1 GBP = 103.12

കിമ്മിന് പണികൊടുക്കാന്‍ ഐഫോണും ഇന്റര്‍നെറ്റും മതി; കിം ജോങ് ഉന്നിന്റെ അടിവേരിളക്കാനുള്ള തന്ത്രം ആവിഷ്‌കരിച്ച്യുഎസ് നാവികന്‍; സംഭവം പ്രാവര്‍ത്തികമാക്കാവുന്നതെന്ന് വിദഗ്ധര്‍

കിമ്മിന് പണികൊടുക്കാന്‍ ഐഫോണും ഇന്റര്‍നെറ്റും മതി; കിം ജോങ് ഉന്നിന്റെ അടിവേരിളക്കാനുള്ള തന്ത്രം ആവിഷ്‌കരിച്ച്യുഎസ് നാവികന്‍; സംഭവം പ്രാവര്‍ത്തികമാക്കാവുന്നതെന്ന് വിദഗ്ധര്‍

ഉത്തരകൊറിയയും അമേരിക്കയും പോരുകോഴികളെപ്പോലെ നില്‍ക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് എങ്ങനെ സമാധാനപ്പെടാന്‍ കഴിയും. ഉത്തരകൊറിയയുടെ പ്രകോപനമായ നയങ്ങളില്‍ ഇതുവരേയ്ക്കും ഒരുമാറ്റവും വരുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഉത്തരകൊറിയന്‍ പ്രതിസന്ധിക്ക് വളരെ ലളിതമായ പരിഹാരം നിര്‍ദ്ദേശിച്ചാണ് മുന്‍ യുഎസ് നാവികസൈനികന്‍ ശ്രദ്ധേയനാകുന്നത്. ഒറ്റനോട്ടത്തില്‍ തമാശയെന്ന് തോന്നുന്ന നിര്‍ദ്ദേശമാണ് അമേരിക്കയുടെ മുന്‍ നാവികസേനാംഗമായ ജോക്കോ വില്ലിങ്ക് മുന്നോട്ടു വെച്ചിരിക്കുന്നത്. 2.5 കോടി ഐഫോണുകള്‍ ഉത്തരകൊറിയയുടെ മുകളില്‍ നിന്ന് താഴേക്കിട്ടുകൊടുക്കുക. കൂട്ടത്തില്‍ സൗജന്യ വൈഫൈയും സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് ബന്ധവും ഉറപ്പാക്കുക. പുറം ലോകത്തെ സത്യങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞാല്‍ ഉത്തരകൊറിയക്കാര്‍ തന്നെ കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ഭരണകൂടത്തെ തൂത്തെറിഞ്ഞ് അദ്ദേഹത്തെ വധിക്കുമെന്നാണ് വില്ലിങ്കിന്റെ കണക്കുകൂട്ടല്‍.

ഒറ്റനോട്ടത്തില്‍ തമാശയെന്നു തോന്നാമെങ്കിലും പലരും വളരെ ഗൗരവകരമായാണ് ഇതിനെ എടുക്കുന്നത്. ഉത്തരകൊറിയന്‍ വിഷയത്തില്‍ വിദഗ്ധനായ സുന്‍സുന്‍ പറയുന്നത് ഈ നിര്‍ദ്ദേശത്തിലെ അടിസ്ഥാന ആശയം തള്ളിക്കളയാനാകില്ലെന്നാണ്. ഉത്തരകൊറിയയിലെ ജനങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കാനായാല്‍ യുദ്ധം ഒഴിവാക്കാനാകുമെങ്കില്‍ അതല്ലേ നല്ലതെന്നാണ് ഇവരുടെ ചോദ്യം. പുറം ലോകവുമായുള്ള എല്ലാത്തരം ബന്ധങ്ങളേയും കര്‍ശനമായി വിലക്കിയിട്ടുള്ള രാജ്യമാണ് ഉത്തരകൊറിയ. ഇരുമ്പുമറക്കുള്ളില്‍ കൃത്രിമമായി സൃഷ്ടിച്ച സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്റെ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ഈ മറ ഇല്ലാതായാല്‍ ഉത്തരകൊറിയയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് കിം ജോങ് ഉന്നിന് തന്നെയാകും ഏറ്റവും കൂടുതല്‍ അറിയുക. അതുകൊണ്ടുതന്നെ വില്ലിങ്കിന്റേതു പോലുള്ള പുറംലോകവുമായി പാലം പണിയാനുള്ള ഏത് നിര്‍ദ്ദേശത്തേയും ഉത്തരകൊറിയന്‍ ഭരണകൂടം തകര്‍ക്കും.

നേരത്തെ ഇതിനു സമാനമായി ബലൂണുകള്‍ വഴി ഡിവിഡികളും ലഘുലേഖകളും വിതരണം ചെയ്യാന്‍ ദക്ഷിണ കൊറിയ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനോട് അതിരൂക്ഷമായാണ് ഉത്തരകൊറിയ പ്രതികരിച്ചത്.ദക്ഷിണകൊറിയയുടെ ബലൂണ്‍ നീക്കത്തെ സൈനിക നീക്കംകൊണ്ടായിരുന്നു ഉത്തരകൊറിയ നേരിട്ടത്. അതുകൊണ്ടുതന്നെ ഏകദേശം 2.52 കോടി ജനങ്ങളുള്ള ഉത്തരകൊറിയയിലേക്ക് അത്ര തന്നെ ഐഫോണുകള്‍ എത്തിക്കാന്‍ ശ്രമിച്ചാല്‍ സൈനികമായി തന്നെയാകും അവര്‍ പ്രതികരിക്കുക എന്നതു വ്യക്തമാണ്.

ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളെ ആസ്വദിക്കുന്ന ഉത്തരകൊറിയക്കാരെ അതി ക്രൂരമായ ശിക്ഷകള്‍ക്കാണ് അവര്‍ വിധേയരാക്കാറ്. അതുകൊണ്ടു തന്നെ ഉത്തരകൊറിയയിലേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം എത്തിക്കാന്‍ ശ്രമിച്ചാല്‍ അത് അവിടെ രൂക്ഷമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വ്യക്തം. ഉത്തരകൊറിയയുടെ ഭരണകൂടം മാറാതെ ഒന്നും നടക്കില്ലെന്നാണ് സുണ്ണിനെപ്പോലുള്ള ഉത്തരകൊറിയന്‍ വിദഗ്ധരുടെ അഭിപ്രായം. അല്‍പം ക്ഷമയോടെ കാത്തിരുന്നാലും ഐഫോണ്‍ പോലുള്ള വിചിത്രമായ മാര്‍ഗ്ഗങ്ങളുപയോഗിച്ചാലും അത് തന്നെയാകും ഉത്തരകൊറിയയെ തെമ്മാടി രാഷ്ട്ര പദവിയില്‍ നിന്നും മാറ്റാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ഇവര്‍ കരുതുന്നു.എന്തായാലും ഈ പണി കിമ്മിനെ പേടിപ്പിക്കുമോയെന്ന് കണ്ടറിയാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more