1 GBP = 103.38

വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്, ശക്തമായ കാറ്റും മഴയും, അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്, ശക്തമായ കാറ്റും മഴയും, അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക് അടുക്കുന്നതിനാല്‍ ചെന്നൈയില്‍ ശക്തമായ കാറ്റും മഴയും. തിങ്കളാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് തീരത്തേക്ക് എത്തുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ചെന്നൈ നഗരത്തില്‍ ശക്തമായ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. ആകാശം മൂടിക്കെട്ടിയ നിലയിലാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിവതും കഴിയണമെന്ന് തമിഴ്‌നാട് സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് എഗ്മോര്‍, ടി നഗര്‍, പാരീസ് എന്നിവിടങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലായി.

സുരക്ഷ കണക്കിലെടുത്ത് ചെന്നൈ, കാഞ്ചീപുരം,തിരുവള്ളൂര്‍ ജില്ലകളിലും വില്ലുപുരം ജില്ലയിലെ കടലോര താലൂക്കുകളിലും തിങ്കളാഴ്ച അവധി നല്‍കി. തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ഇതിനിടെ ചെന്നൈ വിമാനത്താവളത്തിലേക്കുള്ള 25 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. 9 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റ് കരയ്ക്ക് 87 കിലോമാറ്റര്‍ അടുത്തെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചെന്നൈ കോര്‍പ്പറേഷന്‍ വാട്‌സ് ആപ്പ് നമ്പറുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 25619206, 25619511 , 25384965 ,25383694, 25367823, 25387570 എന്നിവയാണ് നമ്പരുകള്‍. മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലും കോയമ്പേട് ബസ് സ്റ്റാന്‍ഡിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more