1 GBP = 103.68
breaking news

ചരിത്രം സാക്ഷിയായി … പതിനാറാമത് യുകെകെസിഎ ക്‌നാനായ കണ്‍വന്‍ഷന് പ്രൗഡോജ്ജ്വല സമാപനം….

ചരിത്രം സാക്ഷിയായി … പതിനാറാമത്  യുകെകെസിഎ ക്‌നാനായ കണ്‍വന്‍ഷന് പ്രൗഡോജ്ജ്വല സമാപനം….

ടോം ജോസ്

ചരിത്രം സാക്ഷിയായി പതിനാറാമത് യുകെ ക്‌നാനായ കണ്‍വന്‍ഷന് ഇന്നലെ വൈകുന്നേരം കൊടിയിറങ്ങി .

ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ ഇന്നലെ രാവിലെ കൊടിയേറിയ പതിനാറാമത് യുകെകെസിഎ ക്‌നാനായ കണ്‍വന്‍ഷന്‍ ജനസാന്ദ്രത കൊണ്ടും പരിപാടികളുടെ മേന്മ കൊണ്ടും മുന്‍കാലങ്ങളില്‍ നടന്ന കണ്‍വന്‍ഷനുകളെ കവച്ചു വെക്കുന്നതായിരുന്നുവെന്നു അവിടെ കൂടിയ എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു.

ഇന്നലെ രാവിലെ കൃത്യം 9.30ന് പതാക ഉയര്‍ത്തി കൊണ്ടാണ് പതിനാറാമത് ക്‌നാനായ യുകെകെസിഎ കണ്‍വന്‍ഷന് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ക്‌നാനായക്കാരുടെ ദ്വിതീയ തലവന്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയും യുകെ സീറോ മലബാര്‍ സഭയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും നേതൃത്വം കൊടുത്തു. തുടര്‍ന്നു ഏകദേശം അഞ്ഞൂറോളം വനിതകള്‍ പങ്കെടുത്ത വിവിധ കലാരൂപങ്ങളുടെ കൂട്ടായ ‘നടനസര്‍ഗം’ എന്ന ഡാന്‍സ് പ്രോഗ്രാം കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി.

യുകെകെസിഎയുടെ അന്‍പതോളം യുണിറ്റുകളുടെ കരുത്തു തെളിയിച്ച പടുകൂറ്റന്‍ റാലിയില്‍ ക്‌നായി തൊമ്മനും, കപ്പലും, ആനപ്പുറത്ത് വധുവും വരനും, ഭീകരരുടെ പിടിയില്‍ പെട്ടിരിക്കുന്ന ഫാദര്‍ ടോം കൊഴുവനാലും, കുടിയേറ്റവും, കേരളത്തിന്റെ കലാരൂപമായ കഥകളിയുമൊക്കെ നിശ്ചല ദൃശ്യങ്ങളായി അവതരിച്ചു. ഓരോ യുണിറ്റില്‍ നിന്നും പ്രത്യേകം തയ്യാര്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ സ്ത്രീകളും പുരുഷന്‍മാരും റാലിയെ കൂടുതല്‍ വര്‍ണ്ണ മനോഹരമാക്കി.

ലിവര്‍പൂള്‍ യുണിറ്റിന്റെ റാലിയില്‍ ക്‌നായി തൊമ്മനും, ബിഷപ്പുമാരും, കപ്പലും, ഒരേ നിറത്തിലുള്ള ഡ്രസ്സ് അണിഞ്ഞ പുരുഷന്‍മാരും, സ്ത്രികളും അണിനിരന്നപ്പോള്‍ അത് കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന കാഴ്ചയായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആളുകളെ അണിനിരത്താന്‍ ലിവര്‍പൂള്‍ യുണിറ്റിനു നേതൃത്വം കൊടുക്കുന്ന പ്രസിഡണ്ട് സിന്റോ ജോണ്‍ , സെക്രട്ടറി സാജു ലൂക്കോസ്, ട്രഷറര്‍ ബിജു അബ്രഹാം എന്നിവര്‍ നേതൃത്വം കൊടുത്ത കമ്മിറ്റി പ്രത്യേകം ശ്രദ്ധിച്ചു. സ്റ്റീവനേജ് യൂണിറ്റ് ഒരുക്കിയ ചെണ്ടമേളം അതി ഗംഭീരമായിരുന്നു.

റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരിയും ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും, കടത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫും യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും അണിനിരന്നു. റാലി അവസാനിച്ച ശേഷം നടന്ന പ്രൗഢഗംഭീരമായ പൊതുസമ്മേളനത്തിന്റെ ഉത്ഘാടന കര്‍മ്മം മാര്‍ ജോസഫ് പണ്ടാരശ്ശേരി നിര്‍വഹിച്ചപ്പോള്‍ യുകെകെസിഎ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര സ്വാഗതം ആശംസിച്ചു. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കകുഴി അധ്യക്ഷം വഹിച്ചു.

‘വംശനിഷ്ഠയില്‍ അധിഷ്ഠിതമായ സമൂദായിക സംവിധാനം നിലനിര്‍ത്തുന്നതിന് ഞങ്ങള്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്ന്’, പ്രസിഡന്റ് ബിജു മടക്കകുഴി പറഞ്ഞു. കോട്ടയം അതിരൂപതയുടെ അതിരുകള്‍ ലോകം മുഴുവാന്‍ വ്യാപിപ്പിക്കുവാന്‍ യുകെകെസിഎ നിരന്തര ശ്രമം നടത്തി കൊണ്ടിരിക്കുമെന്നു സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയും പറഞ്ഞു.

പിന്നിട് സംസാരിച്ച ബിഷപ്പ് പണ്ടാരശ്ശേരി സീറോ മലബാര്‍ സഭയുമായി ചേര്‍ന്ന് നിന്നു കൊണ്ടാണ് നമ്മള്‍ വളര്‍ന്നതും നമ്മള്‍ തനിമ നിലനിര്‍ത്തി പോരുന്നതും അത്തരത്തില്‍ സീറോ മലബാര്‍ സഭയില്‍ ചെര്‍ന്നുനിന്നു കൊണ്ട് പോകുന്ന നമ്മള്‍ക്ക് എല്ലാവിധ സഹായവും മാര്‍ സ്രാമ്പിക്കലില്‍ നിന്നും ലഭിക്കുന്നുണ്ട് എന്നും പറഞ്ഞു. തുടര്‍ന്നു സംസാരിച്ച സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ‘ക്‌നാനായക്കാരുടെ തനിമയില്‍ ഊന്നിയുള്ള സഭാ സംവിധാനം യുകെയില്‍ വരുന്നതിനു ഞാന്‍ വ്യക്തിപരമായി എതിരല്ല എന്നു പറഞ്ഞു. ക്‌നാനായക്കാരുടെ ആതിഥ്യമര്യാദയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല.

യോഗത്തിനിടയില്‍ എല്ലാവരുടെയും മൊബൈല്‍ ഫോണില്‍ ഉള്ള ടോര്‍ച്ചു തെളിച്ചു ഉയര്‍ത്തിപിടിച്ചു നടത്തിയ നട വിളി വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധേയമായി.

യോഗത്തിനു ശേഷം നടന്ന വെല്‍ക്കം ഡാന്‍സ് കഴിഞ്ഞപ്പോള്‍ മൂവായിരത്തോളം വരുന്ന കാണികളുടെ നിലക്കാത്ത കരഘോഷംകൊണ്ട് സമ്മേളനഹാള്‍ മുഖരിതമായി. ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു പുതിയ ഉന്‍മേഷം പകരാന്‍ യുകെകെസിഎ നേതൃത്വത്തിന് കഴിഞ്ഞു എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല.

കഴിഞ്ഞ വര്‍ഷം നടന്ന കണ്‍വന്‍ഷന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായ ബിജു മടക്കകുഴി നേതൃത്വം കൊടുത്ത കമ്മറ്റി മുന്‍വര്‍ഷത്തെ എല്ലാവിധ കുറവുകളും കുറവുകളും പരിഹരിച്ചു ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ നൂറുശതമാനവും വിജയിച്ചു എന്നതില്‍ ബിജു മടക്കക്കുഴിക്കും കമ്മിറ്റിയംഗങ്ങള്‍ക്കും അഭിമാനിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more