1 GBP = 103.68

ഓര്‍ത്തഡോക്സ് സഭയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പടയൊരുക്കം

ഓര്‍ത്തഡോക്സ് സഭയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പടയൊരുക്കം

രാജു ആനിക്കാട്

കോട്ടയം : കേരളാ സന്ദര്‍ശനത്തിനെത്തിയ അന്ത്യോക്യ പാത്രിയാക്കിസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയര്‍ ബാവയെ കൊച്ചി നെടുമ്പാശ്ശേരി സ്വീകരിക്കാനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഓര്‍ത്തഡോക്സ് സഭയില്‍ നിശിത വിമര്‍ശനം. ഓര്‍ത്തഡോക്സ് സഭാംഗമായ ഉമ്മന്‍ചാണ്ടി അന്ത്യോക്യ പാത്രിയാക്കിസ് സ്വീകരിക്കാനെത്തിയതാണ് സഭയില്‍ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പാത്രിയാക്കിസ് ബാവയോടൊപ്പം നില്‍ക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ  ഓര്‍ത്തഡോക്സ്കാരുടെ വികാരം അണപൊട്ടി. ഫേസ്ബുക്കിലൂടെയും വാട്സപ്പ് ഗ്രൂപ്പുകളിലൂടെയും ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്സ് സഭാ വിരുദ്ധനാണെന്നാണ് പ്രചാരണം. ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചുകൊണ്ടുള്ള ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ട്രോളുകളും വ്യാപകമായി.

ഉമ്മന്‍ചാണ്ടിക്കെതിരെ മുമ്പും ഓര്‍ത്തഡോക്സ് സഭ പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കോലഞ്ചേരി പള്ളി വിഷയത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായത്. വിധി നടപ്പാക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടി കൂട്ടാക്കിയില്ലെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ പരാതി. ഓര്‍ത്തഡോക്സ് സമുദായാംഗമായ ഒരാള്‍ മുഖ്യമന്ത്രി ആയിട്ടും സഭയ്ക്ക് നീതി ലഭിച്ചില്ലെന്ന പ്രതിഷേധം സഭ ഉയര്‍ത്തിയത് ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കി. കൂടിയാലോചനകളിലൂടെ പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചപ്പോള്‍ സഭയിലെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഇതോടെ കാതോലിക്ക ബാവയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തിന് വിള്ളലുണ്ടായി. പിന്നീട് കോലഞ്ചേരി കോടതി വിധി നടപ്പാകും വരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് ഓര്‍ത്തഡോക്സ് സഭ തീരുമാനിച്ചത്.

പരിശുദ്ധ കത്തോലിക്കാ ബാവ കോലഞ്ചേരിയില്‍ സത്യാഗ്രഹമിരിക്കുകയും ചെയ്തു. എന്നാല്‍ സത്യാഗ്രഹ സ്ഥലത്ത് ഉമ്മന്‍ചാണ്ടി ചെന്നില്ല എന്ന പ്രചാരണം ഒരു വിഭാഗം അദ്ദേഹത്തിനെതിരെ ഉയര്‍ത്തി. ബാവ സത്യാഗ്രഹം അവസാനിപ്പിച്ചുവെങ്കിലും ഉമ്മന്‍ചാണ്ടിക്കെതിരെ ഓര്‍ത്തഡോക്സ് സഭ പരസ്യമായി രംഗത്തിറങ്ങി. അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. വന്‍ പോലിസ് സന്നാഹത്തില്‍ പുതുപ്പള്ളിയിലെ വസതിക്ക് മുന്നില്‍ നിലയുറപ്പിച്ചു.ഒടുവില്‍ സഭാ നേതൃത്വവുമായി ബന്ധപ്പെട്ട് സമരം പുതുപ്പള്ളി ടൌണിലുള്ള സെന്റ്‌.ജോര്‍ജ് പള്ളിയുടെ കുരിശിന്‍ തൊട്ടിയിലെക്ക് മാറ്റുകയായിരുന്നു. ഇവിടെ ഉമ്മന്‍‌ചാണ്ടിക്കെതിരെ പ്രതിഷേധ യോഗം നടത്തിയാണ് പിരിഞ്ഞത്. കോലഞ്ചേരി പള്ളിയില്‍ നിരാഹാരമിരുന്ന കാതോലിക്ക ബാവയെ തിരിഞ്ഞു നോക്കാതെ വ്യവസ്ഥകള്‍ ഉണ്ടാക്കിയ ഉമ്മന്‍ചാണ്ടിക്ക് ചെങ്ങന്നൂരിലെ സഭാ മക്കള്‍ മറുപടി കൊടുക്കണമെന്നാണ്  സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ഓര്‍ത്തഡോക്സ് സഭയിലുള്ള ഒരു വിഭാഗം ഉമ്മന്‍ചാണ്ടിക്ക് എതിരെ പലപ്പോഴും പ്രതിഷേധമുയര്‍ത്തി. സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ മത്സരിച്ചത് വാര്‍ത്തയായി. എന്നാല്‍ പല സ്ഥാനാര്‍ഥികളെയും ഉമ്മന്‍ചാണ്ടി പക്ഷം തോല്‍പ്പിച്ച് തന്‍റെ മേധാവിത്വം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവസരം കാത്തിരുന്ന സഭയിലെ ഉമ്മന്‍ചാണ്ടി വിരുദ്ധരാണ് ഇപ്പോള്‍ പാത്രിയാക്കിസ് ബാവയെ സന്ദര്‍ശിച്ചത് വിവാദമാക്കിയിരിക്കുന്നത്.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഭാ അദ്ധ്യക്ഷനെ സ്വീകരിക്കുന്നതില്‍ അപാകതയില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. സഭയുടെ ശ്ലൈഹിക പാരമ്പര്യത്തില്‍ അന്ത്യോക്യന്‍ പാത്രിയാക്കീസിനു മുഖ്യ സ്ഥാനം ഉള്ളതിനാല്‍ അദ്ദേഹത്തിനെ സ്വീകരിച്ചതില്‍ സഭാപരമായ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

റിപ്പോർട്ട്: രാജു ആനിക്കാട്, ഡിജിറ്റൽ മലയാളി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more