1 GBP = 103.84
breaking news

ആവേശം വിതറിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുതു നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകളുമായി യുക്മ : ഏറെ പുതുമുഖങ്ങള്‍ ഇത്തവണ ദേശീയ നേതൃത്വത്തില്‍ എത്തും – പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ റീജിയണല്‍-നാഷണല്‍ തലങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് തന്നെ

ആവേശം വിതറിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുതു നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകളുമായി യുക്മ : ഏറെ പുതുമുഖങ്ങള്‍ ഇത്തവണ ദേശീയ നേതൃത്വത്തില്‍ എത്തും – പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ റീജിയണല്‍-നാഷണല്‍ തലങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് തന്നെ

ലോക പ്രവാസി മലയാളി സമൂഹങ്ങളെ അക്ഷരാര്‍ഥത്തില്‍ വിസ്മയിപ്പിച്ചുകൊണ്ട് സമാപിച്ച ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ജന സഹസ്രങ്ങളുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങിക്കൊണ്ട് 2016 പ്രവര്‍ത്തന വര്‍ഷം അവസാനിച്ചു കഴിഞ്ഞു. ഒപ്പം 2015-2017 കാലഘട്ടത്തിലെ, അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യുവും ശ്രീ. സജീഷ് ടോമും നേതൃത്വം നല്‍കിയ ദേശീയ ഭരണ സമിതി അഭിമാനകരമായ രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നു, ഈ ജനുവരിയില്‍.
കൂട്ടുത്തരവാദിത്വത്തിന്റെ ഈ രണ്ട് വര്‍ഷം സംഘടനയെ കൂടുതല്‍ ജനകീയമാക്കിയ നേതൃത്വം എന്ന ബഹുമതി സ്വന്തമാക്കിക്കൊണ്ട് പടിയിറങ്ങുമ്പോള്‍, പുതിയ അസ്സോസിയേഷനുകളെ നിരുപാധികം യുക്മയിലേക്ക് സ്വീകരിക്കേണ്ടതിലേക്കുള്ള ഇനിയും പൂര്‍ത്തീകരിക്കപ്പെടാനുള്ള നടപടികള്‍ പുതിയ ഭരണ സമിതിക്ക് ഒരു ദൗത്യമായി കൈമാറുകയാണെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റും സെക്രട്ടറിയും ഒരേ സ്വരത്തില്‍ പറയുന്നു. ജനപക്ഷത്തുനിന്നുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, 2016 ജനുവരി 16ന് ബര്‍മിംഗ്ഹാമില്‍ നടന്ന മിഡ് ടേം ജനറല്‍ ബോഡി യോഗത്തില്‍ പാസാക്കിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമാവലി ഭേദഗതികളുടെ പേരില്‍ നിലവിലുള്ള ദേശീയ നേതൃത്വം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
പുതിയ ഭരണഘടനാ ഭേദഗതി അനുസരിച്ചു, തുടര്‍ച്ചയായി രണ്ടു ടേം ദേശീയ ഭാരവാഹികളായവരോ, തുടര്‍ച്ചയായി മൂന്ന് ടേം ദേശീയ ഭരണസമിതിയുടെ ഭാഗമായി വന്നവരോ ഒരു ടേം ദേശീയ സമിതിയില്‍ നിന്നും മാറി നില്‍ക്കേണ്ടതാണ്. ഇത് പുതു മുഖങ്ങള്‍ക്ക് സംഘടനാ നേതൃത്വത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കും എന്നതില്‍ സംശയമില്ല. അതോടൊപ്പം തന്നെ യുക്മ റീജിയണല്‍ – ദേശീയ സമിതികളില്‍ ഭാരവാഹികളായി പ്രവര്‍ത്തിച്ചു മികവ് തെളിയിച്ചവര്‍ ആയിരിക്കും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുക എന്ന ഭേദഗതി, കൂടുതല്‍ പരിചയസമ്പന്നര്‍ മുന്‍നിര നേതൃത്വത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുന്നുണ്ട്.
ഭരണഘടനാ റിവ്യൂ കമ്മറ്റി അംഗങ്ങള്‍ എല്ലാവരും ഒപ്പിട്ട ഭേദഗതികള്‍, തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ റീജിയണല്‍ പ്രസിഡന്റുമാര്‍ക്കും, സെക്രട്ടറിമാര്‍ക്കും, ദേശീയ കമ്മറ്റി അംഗങ്ങള്‍ക്കും മാസങ്ങള്‍ക്കു മുന്‍പേ തന്നെ അയച്ചു കഴിഞ്ഞതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം അറിയിച്ചു. പ്രസ്തുത ഭേദഗതി എത്രയും വേഗം അംഗ അസോസിയേഷനുകള്‍ക്ക് അയച്ചു കൊടുക്കുവാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇനിയും ഭേദഗതികള്‍ കിട്ടിയിട്ടില്ലാത്ത അസോസിയേഷനുകള്‍ അതാത് റീജിയണല്‍ സെക്രട്ടറിമാരെയോ പ്രസിഡന്റ്മാരെയോ ബന്ധപ്പെടേണ്ടതാണ്.
ജനുവരി 21, 22 തീയതികളില്‍ റീജിയണല്‍ തെരഞ്ഞെടുപ്പുകളും, ജനുവരി 28 ശനിയാഴ്ച ദേശീയ തെരഞ്ഞെടുപ്പ് പൊതുയോഗവും പ്രഖ്യാപിച്ചുകൊണ്ട് ഡിസംബര്‍ പത്തിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ യുക്മയുടെ സംഘടനാ സംവിധാനം അടിമുടി ചലനാത്മകമായ മാറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനകം എല്ലാ അംഗ അസ്സോസിയേഷനുകളിലും എത്തിക്കഴിഞ്ഞിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന ചെറിയ ആശയക്കുഴപ്പങ്ങളെല്ലാം പൂര്‍ണ്ണമായി പരിഹരിച്ചുകൊണ്ട് എല്ലാ റീജിയണല്‍ കമ്മറ്റികളും ദേശീയ കമ്മറ്റിയും ഒറ്റക്കെട്ടായി തങ്ങളുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതാക്കളെ തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് നീങ്ങുകയാണ്.
ചിട്ടയായ കേഡര്‍ സംവിധാനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനാ എന്നനിലയില്‍, തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് തികച്ചും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് വിവിധ റീജിയണല്‍ കമ്മറ്റികളോടും അംഗ അസ്സോസിയേഷനുകളോടും യുക്മ ദേശീയ ഭരണ സമിതി അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യു, ജനറല്‍ സെക്രട്ടറി സജീഷ് ടോം, ട്രഷറര്‍ ഷാജി തോമസ്, വൈസ് പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, ബീന സെന്‍സ്, ജോയിന്റ് സെക്രട്ടറിമാരായ ബിജു തോമസ്, ആന്‍സി ജോയ്, ജോയിന്റ് ട്രഷറര്‍ എബ്രഹാം ജോര്‍ജ് എന്നിവരുടെയും, റീജിയണല്‍ പ്രസിഡന്റുമാരായ രഞ്ജിത്ത് കുമാര്‍, സുജു ജോസഫ്, ജയകുമാര്‍ നായര്‍, മനോജ് പിള്ള, അഡ്വക്കേറ്റ് സിജു ജോസഫ്, ജോജി ജോസ്, അലക്‌സ് എബ്രഹാം എന്നിവരുടെയും, റീജിയനുകളില്‍നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, മറ്റ് റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവരുടെയും നേതൃത്വത്തില്‍, സുസംഘടിതമായ രൂപരേഖയുടെ അടിസ്ഥാനത്തില്‍, രണ്ട് പ്രവര്‍ത്തന വര്‍ഷങ്ങള്‍ പിന്നിടുന്ന നിലവിലുള്ള യുക്മ നേതൃത്വത്തിന് ഇത് അഭിമാന നിമിഷങ്ങള്‍.

വാര്‍ത്ത: അനീഷ് ജോണ്‍, (യുക്മ നാഷണല്‍ പി.ആര്‍.ഒ.)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more