നു. സംഘാടകരെപ്പോലും അമ്പരപ്പിച്ച് കൊണ്ടാണ് വേദിയിലേക്ക് കാണികളുടെ ഒഴുക്കുണ്ടായത്. ഏറെ നാളുകൾക്ക് ശേഷമാണ് ഗ്ളാസ്ഗോയിൽ മികച്ചൊരു പരിപാടി സംഘടിപ്പിച്ചത് തന്നെ. അതുകൊണ്ട് തന്നെ സ്കോട്ട്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് മലയാളികളാണ് കുടുംബസമേതം ഗ്ലാസ്ഗോയിലെത്തിയത്. പ്രശസ്ത സിനിമാ പിന്നണി ഗായകൻ ശ്രീ ജി വേണുഗോപാലിന്റെ സംഗീത സപര്യയുടെ 35 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വേണുഗീതം യുകെയിൽ സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ഷോയായിരുന്നു ഗ്ലാസ്ഗോയിലെ മദർവെൽ കൺസേർട്ട് ഹാളിൽ അരങ്ങേറിയത്.

ജി വേണുഗോപാലിനൊപ്പം പ്രശസ്ത പിന്നണി ഗായകരായ വൈഷ്ണവ് ഗിരീഷ്, മൃദുല വാര്യർ, ഡോ. വാണീ ജയറാം, ഫാ.വിൽസൺ മേച്ചേരിൽ, പ്രശസ്ത മെൻറലിസ്റ്റും മൈൻഡ് മാജിഷ്യനുമായ രാജമൂർത്തി, മിനി സ്ക്രീൻ അവതാരകൻ കോമഡി ആർട്ടിസ്റ്റ് സാബു തിരുവല്ല, കീബോർഡിസ്റ്റ് രാജ് മോഹൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഏറ്റവും മികച്ച ഒരു പരിപാടി തന്നെയായിരുന്നുവെന്ന് മുഴുവൻ കാണികളും സാക്ഷ്യപ്പെടുത്തുന്നു.

ഇംഗ്ലണ്ടിൽ മറ്റ് രണ്ടു സ്റ്റേജുകൾ കൂടി സംഘാടകർ ഒരുക്കിയിട്ടുണ്ട്. യുക്മയുടെ നേതൃത്വത്തിൽ ഇന്ന് ലെസ്റ്റർ അഥീനയിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. യുക്മ സ്റ്റാർ സിംഗർ3 ഗ്രാന്റ് ഫിനാലെയോടൊപ്പമാണ് വേണുഗീതവും അരങ്ങേറുക. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി, ആദ്യ സെഷൻ സ്റ്റാർസിംഗർ ഗ്രാന്റ്‌ ഫിനാലെക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നു എന്നത് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട സവിഷേതയാണ്.  നാലുമണിമുതൽ ആറുമണിവരെയാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറുന്നത്. തുടർന്ന് തുടർച്ചയായ മൂന്നു മണിക്കൂർ “വേണുഗീതം”  മെഗാഷോ നടക്കുന്നതാണ്. ‘വേണുഗീതം’ മെഗാഷോയുടെ സമാപനത്തിന് മുൻപായിരിക്കും  ഗ്രാൻഡ്‌ഫിനാലെ വിജയികളെ പ്രഖ്യാപിക്കുന്നതും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതും.

മറ്റൊരു വേദി ലണ്ടനിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. മേയ് 28 നാണ് വേണുഗീതം മെഗാഷോ ലണ്ടനിൽ അരങ്ങേറുക. ലണ്ടൻ മാനോർപാർക്കിലുള്ള മനോഹരമായ റോയൽ റീജൻസി ഹാളിൽ വൈകിട്ട് 5 മണി മുതലാണ് പരിപാടി നടക്കുക. ആദ്യ ഷോയുടെ വമ്പൻ വിജയം മറ്റിടങ്ങളിലും ആവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more