1 GBP = 104.21

യുക്മ റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 21ന് നടത്തപ്പെടും: അഡ്വ. ഫ്രാന്‍സിസ് മാത്യു

യുക്മ റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 21ന് നടത്തപ്പെടും: അഡ്വ. ഫ്രാന്‍സിസ് മാത്യു

യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017, 2018 പ്രവര്‍ത്തന വര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍ വിജ്ഞാപനം അനുസരിച്ച് റീജണല്‍ തെരഞ്ഞെടുപ്പുകള്‍ 2017 ജനുവരി 21ന് നടത്തപ്പെടുമെന്ന് ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യു അറിയിച്ചു. ഈ തീയതിയില്‍ അല്ലാതെ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുമെന്നുള്ള ഇപ്പോഴുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം റീജിയനുകളുടെ സൗകര്യാര്‍ത്ഥം മറ്റ് തിയതികളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് റീജിയണല്‍ പ്രസിഡന്റും സെക്രെട്ടറിയും സംയുക്തമായി ദേശീയ നേതൃത്വത്തിന്റെ അനുമതി തേടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഏകീകൃതമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണ് ഒരു വീക്കെന്റ് തന്നെ റീജണല്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള
നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ജനുവരി 28 ശനിയാഴ്ച നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വിവിധ റീജിയണുകളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുക്മയുടെ നൂറില്പരം വരുന്ന അംഗ അസ്സോസിയേഷനുകളില്‍ നിന്നുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കാണ് റീജിയണല്‍ ദേശീയ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഇമെയില്‍ എല്ലാ ദേശീയ ഭാരവാഹികള്‍ക്കും, റീജിയണല്‍ പ്രസിഡണ്ട്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ദേശീയ ജനറല്‍ സെക്രട്ടറി ഔദ്യോഗിക അയച്ചു കഴിഞ്ഞു.

പുതിയ റീജിയണല്‍ നാഷനല്‍ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ചു താഴെപ്പറയുന്ന തീയതികളിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും നടപടികളും പൂര്‍ത്തിയാക്കേണ്ടതാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി : 10th December 2016
യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി : 07th January 2017
യുക്മ പ്രതിനിധി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 12th January 2017
തിരുത്തലുകള്‍ക്കുള്ള അവസാന തീയതി : 15th January 2017
അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 16th January 2017
റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന തീയതി : 21 January 2017
ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും : 28th January 2017

യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് പുതുമുഖങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി നിലവില്‍ വരുന്നതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 16.01.2016ല്‍ നടന്ന യുക്മ ദേശീയ മിഡ് ടേം ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഭേദഗതികള്‍ നടപ്പിലാക്കിയത്. പ്രസ്തുത ഭേദഗതികള്‍ റീജിയനുകള്‍ വഴി എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ചു നല്‍കിയിട്ടുള്ളതാണ്. തുടര്‍ച്ചയായി മൂന്ന് വട്ടം ദേശീയ കമ്മറ്റിയില്‍ സ്ഥാനം വഹിച്ചിട്ടുള്ളവര്‍ ഒരു ടേം മാറി നില്‍ക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് പുതുമുഖങ്ങള്‍ക്ക് അവസരം ഉറപ്പാക്കിയിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ പൂര്‍ണ്ണമായ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നുവെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. യുക്മ റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും വോട്ടര്‍ പട്ടികയില്‍ മാറ്റം വരുന്നതു പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ ക്രമം കൃത്യമായി പാലിക്കുന്നതിനും വേണ്ടിയാണ് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

അംഗ അസോസിയേഷനുകള്‍ക്കും പ്രതിനിധികള്‍ക്കും സൗകര്യപ്രദമായ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിനാണ് 2017 ജനുവരി 21 (റീജിയണല്‍), 28 (നാഷണല്‍) എന്നീ തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്. 40 ദിവസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചതു കൊണ്ട് തന്നെ അസോസിയേഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങള്‍ തിരക്കുകള്‍ കൂടാതെ തന്നെ എടുക്കുന്നതിനു സാധിക്കും.

ജനുവരി ആദ്യ ആഴ്ച്ചകളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള ചില അഭിപ്രായങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്നിരുന്നുവെങ്കിലും പല അസോസിയേഷനുകളും ക്രിസ്തുമസ്‌ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തുന്നതും മറ്റും പരിഗണിച്ചാണ് എല്ലാവര്‍ക്കും അനുയോജ്യമായ തീയതികള്‍ എന്നുള്ള നിലയില്‍ ജനുവരി 21, 28 തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥാനങ്ങള്‍
ദേശീയ ഭാരവാഹികള്‍: പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട് (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് സെക്രട്ടറി (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് ട്രഷറര്‍ എന്നിങ്ങനെ എട്ട് (8) സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
റീജിയണല്‍ ഭാരവാഹികള്‍: പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

യുക്മ നാഷണല്‍ വെബ്‌സൈറ്റില്‍ (www.uukma.org) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രതിനിധികളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച കഉ രമൃറ കാണിക്കേണ്ടതാണ്. ദേശീയ തെരഞ്ഞെടുപ്പിന് നോമിനേഷന്‍ ഫീസ് ആയി പത്തു പൗണ്ട് (£10) നല്‍കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പിന് നോമിനേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.

റീജിയണുകളില്‍ ഏകാഭിപ്രായമാണുള്ളതെങ്കില്‍, തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ നാല് ആഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്താവുന്നതാണ് എന്നുള്ള വിവരം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നു. അത്തരം സാഹചര്യങ്ങളില്‍ റീജിയണല്‍ പ്രസിഡണ്ടും സെക്രട്ടറിയും സംയുക്തമായി ദേശീയ പ്രസിഡണ്ട്, ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരെ വിവരം അറിയിച്ചു പുതുക്കിയ തീയതികള്‍ക്ക് അംഗീകാരം നേടേണ്ടതാണ്. അതാത് റീജിയനുകളിലെ എല്ലാ അസ്സോസിയേഷനുകള്‍ക്കും സമ്മതമാണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുകയുള്ളൂ എന്നുള്ള കാര്യവും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. അതനുസരിച്ച് ദേശീയ കമ്മറ്റി പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 22ന് പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തുന്നതിനുള്ള ആവശ്യം അറിയിച്ച റീജിയനുകള്‍ക്ക് അതിനുള്ള അനുമതി ദേശീയ നേതൃത്വം നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ ദേശീയ കമ്മറ്റിയുടെ നിര്‍ദേശം അനുസരിച്ച് 2017 ജനുവരി 21നും, 21ന് അസൗകര്യമുള്ള റീജിയണുകള്‍ക്ക് 22നോ മറ്റ് അനുയോജ്യമായ തിയതികളിലോ നടത്താവുന്നതാണ്.

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ സുതാര്യവും സത്യസന്ധവുമായ രീതിയില്‍ നടപ്പിലാക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍, നാഷണല്‍ പൊതുയോഗങ്ങളിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിന് ആവശ്യമായ അവസരം? ലഭ്യമാക്കുന്നതിനാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരിക്കുന്നത്. നമ്മുടെ സംഘടനയുടെ കഴിഞ്ഞ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിയിലേയ്ക്ക് കൂടുതല്‍ കരുത്തോടെ മുന്നേറുന്നതിനുള്ള ആശയസ്വരൂപണം നടത്തുന്നതിനുമുള്ള നിര്‍ണ്ണായക പൊതുയോഗമാണിത്. അതുകൊണ്ട് തന്നെ എല്ലാ അംഗ അസോസിയേഷനുകളുടേയും പ്രാതിനിധ്യം അതത് റീജിയണുകളിലും ദേശീയ തലത്തിലും പൊതുയോഗങ്ങളില്‍ ഉണ്ടാവണം. നാളിതുവരെ നല്‍കിവന്നിട്ടുള്ള പിന്തുണയും സഹകരണവും പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗങ്ങളില്‍ ഉണ്ടാവണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുകയാണ്.

വിശ്വസ്തതാപൂര്‍വം,

അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more