1 GBP = 104.17

സബ് കളക്ടര്‍ കുടുംബ സുഹൃത്തിന് പതിച്ചുനല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂ മന്ത്രി

സബ് കളക്ടര്‍ കുടുംബ സുഹൃത്തിന് പതിച്ചുനല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: സബ് കളക്ടറും കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ കുടുംബ സുഹൃത്തിന് പതിച്ചു നല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. സബ് കളക്ടറുടെ നടപടി പരിശോധിക്കും. സബ് കളക്ടറുടെ ഉത്തരവില്‍ പോരായ്മകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. നേരത്തെ കളക്ടറുടെ ഉത്തരവ് സ്‌റ്റേ ചെയ്ത മന്ത്രി സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറോണ് നിര്‍ദ്ദേശിച്ചിരുന്നു.

2017 ജൂലൈ ഒന്‍പതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിയെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളി-വര്‍ക്കല സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് സബ് കളക്ടര്‍ തന്റെ ഭര്‍ത്താവ് കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ കുടുംബ സുഹൃത്തിന് സൗജന്യമായി പതിച്ചു നല്‍കിയത്. ഒരു കോടി രൂപ മതിപ്പുവില വരുന്ന സ്ഥലമാണ് സബ് കളക്ടര്‍ കുടുംബ സുഹൃത്തിന് പതിച്ചു നല്‍കിയത്.

അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജി എന്നയാള്‍ക്കാണ് ഭൂമി പതിച്ചുനല്‍കിയത്. ഡി.സി.സി അംഗത്തിന്റെ ബന്ധു കൂടിയാണ് ലിജി. ഡി.സി.ഡി അംഗം ശബരീനാഥിന്റെ കുടുംബ സുഹൃത്തുമാണ്. സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തത്.

ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ആദ്യ ഘട്ടത്തില്‍ ദിവ്യ എസ്. അയ്യര്‍ കക്ഷി ആയിരുന്നില്ല. എന്നാല്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് പിന്നിട് ആര്‍.ഡി.ഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. പരാതിക്കാരിയെ നേരില്‍ക്കണ്ട് തീരുമാനം എടുക്കാന്‍ കഴിഞ്ഞ ഒക്‌ടോബര്‍ 31ന് ആര്‍.ഡി.ഒയെ ഹൈക്കോടതി ചുമതലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവില്‍ പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിംഗ് നടത്തി ഭൂമി പതിച്ചു നല്‍കുകയായിരുന്നു.

കൈവശം വച്ചനുഭവിക്കുന്ന റീസര്‍വേ നമ്പര്‍ 224,224,226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നു തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരി രംഗത്ത് വന്നത്. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത റീസര്‍വേ നമ്പര്‍ 227ലെ 27 സെന്റ് സ്ഥലം പരാതിയില്‍ പറയുന്നുണ്ടായിരുന്നില്ല. പരാതി പരിഗണിച്ച ദിവ്യ എസ്. അയ്യര്‍ 224,224,226 റീസര്‍വേ നമ്പരുകളിലെ ഭൂമിക്ക് പുറമെ റീസര്‍വേ നമ്പര്‍ 227ലെ 27 സെന്റ് സ്ഥലം സ്ഥലം കൂടി പരാതിക്കാരിക്ക് പതിച്ച് നല്‍കി. ഇതോടെ കൈവശ ഭൂമിക്ക് പുറമെ സര്‍ക്കാര്‍ ഭൂമി കൂടി പരാതിക്കാരിക്ക് ലഭിച്ചു.

പരാതിക്കാരി ഒഴികെ മറ്റ് കക്ഷികളെ അറിയിക്കാതെ അതീവ രഹസ്യമായി ഹിയറിംഗ് നടത്തിയാണ് എം.എല്‍.എയുടെ കുടുംബ സുഹൃത്തിന് വേണ്ടി സബ് കളക്ടര്‍ നീക്കങ്ങള്‍ നടത്തിയത്. വര്‍ക്കല എം.എല്‍.എ വി ജോയിയാണ് അനധികൃത ഇടപാട് പുറത്തു കൊണ്ടുവന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more