1 GBP = 103.12

നേഴ്‌സിംഗ് സമരത്തിനുള്ള സംഭാവനാ സ്വീകരണം യുക്മ നേഴ്‌സസ് ഫോറം അവസാനിപ്പിക്കുന്നു. സിന്ധു ഉണ്ണി

നേഴ്‌സിംഗ് സമരത്തിനുള്ള സംഭാവനാ സ്വീകരണം യുക്മ നേഴ്‌സസ് ഫോറം അവസാനിപ്പിക്കുന്നു. സിന്ധു ഉണ്ണി

ഐതിഹാസികമായ സമരത്തിലൂടെ, ചെയ്യുന്ന ജോലിക്ക് യോഗ്യത അനുസരിച്ച് നിശ്ചിത വേതനം എന്ന അവകാശം നേടിയെടുത്ത് കേരളത്തിലെ നേഴ്‌സിംഗ് സമൂഹം സമരം അവസാനിപ്പിച്ചിരിക്കുന്ന ഈ വേളയില്‍, സമരത്തില്‍ പങ്കെടുത്ത എല്ലാ നേഴ്‌സ് സഹോദരങ്ങള്‍ക്കും, സമരത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍, യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്കും ആദരവോടെ ആശംസകള്‍ അറിയിക്കുന്നു. സമരത്തില്‍ പങ്കെടുത്ത എല്ലാ നേഴ്‌സുമാര്‍ക്കും, സമരം നയിച്ച സംഘടനകള്‍ക്കും, ചര്‍ച്ചയിലൂടെ ഏവര്‍ക്കും സ്വീകാര്യമായ ഒരു തീരുമാനം കൈക്കൊള്ളാന്‍ മുന്‍ കൈ എടുത്ത കേരളാ സര്‍ക്കാരിനും അഭിനന്ദനം അറിയിക്കുന്നു.

യു കെയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ അടിത്തറ തന്നെ നേഴ്‌സിംഗ് ജോലിയാണ്. ഇന്ത്യയില്‍ നേഴ്‌സിംഗ് പഠിച്ച് തൊഴില്‍പരമായ എല്ലാ ചൂഷണങ്ങളിലും ഉള്‍പ്പെട്ട്, ഭാഗ്യം കൊണ്ട് വിദേശത്തെത്തി ‘പൊന്മുട്ടയിടുന്ന താറാവായി’ വളര്‍ന്ന ഇവിടുത്തെ നേഴ്‌സിംഗ് സമൂഹം അനുഭാവത്തോടും ആകാംക്ഷയോടുമാണ് ഈ സമരത്തെ വീക്ഷിച്ചിരുന്നത്. യുക്മ നേഴ്‌സസ് ഫോറവും യു കെയിലെ പല സംഘടനകളും, കൂട്ടായ്മകളും, വ്യക്തികള്‍ കൂട്ടായ്മ ഉണ്ടാക്കി അവരും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും സഹായം ഒരുക്കുകയും ചെയ്തു. അപ്രകാരം ചെയ്ത എല്ലാ വ്യക്തികളെയും, കൂട്ടായ്മകളെയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. സമരത്തിന്റെ ആരംഭത്തില്‍ തന്നെ യുക്മ നേഴ്‌സസ് ഫോറം എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

സമരത്തിന് നേതൃത്വം നല്‍കിയ പ്രധാന സംഘടനകളായ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷനും, യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനും യുക്മയെ പിന്തുണ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. യുക്മയുടെ പോഷക സംഘടനയായ യുക്മ നേഴ്‌സസ് ഫോറത്തിന് യുക്മയുടെ എല്ലാവിധ സ്രോതസ്സുകളും ഉപയോഗിച്ച് കേരളത്തിലെ നേഴ്‌സിംഗ് സമരത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഒരു ധനസമാഹരണം നടത്തുന്നതിന് യുക്മ നാഷണല്‍ കമ്മിറ്റി അനുവാദം നല്‍കുന്നതിന് മുമ്പ് തന്നെ, യുക്മ നേഴ്‌സസ് ഫോറം അതിന്റെ കമ്മിറ്റി അംഗങ്ങളില്‍ നിന്നായി മാന്യമായ ഒരു തുക ഈ ആവശ്യത്തിലേക്കായി സമാഹരിച്ചിരുന്നു. കൂടാതെ, പ്രിന്‍സ് ജോര്‍ജ്ജ് പോലെ സാമൂഹിക പ്രതിബദ്ധതയുള്ള പലരും യുക്മ നേഴ്‌സസ് ഫോറം ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അനുരഞ്ജന ചര്‍ച്ച കഴിയുന്നതുവരെ സമരം നിര്‍ത്തിവക്കുക എന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് യൂണിയനുകള്‍ സമരം നിര്‍ത്തിവച്ചപ്പോള്‍, ആവശ്യമായാല്‍ മാത്രം ധനശേഖരണം നടത്താം എന്ന നിലപാടാണ് യു എന്‍ എഫ് സ്വീകരിച്ചത്. എങ്കിലും കമ്മിറ്റിയംഗങ്ങളുടെ ആത്മാര്‍ത്ഥ സഹകരണത്താല്‍ മാന്യമായ ഒരു തുക യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ട് വഴിയായി സമാഹരിക്കാന്‍ യുക്മ നേഴ്‌സസ് ഫോറത്തിന് കഴിഞ്ഞു.

ഇന്നലെ കേരളത്തിലെ നേഴ്‌സസ് സമരം ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെ പേരില്‍ പിന്‍വലിച്ചപ്പോഴും പിരിച്ചെടുത്ത തുക സമരത്തിന് നേതൃത്വം നല്‍കിയ സംഘടനകള്‍ക്ക് നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഇന്നലെ യുക്മയെ ബന്ധപ്പെടുകയും, വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് അറിയിക്കുകയും, അവര്‍ നേരത്തെ തന്ന സാമ്പത്തിക സഹായത്തിനുള്ള അഭ്യര്‍ത്ഥന പിന്‍വലിക്കുന്നതായി അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍, ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയില്‍, സ്വരൂപിച്ച തുക ഏതു രീതിയില്‍ വിനിയോഗിക്കണമെന്ന് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷം അറിയിക്കുന്നതാണ്. യു എന്‍ എ ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല എങ്കിലും, ഐ എന്‍ എ യെ പോലെ തന്നെ ഇന്ത്യയിലെ നിയമം അവര്‍ക്കും ബാധകമാണ് എന്നതുകൊണ്ട് തല്‍ക്കാലം രണ്ടു സംഘടനകള്‍ക്കും തുക കൈമാറുന്നില്ല.
ഇത്തവണത്തെ നേഴ്‌സസ് സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും നേഴ്‌സുമാര്‍ക്ക് മാനേജുമെന്റിന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടികള്‍ നേരിടേണ്ടിവന്നാല്‍ അതിനായി ഈ തുക വിനിയോഗിക്കാനാണ് യു എന്‍ എഫ് അടിയന്തിര കമ്മിറ്റിയുടെ തീരുമാനം.

കേരളത്തിലെ നേഴ്‌സുമാരുടെ അവകാശ സംരക്ഷണ സമരത്തിന് നേതൃത്വം നല്‍കിയ രണ്ട് സംഘടനകളും യുക്മയെ ബന്ധപ്പെട്ടിരുന്നു. നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ഇപെറ്റിഷന്‍ തുടങ്ങിവക്കുകയും യു എന്‍ എ യുടെ അക്കൗണ്ട് വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് പേജില്‍ കൊടുത്ത് നേരിട്ട് സാമ്പത്തികസഹായം ചെയ്യേണ്ടവര്‍ക്ക് അതിനുള്ള വഴികാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ സാധ്യമല്ല എന്നും, തങ്ങളുടെ നേരത്തത്തെ അഭ്യര്‍ത്ഥന പിന്‍വലിക്കുന്നതായും അറിയിക്കുകയുണ്ടായി. രണ്ട് ഇ മെയിലുകളും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. സമരത്തിന് നേതൃത്വം നല്‍കിയ സംഘടനകള്‍ക്കും, സമരത്തില്‍ പങ്കെടുത്തവര്‍ക്കും, പിന്തുണ നല്‍കിയവര്‍ക്കും യുക്മ നേഴ്‌സസ് ഫോറം അനുമോദനങ്ങള്‍ അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more