1 GBP = 103.16

വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണം; ടീം രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 25….

വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണം; ടീം രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 25….

ബാല സജീവ് കുമാര്‍, യുക്മ പി.ആര്‍.ഒ.

യുക്മയുടെ നേതൃത്വത്തില്‍ ജൂലൈ 29ന് വാര്‍വിക്ഷെയറില്‍ വച്ച് നടത്തപ്പെടുന്ന വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ടീം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 25 ഞായറാഴ്ച്ച വൈകുന്നേരം 5 മണി വരെയായിരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ നടക്കുവാന്‍ പോകുന്ന വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ആദ്യമായി നടക്കുവാന്‍ പോകുന്ന മത്സരമായതിനാല്‍ ആവശ്യത്തിന് ടീമുകള്‍ ലഭ്യമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ബ്രിട്ടണിലെ പ്രധാന നഗരങ്ങളില്‍ നിന്നുമുള്ള മലയാളി സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് ടീമുകളെ സംഘടിപ്പിക്കുന്നതിന് ലഭ്യമായത്. മത്സരത്തിനായി രജിസ്റ്റര്‍ ചെയ്ത ടീമുകളുടെ വിശദമായ വിവരങ്ങള്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി കഴിഞ്ഞാല്‍ പ്രസിദ്ധീകരിക്കുന്നതാവും. യുക്മയുടെ അംഗ അസോസിയേഷനുകളുടെ നേതൃത്വത്തിലും അതിനു പുറമെയുമുള്ള ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ടീം രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു:

പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്‌പോര്‍ട്ട്‌സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓരോ ബോട്ട് ക്ലബ്ബുകളിലും 20 അംഗ ടീം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരം നടത്തപ്പെടുന്ന വള്ളങ്ങള്‍ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളായിരിക്കും.

ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 ആളുകളാണ് മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റിയൂട്ട് ആയിരിക്കും. ടീം അംഗങ്ങളിലെ 20 ല്‍ 10 ആളുകളും മത്സരത്തിനിറങ്ങുമ്പോളുള്ള 16ല്‍ 8 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. കേരളത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ മറ്റ് കമ്മ്യൂണിറ്റികളേയും ഈ സംരംഭത്തില്‍ പങ്കാളികളാക്കുക എന്ന് കൂടി ലക്ഷ്യമിടുന്നതിനാല്‍ ടീം അംഗങ്ങളിലെയും മത്സരത്തിനിറങ്ങുന്നവരിലെയും പകുതിയാളുകള്‍ മറ്റ് ഏത് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്താവുന്നതാണ്. ബ്രിട്ടണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭാഗക്കാര്‍ ഉള്ളതിനാല്‍ തന്നെ ഏത് എത്‌നിക് വിഭാഗത്തിലുള്ളവരെയും ടീമുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

കേരളത്തിലെ നെഹ്‌റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടാവും യൂറോപ്പിലെ പ്രഥമ മത്സരവും സംഘടിപ്പിക്കപ്പെടുന്നത്. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്‌സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 8 ടീമുകളെയാവും അവസാന 16 മത്സരാര്‍ത്ഥികളായി നേരിട്ട് പ്രവേശനം നല്‍കപ്പെടുന്നത്. ബാക്കിയുള്ള 8 ടീമുകളെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ടീമുകളില്‍ നിന്നുമായി അവസാന 16ലേയ്ക്കുള്ള പ്രവേശന മത്സരത്തിലൂടെ തന്നെ കണ്ടെത്തുന്നതുമാണ്.

ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കേരളത്തിലെ വള്ളം കളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് ലണ്ടന്‍ ഫ്രണ്ട്‌സ് എന്ന ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങുന്നത് കാവാലം അഥവാ ചമ്പക്കുളം എന്നിങ്ങനെ പേരുള്ള ഏതെങ്കിലും ഒരു വള്ളത്തിലാവും. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും.

എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്‌സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേര് നല്‍കേണ്ടതാണ്. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്‌റു ട്രോഫി വള്ളംകളി മത്സരം പോലെ തന്നെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.

ടീം ഒന്നിന് 300 പൗണ്ട് രജിസ്‌ട്രേഷന്‍ ഫീസ്. എന്നാല്‍ പ്രാദേശിക മലയാളി അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ക്ക് ഫീസിനത്തില്‍ ഇളവുകളുണ്ട്. ബ്രിട്ടണില്‍ നിന്നുമുള്ള ടീവള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണം; ടീം രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 25

ടീം രജിസ്‌ട്രേഷന്‍ വിശദവിവരങ്ങള്‍ക്ക്:

ഇ-മെയില്‍: [email protected]

ജയകുമാര്‍ നായര്‍:07403 223066

ജേക്കബ് കോയിപ്പള്ളി:07402 935193

പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ്: 07885467034, സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more