1 GBP = 104.01

യുകെയിലെ ജലരാജാക്കന്മാരെ പരിചയപ്പെടാം; 22 കരുത്തുറ്റ ടീമുകള്‍ ഏറ്റുമുട്ടുന്നത് 6 ഹീറ്റ്‌സുകളിലായി

യുകെയിലെ ജലരാജാക്കന്മാരെ പരിചയപ്പെടാം; 22 കരുത്തുറ്റ ടീമുകള്‍ ഏറ്റുമുട്ടുന്നത് 6 ഹീറ്റ്‌സുകളിലായി

യുകെയിലെ 110 മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ, കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവരുടെ സഹകരണത്തോടെ ജൂലൈ 29 ശനിയാഴ്ച്ച നടത്തുന്ന വള്ളംകളി മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ ഏതെല്ലാം വള്ളങ്ങളാണ് ഏറ്റുമുട്ടുന്നതെന്നുള്ള തീരുമാനം നറുക്കെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. നാല് ടീമുകള്‍ ഉള്‍പ്പെടുന്ന നാല് ഹീറ്റ്സുകളും മൂന്ന് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഹീറ്റ്സുകളും കൂടി ആദ്യ റൗണ്ടില്‍ ആറ് ഹീറ്റ്സുകളിലായിട്ടായിരിക്കും 22 ടീമുകള്‍ ഏറ്റുമുട്ടുന്നത്.

അവസാന 16 ടീമുകളെ തെരഞ്ഞെടുക്കുന്നതിനായുള്ള നോക്കൗട്ട് മത്സരമാണ് ആദ്യ റൗണ്ടില്‍ അരങ്ങേറുന്നത്. ആറ് ഹീറ്റ്സുകളിലും മത്സരിക്കുന്നതില്‍ നിന്നും ഓരോ ടീമുകള്‍ വീതം പുറത്താകും. നാല് ടീമുകള്‍ മത്സരിക്കുന്ന ഹീറ്റ്സുകളില്‍ നിന്നും മൂന്ന് ടീമുകളും മൂന്ന് ടീമുകള്‍ മത്സരിക്കുന്ന ഹീറ്റ്സുകളില്‍ നിന്ന് രണ്ട് ടീമുകളുമാണ് സെമി-ഫൈനല്‍ റൗണ്ടിലേയ്ക്ക് (അവസാന 16-ലേയ്ക്ക്) പ്രവേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഏതെങ്കിലും കാരണവശാല്‍ പിന്മാറിയാല്‍ മറ്റ് ടീമുകള്‍ക്ക് അടുത്ത റൗണ്ടിലേയ്ക്ക് വാക്കോവര്‍ ലഭിക്കുന്നതായിരിക്കും. എന്നാല്‍ മത്സരത്തിലൂടെ ഹീറ്റ്സ് മത്സരത്തിലെ വിവിധ സ്ഥാനങ്ങള്‍ നിശ്ചയിച്ച ശേഷമായിരിക്കും വാക്കോവര്‍ ലഭിക്കുന്നത്.

കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും ബോട്ട് ക്ലബുകള്‍ മത്സരിക്കുന്നത്. വിവിധ ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന വള്ളങ്ങളുടെ വിവരം താഴെ നല്‍കുന്നു. കൂടാതെ ഓരോ വള്ളം തുഴയുന്ന ബോട്ട് ക്ലബുകളും അവയുടെ ക്യാപ്റ്റന്മാരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹീറ്റ്സ് 1: വെള്ളംകുളങ്ങര, തിരുവാര്‍പ്പ്, കുമരങ്കരി, നടുഭാഗം

വെള്ളംകുളങ്ങര (യുണൈറ്റഡ് ബോട്ട് ക്ലബ്, ആന്റോവര്‍, കോശിയ ജോസ്)

തിരുവാര്‍പ്പ് (ടൈഗേഴ്സ് ബോട്ട് ക്ലബ്, ഓക്സ്ഫോര്‍ഡ്, സിബി കുര്യാക്കോസ്)

കുമരങ്കരി (ഇപ്സ്വിച്ച് ബോട്ട് ക്ലബ്, ഇപ്സ്വിച്ച്, ഷിബി വിറ്റസ്)

നടുഭാഗം (ഷെഫീല്‍ഡ് ബോട്ട് ക്ലബ്, ഷെഫീല്‍ഡ്, രാജു ചാക്കോ)

നെഹ്റു ട്രോഫിയില്‍ വിജയികളായ പാരമ്പര്യമുള്ള വെള്ളംകുളങ്ങര എന്ന മഹത്തായ പാരമ്പര്യമുള്ള പേരിലുള്ള വള്ളം തുഴയുന്നത് യുണൈറ്റഡ് ബോട്ട് ക്ലബ്, സൗത്ത് വെസ്റ്റ് ആണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുക്മ ദേശീയ കായികമേളയിലെ വ്യക്തിഗത ചാമ്പ്യന്‍ കൂടിയായ എം.പി പത്മരാജ് ആണ് ടീം ക്യാപ്റ്റന്‍. സൗത്ത് വെസ്റ്റ് റീജണിലെ കരുത്തരായ യുവാക്കളുടെ ടീം എന്ന നിലയില്‍ മറ്റ് ടീമുകള്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തുവാന്‍ വെള്ളംകുളങ്ങരയ്ക്ക് സാധിക്കുമെന്നുള്ളതിന് സംശയമില്ല.

വള്ളംകളി മത്സരം അരങ്ങേറുന്ന റഗ്ബിയ്ക് തൊട്ടടുത്തുള്ള കൗണ്ടിയായ ഓക്സ്ഫോര്‍ഡ്ചെയറില്‍ നിന്നുമാണ് തിരുവാര്‍പ്പ് വള്ളം തുഴയുന്നതിനായി സിബി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ടൈഗേഴ്സ് ബോട്ട് ക്ലബ്, ഓക്സ്ഫോര്‍ഡ് എത്തിച്ചേരുന്നത്. ഓക്സ്ഫോര്‍ഡ്, ബാന്‍ബറി എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികളുടെ കൂട്ടായ്മയാണ് ഈ ടീമിന് കരുത്ത് പകര്‍ന്ന് അണിചേരുന്നത്.

പ്രശസ്തമായ കുമരങ്കരിയുടെ പേരിലുള്ള വള്ളം തുഴയുവാനെത്തുന്നത് പോരാട്ടവീര്യമേറെയുള്ള ഇപ്സ്വിച്ച് ബോട്ട് ക്ലബിന്റെ ചുണക്കുട്ടികളാണ്. യുക്മ ദേശീയ കലാമേളയിലും ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കലാമേളകളിലുമെല്ലാം കരുത്തുറ്റ പ്രകടനം കാഴ്ച്ച വച്ചിട്ടുള്ളതാണ് ഐ.എം.എ ഇപ്സ്വിച്ച്. ടീം വര്‍ക്കിന്റെ കാര്യത്തില്‍ യുകെയിലെ ഏത് ആസോസിയേഷനോടും കിടപിടിയ്ക്കുന്ന ഐ.എം.എയുടെ ചുണക്കുട്ടികളാണ് ഷിബി വിറ്റസിന്റെ നേതൃത്വത്തിലുള്ള ഇപ്സ്വിച്ചിന്റെ കരുത്ത്.

വള്ളംകളിയില്‍ പരിചയസമ്പന്നനായ കുട്ടനാട്ട് സ്വദേശി കൂടിയായ രാജു ചാക്കോയുടെ നേതൃത്വത്തിലാണ് നടുഭാഗം വള്ളത്തില്‍ ട്രോഫി സ്വന്തമാക്കുമെന്ന വാശിയോടെ ഷെഫീല്‍ഡ് ബോട്ട് ക്ലബ് പോരാട്ടത്തിനെത്തുന്നത്. യോര്‍ക്ക്ഷെയറിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനായ ഷെഫീല്‍ഡ് എസ്.കെ.സി.എയില്‍ നിന്നുള്ള കരുത്തന്മാരാണ് നടുഭാഗത്തിന്റെ പോരാട്ടവീര്യത്തിന് ചാമ്പ്യന്‍ പട്ടം നേടാനാകുമെന്ന പ്രതീക്ഷയേകുന്നത്. 1952ല്‍ നെഹ്റുജി ആവേശഭരിതനായി ചാടിക്കയറിയ ടീം എന്ന ഖ്യാതി കൂടി നടുഭാഗത്തിനുണ്ട്.

ഹീറ്റ്സ് 2: നെടുമുടി, കാവാലം, ആലപ്പാട്ട്, പായിപ്പാട്

നെടുമുടി (കെറ്ററിങ് ബോട്ട് ക്ലബ്, നോര്‍ത്താംപ്ടണ്‍ഷെയര്‍, സോബിന്‍ ജോണ്‍)

കാവാലം (കാമിയോസ് ബോട്ട് ക്ലബ്, കാര്‍ഡിഫ്, സുധീര്‍ സുരേന്ദ്രന്‍ നായര്‍)

ആലപ്പാട്ട് (സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്, റൈക്കോ സെല്‍വിന്‍)

പായിപ്പാട് (റാന്നി ബോട്ട് ക്ലബ്, കുര്യാക്കോസ് ഉണ്ണീട്ടന്‍)

നോര്‍ത്താംപ്ടണ്‍ഷെയറിലുള്ള മലയാളികളാണ് നെടുമുടി വള്ളവുമായി മത്സരത്തിനെത്തുന്നത്. സിബു ജോസഫ് ക്യാപ്റ്റനായുള്ള കെറ്ററിങ് ബോട്ട് ക്ലബ് നാളുകള്‍ക്ക് മുന്‍പ് തന്നെ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനവും ആരംഭിച്ചിരുന്നു. പരിശീലനവും മറ്റും തങ്ങള്‍ക്ക് മേല്‍കൈ നല്‍കുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം നെടുമുടി.

യുകെ മലയാളികള്‍ക്കിടയില്‍ ക്രിക്കറ്റിലെ കരുത്തുറ്റ ക്ലബ് ആയി അറിയപ്പെടുന്ന കാര്‍ഡിഫ് കാമിയോസിന്റെ ചുണക്കുട്ടികള്‍ തന്നെയാണ് കാവാലം വള്ളത്തില്‍ സുധീര്‍ സുരേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന കാമിയോസ് ബോട്ട് ക്ലബ്, കാര്‍ഡിഫ്. ഈ വള്ളംകളി മത്സരത്തില്‍ വെയില്‍സില്‍ നിന്നും പങ്കെടുക്കുന്ന ഏക ടീം എന്നുള്ള പ്രത്യേകതയും ഇവര്‍ക്കുണ്ട്. ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം വള്ളംകളിയിലും തുടരുമെന്ന വാശിയിലാണ് കാവാലം വള്ളത്തില്‍ തുഴയെറിയാനെത്തുന്ന വെയില്‍സിന്റെ കരുത്തന്മാര്‍.

യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ സ്വന്തം മണ്ണില്‍ നിന്നും അങ്കത്തിനിറങ്ങുമ്പോള്‍ ചാമ്പ്യന്‍ പട്ടത്തില്‍ കുറഞ്ഞൊന്നും ആലപ്പാട്ട് വള്ളത്തില്‍ തുഴയാനിറങ്ങുന്ന റൈക്കോ സെല്‍വിന്‍ സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് ലക്ഷ്യമിടുന്നില്ലെന്നു വ്യക്തം. യുക്മയുടെ കലാ-കായിക മേളകളില്‍ റീജണല്‍-നാഷണല്‍ തലങ്ങളില്‍ പലതവണ കരുത്ത് തെളിയിച്ചിട്ടുള്ള സ്റ്റോക്കിന്റെ പ്രതീക്ഷ മുഴുവനും യുവനിരയുടെ കരുത്തിലാണ്. തുഴയുന്നവരുടെ ശരാശരി പ്രായമെടുത്താല്‍ ഈ മത്സരത്തിലെ ബേബി ടീമാണ് ആലപ്പാട് വള്ളത്തില്‍ വിജയകിരീടം നേടുവാനെത്തുന്നത്.

റാന്നി സംഗമത്തില്‍ നിന്നുള്ള കരുത്തന്മാര്‍ കുര്യാക്കോസ് ഉണ്ണീട്ടന്റെ നേതൃത്വത്തില്‍ റാന്നി ബോട്ട് ക്ലബിനു പിന്നില്‍ അണിനിരക്കുമ്പോള്‍ ഈ ഹീറ്റ്സിലെ മത്സരത്തിനും വീറും വാശിയുമേറും. പായിപ്പാട് വള്ളത്തിലാണ് റാന്നി ബോട്ട് ക്ലബ് മത്സരിക്കുന്നത്. നാട്ടില്‍ നിന്നും കുടിയേറിയ സ്ഥലത്തിന്റെ പേരില്‍ യു.കെയില്‍ ആദ്യകാലത്ത് തുടങ്ങിയ സംഗമങ്ങളിലൊന്നായ റാന്നി കൂട്ടായ്മയിലും ടീം വര്‍ക്കിലുമെല്ലാം തങ്ങള്‍ മിടുക്കരാണെന്ന് വിവിധ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച് കഴിഞ്ഞവരാണ്. ഈ ടീം വര്‍ക്ക് വള്ളംകളിയിലും ആവര്‍ത്തിക്കാനായാല്‍ വിജയവും ഇവര്‍ക്കൊപ്പം നില്‍ക്കും.

ഹീറ്റ്സ് 3: കുമരകം, മമ്പുഴക്കരി, ആയാപറമ്പ്, പുളിങ്കുന്ന്

കുമരകം (ഇടുക്കി ബോട്ട് ക്ലബ്, പീറ്റര്‍ താണോലില്‍)

മമ്പുഴക്കരി (ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, ബാസില്‍ഡണ്‍, ജോസ് കാറ്റാടി)

ആയാപറമ്പ് (ഹേവാര്‍ഡ്സ് ബോട്ട്ക്ലബ്, ഹേവാര്‍ഡ്സ് ഹീത്ത്, സജി ജോണ്‍)

പുളിങ്കുന്ന് (മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്‌ക്കോ, മാത്യു ചാക്കോ)

കുമരകം വള്ളത്തെ തുഴയാനെത്തുന്നത് കരുത്തരായ ഇടുക്കി ബോട്ട് ക്ലബ് ആണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ അമരക്കാരന്‍ പീറ്റര്‍ താണോലില്‍ നേതൃത്വം നല്‍കുന്ന ടീം വിജയം നേടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മലയോര കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മറ്റ് ടീമുകള്‍ക്കാവില്ലെന്ന പ്രഖ്യാപനത്തോടെയാണ് ടീം ഇടുക്കി മത്സരരംഗത്തേയ്ക്ക് കടന്നു വന്നിരിക്കുന്നത്.

മമ്പുഴക്കരി വള്ളം തുഴയാനെത്തുന്നതാവട്ടെ എസക്സിലെ ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, ബാസില്‍ഡണ്‍ ആണ്. ക്യാപ്റ്റന്‍ ജോസ് കാറ്റാടിയുടെ നേതൃത്വത്തില്‍ മികവുറ്റ കായികതാരങ്ങളെ അണിനിരത്തിയാണ് ഇവര്‍ അങ്കത്തട്ടിലിറങ്ങുന്നത്. യു.കെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുകളിലൊന്നായ ബാസില്‍ഡല്‍ മുന്‍പും നിരവധി കലാ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ളവരാണ്.

കേരളത്തിലെ ഈ സീസണിലെ വള്ളംകളിയുടെ തുടക്കം കുറിച്ചുള്ള ചമ്പക്കുളം മൂലം വള്ളംകളിയില്‍ ജേതാക്കളായ പ്രശസ്തമായ ആയാപറമ്പ് എന്ന പേരിലുള്ള വള്ളത്തില്‍ തുഴയെറിയാനെത്തുന്നത് ഹേവാര്‍ഡ്സ് ബോട്ട്ക്ലബ്, ഹേവാര്‍ഡ്സ് ഹീത്ത് ആണ്. സജി ജോണ്‍ ക്യാപ്റ്റനായിട്ടുള്ള ഹേവാര്‍ഡ്സ് ബോട്ട് ക്ലബ് ആവട്ടെ വള്ളം കളിയോടൊപ്പം വഞ്ചിപ്പാട്ടിന്റെയും പ്രാക്ടീസ് നടത്തി വരുന്നു. സസക്സിലെ ഈ കരുത്തുറ്റ ടീമും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

ചരിത്രപ്രസിദ്ധമായ പുളിങ്കുന്ന് വള്ളം തുഴയാനെത്തുന്നത് ഈ മത്സരത്തില്‍ ഏറ്റവുമധികം ദൂരെ നിന്നെത്തുന്ന ക്ലബ് ആണ്. വള്ളം കളിയുടെ ആവേശം യു.കെയിലെമ്പാടുമെത്തിയെന്ന വാസ്തവം മനസ്സിലാക്കണമെങ്കില്‍ സ്‌ക്കോട്ട്ലാന്റില്‍ നിന്നുള്ള മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്‌ക്കോ മത്സരിക്കാനെത്തുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതിയാവും. മാത്യു ചാക്കോ ക്യാപ്റ്റനായിട്ടുള്ള ഈ സ്‌ക്കോട്ടിഷ് ടീം പുളിങ്കുന്ന് തുഴയാനെത്തുന്നതും കിരീട പ്രതീക്ഷയോടെയാണ്.

ഹീറ്റ്സ് 4: രാമങ്കരി, കാരിച്ചാല്‍, കൈപ്പുഴ, മങ്കൊമ്പ്

രാമങ്കരി (കവ?ന്‍ട്രി ബോട്ട് ക്ലബ്, കവന്‍ട്രി, ജോമോന്‍ ജേക്കബ്)

കാരിച്ചാല്‍ (തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍, നോബി. കെ. ജോസ്)

കൈപ്പുഴ (ഡാര്‍ട്ട്ഫോര്‍ഡ് ബോട്ട് ക്ലബ്, ഡാര്‍ട്ട്ഫോര്‍ഡ്, ജിബി ജോസഫ്)

മങ്കൊമ്പ് (പ്രിയദര്‍ശിനി ബോട്ട് ക്ലബ്, ലണ്ടന്‍, ഡോ. വിമല്‍ കൃഷ്ണന്‍)

രാമങ്കരി വള്ളം തുഴയാനെത്തുന്നത് മിഡ്?ലാന്റ്സിലെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുകളിലൊന്നായ സി.കെ.സിയുടെ ചുണക്കുട്ടികളാണ്. കവന്‍ട്രി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ നീറ്റിലിറങ്ങുന്ന ടീമിന്റെ ക്യാപ്റ്റനാവട്ടെ സി.കെ.സി പ്രസിഡന്റ് കൂടിയായ ജോമോന്‍ ജേക്കബ് ആണ്. മത്സരം നടക്കുന്ന വാര്‍വിക്?ഷെയര്‍ കൗണ്ടിയില്‍ നിന്നുള്ള ഏക ടീമും കവന്‍ട്രി ബോട്ട് ക്ലബ് തന്നെയാണ്. ചിട്ടയായ പരിശീലനം നടത്തി വരുന്ന സി.ബി.സി കിരീടം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്.

എന്നാല്‍ ചരിത്രപ്രസിദ്ധമായ കാരിച്ചാല്‍ വള്ളം തുഴയാനെത്തുന്നത് യുകെയില്‍ ചരിത്രം കുറിച്ചിട്ടുള്ള തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ ആണ്. മത്സരം വടംവലി ആയിരുന്നെങ്കില്‍ മറ്റൊരു വിജയിയെ പ്രതീക്ഷിക്കുകയേ വേണ്ടെന്ന തലത്തിലേയ്ക്ക് കരുത്ത് ആര്‍ജിച്ചിട്ടുള്ള ടീമാണ് തെമ്മാടീസ്. നോബി. കെ. ജോസിന്റെ നേതൃത്വത്തില്‍ അങ്കത്തട്ടിലിറങ്ങുന്ന തെമ്മാട്ടീസ് ആവട്ടെ വടംവലി ആയാലും വള്ളംകളിയായാലും കിരീടം തങ്ങള്‍ക്ക് സ്വന്തമാണെന്ന ആത്മവിശ്വാസത്തിലും.

കൈപ്പുഴ വള്ളം തുഴയാനെത്തുന്നത് കെന്റിലെ ഡാര്‍ട്ട്ഫോര്‍ഡ് ബോട്ട് ക്ലബ്, ഡാര്‍ട്ട്ഫോര്‍ഡ് ആണ്. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ജിബി ജോസഫ് ക്യാപ്റ്റനായിട്ടുള്ള ടീം, കുട്ടനാട് സ്വദേശികള്‍ ഉള്‍പ്പെടെ പരിചയസമ്പന്നരെ ഉള്‍പ്പെടുത്തിയാണ് പോരാട്ടത്തിനെത്തുന്നത്.

റോവിങ് കമ്പക്കാരായ ഡോക്ടര്‍മാരും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും ചേരുന്ന ടീമാണ് മങ്കൊമ്പ് വള്ളം തുഴയാനെത്തുന്നത്. ഡോ. വിമല്‍ കൃഷ്ണന്‍ ക്യാപ്റ്റനായിട്ടുള്ള പ്രിയദര്‍ശിനി ബോട്ട് ക്ലബ്, ലണ്ടന്‍ പരിചയസമ്പന്നരും യുവനിരയും ഒന്നിച്ചു ചേര്‍ന്നാല്‍ യു.കെയിലെ ഏത് വമ്പന്‍ ടീമിനേയും അട്ടിമറിയ്ക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് രംഗത്ത് ഇറങ്ങുന്നത്.

ഹീറ്റ്സ് 5: കരുവാറ്റ, കൈനകരി, തായങ്കരി

കരുവാറ്റ (ലയണ്‍സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍, ടോജോ ഫ്രാന്‍സിസ് പെട്ടയ്ക്കാട്ട്)

കൈനകരി (ജി.എം.എ & പിറവം, ഗ്ലോസ്റ്റര്‍, ജിസ്സോ എബ്രാഹം)

തായങ്കരി (ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍, തോമസ്സുകുട്ടി ഫ്രാന്‍സിസ്)

കരുവാറ്റ വള്ളവുമായി തുഴയെറിയാനെത്തുന്നത് ടൈഗ്ഗേഴ്സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍ ആണ്. ടോജോ ഫ്രാന്‍സിസ് പെട്ടയ്ക്കാട്ട് ക്യാപ്റ്റനായി നേതൃത്വം നല്‍കുന്ന ലെസ്റ്ററിന്റെ പുലിക്കുട്ടികള്‍ ചിട്ടയായ പരിശീലനം നടത്തി കപ്പ് സ്വന്തമാക്കണമെന്ന വാശിയിലാണ് റഗ്ബിയിലെത്തുന്നത്. യുകെയിലെ കലാ കായിക രംഗത്ത് ഏറ്റവും മികച്ച അസോസിയേഷനുകളിലൊന്നായ ലെസ്റ്റര്‍ എല്‍.കെ.സിയില്‍ നിന്നുള്ള മികവുറ്റ കായിക താരങ്ങള്‍ വള്ളം തുഴയാനെത്തുമ്പോഴും അവഗണിക്കാനാവാത്ത ശക്തമായ ടീം തന്നെ.

ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ ചുണക്കുട്ടികള്‍ പിറവം സംഗമത്തിന്റെ കരുത്തന്മാരുമായി അണിചേര്‍ന്നാണ് പ്രശസ്തമായ കൈനകരി വള്ളം തുഴയാനെത്തുന്നത്. ജിസ്സോ എബ്രാഹം ക്യാപ്റ്റനായി വരുന്ന കൈനകരിയും കരുത്തുറ്റ നിരയെ തന്നെയാണ് ടീമില്‍ അണിനിരത്തുന്നത്.

പ്രശസ്തമായ തായങ്കരി വള്ളം തുഴയാനെത്തുന്നത് ആവട്ടെ ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ ആണ്. 1990ലെ നെഹൃട്രോഫിയില്‍ ജവഹര്‍ തായങ്കരിചുണ്ടനിലും, പമ്പാബോട്ട്‌റേസില്‍ ചമ്പക്കുളംചുണ്ടനിലും ക്യാപ്റ്റനായിരുന്ന കുട്ടനാട് പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ്, കാല്‍ നൂറ്റാണ്ടിനുശേഷം തുഴയെറിയലിനു പരിശീലനവും നേതൃത്വവും കൊടുക്കുകയാണ്. ചിട്ടയായ പരിശീലനത്തിലൂടെ മെയ്യും മനവും സജ്ജമാക്കി ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് ലക്ഷ്യം പ്രഥമ യുക്മ ജലോല്‍സവ ട്രോഫിയാണെന്നാണ്.

ഹീറ്റ്സ് 6: എടത്വാ, ചമ്പക്കുളം, ചെറുതന

എടത്വാ (യുണൈറ്റഡ് ബോട്ട് ക്ലബ്, എടത്വാ, ജോര്‍ജ് കളപ്പുരയ്ക്കല്‍)

ചമ്പക്കുളം (യോര്‍ക്ക്ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ്, ജോസ് മാത്യു പരപ്പനാട്ട്)

ചെറുതന (റിഥം ബോട്ട് ക്ലബ്, ഹോര്‍ഷം, അനില്‍ വറുഗ്ഗീസ്)

യുകെയിലെ എടത്വാ സ്വദേശികള്‍ ഒരുമിച്ചിറങ്ങുന്നത് യുണൈറ്റഡ് ബോട്ട് ക്ലബ്, എടത്വാ എന്ന പേരിലാണ്. ജോര്‍ജ് കളപ്പുരയ്ക്കല്‍ ക്യാപ്റ്റനായിട്ടുള്ള ഈ ടീം തുഴയുന്നതാവട്ടെ എടത്വാ എന്ന പേരിലുള്ള വള്ളവും. കുട്ടനാട്ടുകാര്‍ മാത്രം തുഴയുന്ന ഈ മത്സരത്തിലെ ഏക വള്ളം എന്ന നിലയില്‍ എടത്വാ ടീം ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. എല്ലാ ടീം അംഗങ്ങളും വള്ളവും വള്ളംകളിയുമെല്ലാമായി മുന്‍പരിചയമുള്ളവര്‍ എന്ന നിലയില്‍ എടത്വാ വള്ളം നടത്തുന്ന കുതിപ്പിനെ മറികടക്കാന്‍ മറ്റ് ടീമുകള്‍ ഏറെ അദ്ധ്വാനിക്കേണ്ടി വരും.

ഏറെ പ്രശസ്തമായ ചമ്പക്കുളം വള്ളത്തില്‍ മത്സരിക്കാനെത്തുന്നത് യോര്‍ക്ക്ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ് ആണ്. പ്രഥമ വള്ളംകളി മത്സരം പ്രഖ്യാപിച്ച് ഏറ്റവുമാദ്യം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബ് എന്ന നേട്ടം സ്വന്തമാക്കിയാണ് യോര്‍ക്ക്ഷെയര്‍ മത്സരിക്കാനെത്തുന്നത്. ജോസ് മാത്യു പരപ്പനാട്ട് ക്യാപ്റ്റനായിട്ടുള്ള ടീം വിജയപ്രതീക്ഷയോടെ തന്നെയാണ് തുഴയെറിയാനെത്തുന്നത്.

യുക്മ ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിന്റെ അസോസിയേഷനില്‍ നിന്നുമാണ് ചെറുതന വള്ളം തുഴയാനായി റിഥം ബോട്ട് ക്ലബ്, ഹോര്‍ഷം എത്തുന്നത്. അനില്‍ വറുഗ്ഗീസ് ക്യാപ്റ്റനായിട്ടുള്ള ടീമില്‍ അണിനിരക്കുന്നത് ഹോര്‍ഷത്തെ യുവനിരയാണ്. കായിക മത്സരങ്ങളില്‍ നിരവധി തവണ കരുത്ത് തെളിയിച്ചിട്ടുള്ളവരും ക്രിക്കറ്റിലെ മുന്‍നിര ടീമുകളിലൊന്നുമായ ഹോര്‍ഷത്തെ ചുണക്കുട്ടികളുടെ കൈക്കരുത്തില്‍ വിജയകിരീടം സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ചെറുതനയില്‍ തുഴയെറിയുവാന്‍ റിഥം ബോട്ട് ക്ലബ് എത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more