1 GBP = 104.17

നാളെ യു.കെ. ഉണരുന്നത് നൂപുര ധ്വനികൾക്കു കാതോർത്ത്………….. രാജ്യത്തിന്റെ നാല് പ്രധാന നഗരങ്ങളിൽ ഒരേ ദിവസം നാല് യുക്മ റീജിയണൽ കലാമേളകൾ അരങ്ങേറുന്ന “സൂപ്പർ സാറ്റർഡേ” നാളെ ഒക്റ്റോബർ 7 ശനിയാഴ്ച

നാളെ യു.കെ. ഉണരുന്നത് നൂപുര ധ്വനികൾക്കു കാതോർത്ത്………….. രാജ്യത്തിന്റെ നാല് പ്രധാന നഗരങ്ങളിൽ ഒരേ ദിവസം നാല് യുക്മ റീജിയണൽ കലാമേളകൾ അരങ്ങേറുന്ന “സൂപ്പർ സാറ്റർഡേ” നാളെ ഒക്റ്റോബർ 7 ശനിയാഴ്ച

സജീഷ് ടോം (യുക്മ പി ആർ ഒ)

എട്ടാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജിയണൽ കലാമേളകൾക്ക് നാളെ തിരശീല ഉയരുകയാണ്. ഏഴ് റീജിയണുകളിലാണ് ഈ വർഷം കലാമേളകൾ സംഘടിപ്പിക്കപ്പെടുന്നത്. പ്രൗഢ ഗംഭീരമായ ദേശീയ കലാമേളയിൽ പങ്കെടുക്കുന്നവർക്കായുള്ള യോഗ്യതാ മത്സരങ്ങൾ എന്ന നിലയിൽ, റീജിയണൽ കലാമേളകൾ അത്യന്തം വാശിയേറിയവയും ആവേശം നിറഞ്ഞവയുമാകും.

ഒക്റ്റോബറിലെ ആദ്യ ശനിയാഴ്ചയായ നാളെ ഒരിക്കൽ കൂടി “സൂപ്പർ സാറ്റർഡേ” എന്നറിയപ്പെടാൻ പോകുകയാണ്. നാല് റീജിയണൽ കലാമേളകൾ ഒരേ ദിവസം സംഘടിപ്പിക്കപ്പെടുന്നു എന്ന പ്രത്യേകതയാണ് യുക്മയുടെ ചരിത്രത്തിൽ നാളത്തെ ദിവസത്തിൻറെ സവിശേഷത. ഒക്റ്റോബർ 28 ശനിയാഴ്ച നടക്കുന്ന ദേശീയ കലാമേള കഴിഞ്ഞാൽ ഏറ്റവും അധികം യു.കെ. മലയാളികൾ അണിഞ്ഞൊരുങ്ങി അരങ്ങിലെത്തുന്ന ദിനം നാളെത്തന്നെയാകും. 2015 ലെ ഒക്റ്റോബർ ആദ്യ ശനിയാഴ്ച ആയിരുന്നു ഇതിനു മുൻപ് നാല് റീജിയണൽ കലാമേളകൾ ഒരേദിവസം സംഘടിപ്പിക്കപ്പെട്ട ദിനം. ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ്, യോർക്ക് ഷെയർ ആൻഡ് ഹംബർ എന്നീ നാല് റീജിയണുകളിലാണ് നാളെ കലാമേളകൾ അരങ്ങേറുന്നത്.

നിലവിലുള്ള ദേശീയ ചാമ്പ്യന്‍മാരായ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണ്‍ കലാമേള ബർമിംഗ്ഹാമിനടുത്തുള്ള റ്റിപ്റ്റൺ ആർ.എസ്.എ. അക്കാഡമിയിൽ നടക്കും. റീജിയണൽ പ്രസിഡന്റ് ഡിക്സ് ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് കലാമേള ഉദ്ഘാടനം ചെയ്യും. കലാമേള കൺവീനർ നോബി കെ. ജോസ്, റീജിയണൽ സെക്രട്ടറി സന്തോഷ് തോമസ്, ദേശീയ ജോയിന്റ് ട്രഷറർ ജയകുമാർ നായർ, നാഷണൽ കമ്മറ്റി അംഗം സുരേഷ്‌കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ബാസില്‍ഡണ്‍ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ ആണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കലാമേള അരങ്ങേറുന്നത്. റീജിയണൽ പ്രസിഡന്റ് രഞ്ജിത്കുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് കലാമേള ഉദ്ഘാടനം ചെയ്യും. കലാമേള കൺവീനർ കുഞ്ഞുമോൻ ജോബ്, റീജിയണൽ സെക്രട്ടറി ജോജോ തെരുവൻ, ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, മുൻ ദേശീയ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു തുടങ്ങിയവർ കലാമേളയ്ക്ക് നേതൃത്വം നൽകും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

സൗത്ത് വെസ്റ്റ് റീജിയണ്‍ കലാമേളക്ക് ഈ വര്‍ഷം രണ്ട് അസോസിയേഷനുകള്‍ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ഓക്സ്ഫോർഡിലെ കരുത്തരായ ഓക്‌സ്‌മാസ്സും യുക്മയിലെ നവാഗതരായ ‘ഒരുമ’യും ചേര്‍ന്ന് കലാമേളയ്ക്ക് വേദിയൊരുക്കുന്നു. റീജിയണൽ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ യുക്മ ദേശീയ വൈസ് പ്രസിഡന്റ് സുജു ജോസഫ് കലാമേള ഉദ്ഘാടനം ചെയ്യും.

യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം, യുക്മ ടൂറിസം വൈസ് ചെയർമാൻ ടിറ്റോ തോമസ് എന്നിവർ സമ്മേളനത്തിൽ മുഖ്യാതിഥികൾ ആയിരിക്കും. റീജിയണൽ സെക്രട്ടറി എം.പി. പദ്മരാജ്, നാഷണൽ കമ്മറ്റി അംഗം ഡോക്ടർ ബിജു പെരിങ്ങത്തറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. ദേശീയ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷത്തെ സൗത്ത് വെസ്റ്റ് കലാമേളയില്‍ വെയ്ല്‍സ് റീജിയണിലെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനുള്ള പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്. ഓക്സ്ഫോർഡിനടുത്തുള്ള വാലിംഗ്‌ഫോര്‍ഡ് സ്‌കൂളിലാണ് കലാമേള അരങ്ങേറുന്നത്.

യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് കീത്ത് ലി മലയാളി അസോസിയേഷനാണ്. റീജിയണൽ പ്രസിഡന്റ് കിരൺ സോളമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുക്മ ദേശീയ ട്രഷറർ അലക്സ് വർഗീസ് കലാമേള ഉദ്‌ഘാടനം ചെയ്യും. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോക്റ്റർ ദീപ ജേക്കബ്, റീജിയണൽ സെക്രട്ടറി ജസ്റ്റിന്‍ എബ്രഹാം, കലാമേള കോർഡിനേറ്റർമാരായ റീന മാത്യു, സജിൻ രവീന്ദ്രൻ, നാഷണൽ കമ്മറ്റി അംഗം ജിജോ ചുമ്മാർ തുടങ്ങിയവർ മേളക്ക് നേതൃത്വം നൽകും. കീത്ത് ലി ഹോളി ഫാമിലി കാത്തലിക് സ്‌കൂളില്‍ വച്ചാണ് റീജിയണൽ കലാമേള നടക്കുന്നത്.

ഒക്റ്റോബർ 14 ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള റിഥം മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിൽ ഹോർഷമിൽ നടക്കും. മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടിയോളം അംഗ അസോസിയേഷനുകൾ ഇത്തവണ പങ്കെടുക്കുന്നു എന്നത് ഈ വർഷത്തെ സൗത്ത് ഈസ്റ്റ് കലാമേളയുടെ സവിശേഷതയാണ്.

അന്നേ ദിവസം തന്നെ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ലിവർപൂളിൽ നടക്കും.ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) ആണ് ആതിഥേയത്വം വഹിക്കുന്നത്. മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് (മാൻ) ന്റെ ആതിഥേയത്വത്തിൽ, ഒക്റ്റോബർ 22 ഞായറാഴ്ച നടക്കുന്ന നോർത്ത് ഈസ്റ്റ് റീജിയണൽ കലാമേളയോടെ യുക്മ റീജിയണൽ കലാമേളകൾ സമാപിക്കും. ഒക്റ്റോബർ 28 ശനിയാഴ്ച വെസ്റ്റ് ലണ്ടനിലെ ഹെയർ ഫീൽഡ് അക്കാഡമിയിൽ അണിയിച്ചൊരുക്കുന്ന “കലാഭവൻ മണി” നഗറിൽ നടക്കുന്ന എട്ടാമത് യുക്മ ദേശീയ കലാമേളയിലേക്ക് ഏവരെയും സാദരം സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more