1 GBP = 104.06

തനിക്ക് ‘മറ്റെന്ത്’ സഹായം ചെയ്തു തന്നെന്ന് ഉമ്മന്‍ ചാണ്ടി തുറന്നു പറയണമെന്ന് പി ജെ കുര്യന്‍

തനിക്ക് ‘മറ്റെന്ത്’ സഹായം ചെയ്തു തന്നെന്ന് ഉമ്മന്‍ ചാണ്ടി തുറന്നു പറയണമെന്ന് പി ജെ കുര്യന്‍

തനിക്ക് ‘മറ്റെന്ത്’ സഹായം ചെയ്തു തന്നെന്ന് ഉമ്മന്‍ ചാണ്ടി തുറന്നു പറയണമെന്ന് പി ജെ കുര്യന്‍. മറ്റെന്തൊക്കെയോ സഹായങ്ങള്‍ ചെയ്തുവെന്ന ദുഃസൂചന ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം നല്‍കിയതാണ് തന്നെ ഇത്തരത്തില്‍ ആവശ്യപ്പെടാന്‍ നിര്‍ബന്ധിതനാക്കിയതെന്നും മുമ്പ് തനിക്കെതിരായ കേസില്‍ സഹായിച്ചെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് തുറന്നു പറയണമെന്നും കുര്യന്‍ അറിയിച്ചിട്ടുണ്ട്.പ്രചരണത്തിന് വന്നതൊഴിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായും രാഷ്ട്രീയമായും എന്തൊക്കെ സഹായങ്ങളാണ് ചെയ്തു തന്നതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം. അങ്ങനെ വന്നാല്‍ തനിക്കും പലതും തുറന്നു പറയേണ്ടി വരുമെന്നും കടുത്ത ക്ഷോഭത്തില്‍ തന്നെയായിരുന്നു രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രതികരണം.

തനിക്കെതിരായ കേസില്‍ സഹായിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതായി കുര്യന്‍ പറയുന്നുണ്ട്. പി ജെ കുര്യന്‍ ആരോപണവിധേയനായ ഏക കേസ് സൂര്യനെല്ലി പീഡനമാണ്. 1996 ല്‍ ആണ് സൂര്യനെല്ലി സംഭവ പരമ്പരകളുടെ തുടക്കം. ഇടുക്കിയിലെ സൂര്യനെല്ലിയില്‍ നിന്നുള്ള ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടു പോവുകയും തുടര്‍ന്ന് നാല്‍പത് ദിവസത്തോളം വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഉന്നതപദവികള്‍ വഹിക്കുന്നവരും സമൂഹത്തില്‍ അറിയപ്പെടുന്നവരും ഉള്‍പ്പെടെ പ്രതികളും ആരോപണവിധേയരുമായി 42 പേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്.

1984-89 കാലഘട്ടത്തില്‍ ഇടുക്കി എംപിയായിരുന്ന പി ജെ കുര്യന്റെ പേരും പെണ്‍കുട്ടി ഉന്നയിച്ചിരുന്നു. സൂര്യനെല്ലി കേസ് ഉയര്‍ന്ന സമയത്ത് മാവേലിക്കര എംപിയായിരുന്ന കുര്യനെതിരെ പക്ഷെ കേസെടുത്തിരുന്നില്ല. പിന്നീട് കുര്യനെ കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി പീരുമേട് ഒന്നാം ക്‌ളാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ഈ കേസില്‍ ഹാജരാകാന്‍ കുര്യനോട് കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കുര്യന്‍ അനുകൂല വിധി നേടിയെടുക്കുകയാണുണ്ടായത്. കുര്യനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിചാരണ നേരിടണമെന്ന് ആവശ്യവുമായി 2007 ല്‍ അന്നത്തെ ഇടത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ ഹര്‍ജി തള്ളപ്പെട്ടു.

2013 ല്‍ സൂര്യനെല്ലി കേസ് ഏതോ ചില പ്രശ്‌നങ്ങളില്‍ വീണ്ടും കുത്തിപ്പൊക്കുകയുണ്ടായി. അന്ന് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കുര്യനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനയച്ച കത്ത് പുറത്തു വന്നതാണ് വീണ്ടും വിവാദങ്ങള്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് കുര്യനെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ കുര്യനെ കേസില്‍ നിന്നൊഴിവാക്കിയെന്നായിരുന്നു കോടതി നിരീക്ഷണം.

കോണ്‍ഗ്രസിനെ മുഴുവന്‍ നാണക്കേടിലാക്കി സോളാര്‍ കേസ് കത്തിനിന്ന 2013 കാലഘട്ടത്തില്‍ സംസ്ഥാനത്ത് നേതൃമാറ്റത്തിനായി ഹൈക്കമാന്‍ഡ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്ന് കേരളമുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനായി ഒരാളെയാണ് ഹൈക്കമാന്‍ഡ് തേടിയത്. എന്‍എസ്എസിനും ഹൈക്കമാന്‍ഡിനും ഏറ്റവും പ്രിയങ്കരനായ മറ്റ് ഘടകകക്ഷികള്‍ക്ക് സ്വീകാര്യനായ പി ജെ കുര്യന്റെ പേരിനായിരുന്നുവത്രെ അന്ന് ഏറ്റവും മുന്‍ഗണന. ആ സമയത്താണ് സൂര്യനെല്ലി കേസ് വീണ്ടും കുത്തിപ്പൊക്കലിന് വിധേയമാകുന്നത്.പ്രത്യേകിച്ച് ഒരു പ്രകോപനവും ഇല്ലാതെ ഉണ്ടായ ഈ കുത്തിപ്പൊക്കലിന് പിന്നില്‍ ചില വ്യക്തികളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ചാണ് കേസ് കുത്തിപ്പൊക്കിയതെന്ന ആരോപണവും ഉയര്‍ന്നു.സൂര്യനെല്ലി കേസ് അന്വേഷിച്ച മുന്‍ ഡിജിപി കൂടിയായ ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ഇത് സംബന്ധിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായതും വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. ഈ ഗൂഢാലോചനയും നിലവിലെ വിവാദങ്ങളും ചേര്‍ത്തു വായിക്കണമെന്നും കുര്യനോട് അടുത്ത ചിലവൃത്തങ്ങള്‍ പറയുന്നുണ്ട്.

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഉയരുന്ന കലാപങ്ങളുടെ ബാക്കിപത്രമാണ് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കുര്യന്റെ രൂക്ഷപ്രതികരണം. ഉമ്മന്‍ ചാണ്ടി എന്നും ശ്രമിച്ചിട്ടുള്ളത് തന്റെ സ്വകാര്യ അജന്‍ഡ നടപ്പിലാക്കാനാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.കരുണാകരന്റെ സാധ്യതകളെ ഇല്ലാതാക്കിയതും ഉമ്മന്‍ ചാണ്ടിയാണ് അന്ന് തന്റെ സഹായം തേടിയെങ്കിലും താന്‍ വിട്ടുനിന്നുവെന്നും കുര്യന്‍ ആരോപിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more