1 GBP = 104.17
breaking news

വീരേന്ദ്രകുമാർ എൽ.ഡി.എഫിലേക്ക്,​ എം.പിസ്ഥാനം രാജിവയ്ക്കും

വീരേന്ദ്രകുമാർ എൽ.ഡി.എഫിലേക്ക്,​ എം.പിസ്ഥാനം രാജിവയ്ക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് യാത്രയായ ‘പടയൊരുക്കം’ ഒന്നാം തീയതി തലസ്ഥാനത്ത് സമാപിക്കാനിരിക്കെ മുന്നണി വിട്ട് എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്നു. അടുത്തമാസം ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും. മുമ്പ് ജനതാദൾ വിട്ടപ്പോൾ കേരളത്തിൽ രൂപീകരിച്ച എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ചാകും വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോകുക. അതിന് മുന്നോടിയായി വീരേന്ദ്ര കുമാർ രാജ്യസഭാ അംഗത്വം രാജിവയ്ക്കും. 15നകം അതുണ്ടാകുമെന്നാണ് സൂചന.
നിലവിൽ ഇടതുമുന്നണിയിലുള്ള ജെ.ഡി.എസുമായി ലയിക്കാനാണ് സി.പി.എം നിർദേശമെങ്കിലും അതിൽ ചില എതിർപ്പുകൾ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി മാത്യൂ.ടി. തോമസാണ് ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നത്. എന്നാൽ, സംസ്ഥാന പ്രസിഡ‌ന്റ് കെ. കൃഷ്ണൻകുട്ടി, സി.കെ.നാണു എന്നീ എം.എൽ.എമാർ സഹകരിക്കുമെന്നാണ് സൂചന. കൂടുതൽ ചർച്ചകൾ വരുംദിവസങ്ങളിൽ നടന്നേക്കും. സി.പി.എം നേതാക്കളുമായി അടുത്തദിവസങ്ങളിൽ എം.പി. വീരേന്ദ്രകുമാർ ചർച്ച നടത്തിയേക്കുമെന്നും അറിയുന്നു.

ബീഹാർ മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയിലേക്ക് പോയതോടെയാണ് പാർട്ടി കേരള ഘടകം പ്രതിസന്ധിയിലായത്. എൻ.ഡി.എയ്ക്കൊപ്പം പോകാനില്ലെന്ന നിലപാടെടുത്ത കേരള ഘടകം വിമത നേതാവായ ശരത് യാദവിനൊപ്പം നിന്നു. എന്നാൽ, കഴിഞ്ഞ ദിവസം പാർട്ടി ചിഹ്നം നീതീഷ് കുമാർ പക്ഷത്തിന് ലഭിച്ചതോടെ ശരത് യാദവ് പുതിയ പാർട്ടി രൂപീകരിക്കാനുള്ള ഒരുക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. എന്നാൽ, അതിനൊപ്പം നിൽക്കാതെ കേരളത്തിൽ നേരത്തെയുണ്ടായിരുന്ന എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ച് ഇടതുമുന്നണിയോടൊപ്പം പോകാനാണ് കേരള ഘടകത്തിലെ ഭൂരിപക്ഷം നേതാക്കളുടെയും താത്പര്യം. അതിന്റെ ഭാഗമായ ചർച്ചകളാണ് നടക്കുന്നത്. എൽ.ഡി.എഫിലേക്കു പോകാനാണെങ്കിൽ നിലവിൽ അവിടെയുള്ള ജനതാദൾ എസിൽ ലയിച്ചാൽ മതി. എന്നാൽ, വീരേന്ദ്രകുമാറിനെ ഉൾക്കൊള്ളുന്നതിൽ ജെ.ഡി.എസിൽ അഭിപ്രായ വ്യത്യാസമുണ്ട്. ലയിച്ചാൽ ഇപ്പോൾ ലഭിക്കുന്ന പ്രാമുഖ്യം നഷ്ടപ്പെടുമെന്ന ആശങ്ക ജെ.ഡി.എസിലെ മുതിർന്ന നേതാക്കൾക്കുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ലയനത്തിനായി ശക്തമായ നീക്കം നടന്നെങ്കിലും മുൻ മന്ത്രി കെ.പി. മോഹനന്റെ എതിർപ്പ് കാരണം അത് നടക്കാതെ പോയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more