1 GBP = 104.16

ഭര്‍ത്താവ് ബലാത്സംഗം നടത്തിയെന്ന് തെളിഞ്ഞാല്‍ കൂട്ട ആത്മഹത്യ- ബിജെപി എംഎല്‍എയുടെ ഭാര്യ

ഭര്‍ത്താവ് ബലാത്സംഗം നടത്തിയെന്ന് തെളിഞ്ഞാല്‍ കൂട്ട ആത്മഹത്യ- ബിജെപി എംഎല്‍എയുടെ ഭാര്യ

ലഖ്‌നൗ: ഉന്നാവ് ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ഭാര്യ രംഗത്ത്. ഭര്‍ത്താവിന് നീതി കിട്ടണമെന്ന ആവശ്യവുമായി കുല്‍ദീപിന്റെ ഭാര്യ സംഗീത ലഖ്‌നൗവില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

“ഞങ്ങളുടെ പെണ്‍മക്കള്‍ കടുത്ത മാനസിക ആഘാതമാണ് അനുഭവിക്കുന്നത്. ഞങ്ങള്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്. ഇതുവരെ ഒരു തെളിവും ഹാജരാക്കപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ ബലാത്സംഗം ചെയ്തയാള്‍ എന്നാണ് ഇപ്പോള്‍ തന്നെ വിശേഷിപ്പിക്കുന്നത്. എന്റെ ഭര്‍ത്താവ് തെറ്റുകാരനാണെന്ന് തെളിഞ്ഞാല്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്യും”- സംഗീത പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കുല്‍ദീപും കൂട്ടാളികളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പതിനാറുവയസ്സുകാരിയും കുടുംബാംഗങ്ങളും ഞായറാഴ്ച മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു.

കുല്‍ദീപിനും കൂട്ടാളികള്‍ക്കും എതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് കൂട്ടാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ഞായറാഴ്ച പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം. എന്നാല്‍ ഇതിനു പിന്നാലെ തിങ്കളാഴ്ച പെണ്‍കുട്ടിയുടെ അച്ഛന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ചൊവ്വാഴ്ച കസ്റ്റഡിയില്‍ വച്ച് മരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍ സിങ്ങിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കുല്‍ദീപിന് നീതി വേണമെന്ന ആവശ്യവുമായി സംഗീത രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ മാധ്യമങ്ങള്‍ തന്റെ ഭര്‍ത്താവിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനാക്കിയെന്ന് സംഗീത ആരോപിച്ചു. “അദ്ദേഹം മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരിക്കുകയാണ്. അദ്ദേഹം നിസ്സഹായത അനുഭവിക്കുകയാണ്. സത്യം പുറത്തുവരണമെന്നാണ് ഞങ്ങളുടെ ആവശ്യം. ബലാത്കാരി എന്ന വാക്ക് ഉപയോഗിക്കുന്നതു കൊണ്ടുമാത്രം ഒന്നും തെളിയിക്കപ്പെടില്ല”- സംഗീത പറഞ്ഞു.

നാര്‍ക്കോ അനാലിസ് ടെസ്റ്റിന് വിധേയരാകാന്‍ താനും ഭര്‍ത്താവും തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more