1 GBP = 103.97
breaking news

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ സ്റ്റീവനേജില്‍ നിന്നുള്ള സത്യന്‍ തമ്പി

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ സ്റ്റീവനേജില്‍ നിന്നുള്ള സത്യന്‍ തമ്പി

സത്യന്‍ തമ്പി

ചുമരെങ്കിലുമുണ്ടായാലേ ചിത്രം വരയ്ക്കാനാവൂ

ഈ ഇലക്ഷനില്‍ നാം മനസ്സിലാക്കേണ്ട ഒരു കാര്യം മിനിമം ചുമരെങ്കിലുമുണ്ടായാലേ ചിത്രം വരയ്ക്കാനാവൂ എന്ന സാമാന്യ തത്വമാണ്. ഭരിക്കുന്നവര്‍ ആരുതന്നെയായാലും രാജ്യത്തിന്റെ സാമ്പത്തിക നിലയും സുരക്ഷയും തകരാറിലായാല്‍ പിന്നെ കുടിയേറ്റക്കാര്‍ക്കെന്നല്ല സ്വദേശികള്‍ക്കു പോലും രക്ഷയുണ്ടാവില്ല.

ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നിന്നു ലണ്ടനെയും, രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ബ്രിട്ടനെയും ഭീകരാക്രമണ ഭീഷണി നേരിടുന്ന നഗരങ്ങളുടെയും, രാജ്യങ്ങളുടെയും പട്ടികയില്‍ മുന്‍ നിരയിലേക്കെത്തിച്ചതിലും, രാജ്യത്തിന്റെ സാമ്പത്തിക നിലയില്‍ ഗണ്യമായ കുറവു വരുത്തിയതിലും, തങ്ങള്‍ ഉദാരമനസ്‌ക്കരാണെന്നു കാട്ടാന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്‍പ്പെടെ കടിഞ്ഞാണില്ലാതെ ബ്രിട്ടണ്‍ അനുവദിച്ച അനഹയന്ത്രിത കുടിയേറ്റവും, സഞ്ചാര സ്വാതന്ത്ര്യവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ( ഈ സഞ്ചാര സ്വാതന്ത്ര്യമുപയോഗപ്പെടുത്തി തീവ്രവാദികളായ എത്ര പേര്‍ നുഴഞ്ഞു കയറിയിട്ടുണ്ടാവുമെന്നത് വരും കാലങ്ങളില്‍ വെളിവാകാനിരിക്കുന്നതേയുള്ളൂ. ) യൂറോപ്യന്‍ യൂണിയനില്‍ ചേരുന്ന സമയത്ത് ഏറ്റവും നഷ്ടം വരാന്‍ പോകുന്നത് തങ്ങള്‍ക്കായിരിക്കുമെന്ന് ബ്രിട്ടനു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നത് ഇപ്പോള്‍ സ്പഷ്ടമാണ്. അന്ന് ചിന്തിച്ചപ്പോള്‍ എല്ലായിടത്തും ഓടിനടന്ന് കച്ചവടം ചെയ്യാം, പൊതുശത്രുവിനെ ഒന്നിച്ചു നിന്നു നേരിടാം എന്നൊക്കെയുള്ള ഗുണകരമായ വസ്തുതകള്‍ മാത്രമേ കണ്ടിരുന്നുള്ളുവെന്നു വേണം കരുതാന്‍.

തവാട്ടിലെ കേമന്‍ കളിക്കാന്‍ ‘ വിശക്കുന്നോര്‍ക്കെല്ലാം എന്റെ വീട്ടില്‍ ഫ്രീയായി ശാപ്പാടുണ്ടെന്നു പറഞ്ഞതു കൂടാതെ അതിനൊരു ബലമായി ലോകത്തു നടന്ന ഒരു മാതിരിപ്പെട്ട അടിയിലെല്ലാം സ്വന്തം കാശു മുടക്കി പങ്കെടുക്കുകയും ചെയ്തു. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണമല്ലോ? മറ്റു രാജ്യങ്ങള്‍ ഏറെയും സാമ്പത്തികമായി ബ്രിട്ടനേക്കാള്‍ പിന്നിലായിരുന്നതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ ബിട്ടന്‍ എന്ന ഈ പാലം കൊണ്ട് പക്ഷേ, നേട്ടമുണ്ടായത് അവര്‍ക്കാണ്. കാര്യമായ നിര്‍മ്മിതികളും ഉത്പാദനവുമില്ലാത്ത ബ്രിട്ടന്‍ മറ്റു രാജ്യങ്ങളുടെ കമ്പോളമായും, തൊഴില്‍ സമ്പദ് ദാതാവായും മാറുകയാണുണ്ടായത്. കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്നു തിരിച്ചറിഞ്ഞപ്പോഴേക്കുമാണ് നഷ്ടം തങ്ങള്‍ക്കു മാത്രമാണെന്നു മനസ്സിലാക്കിയതും, ബ്രക്‌സിറ്റിനായി കരുക്കള്‍ നീക്കിയതും, ജനഹിതം നടന്നതും, തന്റെ താത്പര്യമല്ലാത്തതിനാല്‍ പ്രധാനമന്ത്രിയായിരുന്ന കാമറൂണ്‍ രാജി വച്ചതും. എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി അതു നടത്താന്‍ അന്നു തെരഞ്ഞെടുപ്പിനു നില്‍ക്കാതെ തെരേസ മേയ് പ്രധാനമന്ത്രിയായതും, ബ്രക്‌സിറ്റിനായി രാജ്യത്തിന്റെ നിലപാടുകളുമായി മുന്നോട്ടുവന്നതും കണ്ട് എല്ലാമൊന്നു നന്നായി കരയ്ക്കടുക്കുമെന്നു ചിന്തിച്ചിരിക്കുമ്പോള്‍ പെട്ടെന്ന് തെരേസ മേയ് നടത്തിയ ഈ തെരഞ്ഞെടുപ്പു പ്രഖ്യാപനം ശരിക്കുമൊന്നമ്പരപ്പിക്കുന്നതായിരുന്നു. ഇവരിതെന്തിനുള്ള പുറപ്പാടാണെന്ന് ആരും ചിന്തിച്ചു പോകും. പക്ഷേ, കാര്യങ്ങളുടെ യഥാര്‍ത്ഥ കിടപ്പ് മറ്റൊരു തരത്തിലാണ്. ബ്രക്‌സിറ്റ് പ്രാവര്‍ത്തികമായാല്‍ നഷ്ടം തങ്ങള്‍ക്കു തന്നെയാണെന്നു നന്നായി ബോദ്ധ്യമുള്ള യൂറോപ്യന്‍ യൂണിയന്‍, മേയ് കര്‍ക്കശക്കാരിയാണെന്നറിയാമെങ്കിലും,ജനങ്ങള്‍ക്കിടയിലും ഗവണ്‍മെന്റില്‍ തന്നെയും ബ്രക്‌സിറ്റിനെച്ചൊല്ലി ഭിന്നാഭിപ്രായമുണ്ടെന്നു മനസ്സിലാക്കി, ബ്രിട്ടന്റെ വിലപേശലുകള്‍ അംഗീകരിക്കില്ലെന്ന് ആദ്യം പരോക്ഷമായും പിന്നീട് പ്രത്യക്ഷമായും പറഞ്ഞു.

തറവാട്ടില്‍ ഭാഗം വയ്പ്പ് നടത്തുമ്പോള്‍ ചില കാരണവന്‍മാര്‍ ഭയപ്പെടുത്തുന്നതു പോലെ. നടക്കാതെ വന്നോലോ എന്നു പേടിച്ച് കുടുംബാംഗങ്ങള്‍ സ്വൈര്യം കൊടുക്കാതാവുമ്പോള്‍ ഒന്നുകില്‍ വേണ്ടെന്നു പറയും അല്ലെങ്കില്‍ നിവൃത്തി കെട്ട് ‘ആ എന്നാ എന്തേലും താ എന്നു പറയുമെന്നു കരുതി വിരട്ടി നോക്കി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ജയിച്ച് ജനങ്ങള്‍ കൂടെയുണ്ടെന്നു കാട്ടി കിട്ടാനുള്ളതു മുഴുവന്‍ വാങ്ങിച്ചെടുക്കുമെന്ന് സ്വതവേ കര്‍ക്കശക്കാരിയായ മേയ്. അതിനാല്‍ തന്നെയാവണം അവര്‍, നടക്കാന്‍ സാദ്ധ്യതയില്ലാത്തതും അഥവാ ഏതെങ്കിലും വിധത്തില്‍ നടത്തിയാല്‍ തന്നെ ഈ പരിതസ്ഥിതിയില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിക്കുന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പിനു നല്കാതിരുന്നതും. അതല്ല, ഇനി ജനങ്ങളുടെ അഭിപ്രായം മറിച്ചാണെങ്കില്‍ അവര്‍ക്ക് നഷ്ടപ്പെടാനെന്തെങ്കിലുമുണ്ടെന്നും തോന്നുന്നില്ല. കാരണം ഉത്തരവാദിത്വത്തില്‍ നിന്നും ഒരു ചളിപ്പുമില്ലാതെ അവര്‍ക്കു കൈകഴുകാം. ലേബര്‍ പാര്‍ട്ടിയേയും ശ്രീ കോര്‍ബിനേയും പറ്റി പറയുമ്പോള്‍ പല കാര്യങ്ങളിലും ലേബര്‍ ചെയ്ത പല കാര്യങ്ങളും കുടിയേറ്റക്കാര്‍ക്കു ഗുണകരമായിരുന്നിട്ടുണ്ട്. പക്ഷേ, അവയൊക്കെയും നാട്ടിലെ വോട്ടു ബാങ്കു രാഷ്ട്രീയത്തിനു സമാനമായ, പില്ക്കാലത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും, സുരക്ഷയെയും അപ്പാടെ തകര്‍ത്തു കളയുന്ന ദീര്‍ഘവീക്ഷണമില്ലാതെയുള്ള കാര്യങ്ങളായിരുന്നു.

ഒരു ശരാശരി മദ്ധ്യവര്‍ഗ്ഗ തൊഴിലാളി 37.5 മുതല്‍ 48 മണിക്കൂര്‍ ജോലി ചെയ്താല്‍ 850 2000 പൗണ്ടു കിട്ടുന്ന സ്ഥാനത്ത് ജോലി ചെയ്യാതെ വീട്ടിലിരുന്നാല്‍ പല സഹായങ്ങളായി 15002500 പൗണ്ടും അലങ്കരിച്ച വീടും, ഫ്രീ ചികിത്സയും കിട്ടുമെങ്കില്‍ ആരു ജോലിക്കു പോകും? ജോലി ചെയ്തു കൊണ്ടിരിക്കുന്നവനും പോകാതെയാവും. ലേബറിന്റെ പരിഷ്‌ക്കാരങ്ങളിലൊന്നായിരുന്നിത്. വളരെ നല്ല കാര്യം. ചുമ്മാതെ കാശു കിട്ടിയാല്‍ ആര്‍ക്കും കൈയ്ക്കില്ലല്ലോ? പക്ഷേ, ഫലമെന്താ? അദ്ധ്വാനിക്കുന്നവരുടെ എണ്ണം കുറഞ്ഞു. സ്വാഭാവികമായും ഉത്പ്പാദനവും, ഉത്പാദനക്ഷമതയും. ഉത്പാദനമില്ലാതെ വരുമാനമെവിടുന്നുണ്ടാവും. ജോലി ചെയ്യുന്നവര്‍ക്ക് അധിക ജോലിഭാരവും എങ്ങാനും അധിക ജോലി ചെയ്ത് അല്പം കൂടുതല്‍ നേടാമെന്നു വച്ചാല്‍ അധികരിച്ച സേവന വേതനവും, കൂനിന്മേല്‍ കുരുവായി ആരോഗ്യ പ്രശ്‌നങ്ങളും. ലേബറിന്റെ തുല്യ നീതി പ്രകാരം യൂറോപ്പില്‍ നിന്നു വരുന്ന എല്ലാവര്‍ക്കും കൊടുക്കണം ഇതേ സൗകര്യങ്ങള്‍. ഇതിനുള്ള പണം എവിടെ നിന്നാ? ഈ നടുവൊടിഞ്ഞു ജോലി ചെയ്യുന്ന ചെറിയ ശതമാനത്തില്‍ നിന്ന്. അല്ലാതെ വേറെ യെന്തുല്‍പ്പാദിപ്പിച്ചിട്ടാ ഇവിടെ? മലയാളികള്‍ക്കങ്ങനെയൊരു ശീലമുണ്ടെന്നു തോന്നുന്നില്ല. നമ്മള്‍ നാളേയ്ക്ക് കരുതി ജീവിക്കുന്നവരാ. ഈ രീതിയില്‍ പോയാല്‍ നാളെത്തേയ്ക്ക് ഈ രാജ്യം തന്നെയുണ്ടാവില്ല. ഇപ്പോള്‍ തന്നെ ഒരു ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റു കിട്ടണമെങ്കില്‍ എന്തുമാത്രം കാത്തിരിക്കേണ്ടി വരുന്നു. സ്വദേശിയാണെന്നും പറഞ്ഞ് വരി തെറ്റിച്ച് വെള്ളക്കാരനും നേരത്തേ കിട്ടില്ല അപ്പോയിന്റ്‌മെന്റ്. നമ്മെപ്പോലെയുള്ളവര്‍ ഇവിടെയെത്തിയത് ഇക്കണ്ട പരീക്ഷകളും പാസായി, വിസ ഫീസുമടച്ച്, എംബസിയില്‍ ക്യൂ നിന്ന് ഇവിടെയെത്തി നാലഞ്ചു വര്‍ഷം ജോലി ചെയ്ത് ടാക്‌സ് അടച്ചതിനു ശേഷം മാത്രം കിട്ടുന്ന സഹായം വിസ ഫീസു പോലുമടയ്ക്കാതെ ഇവിടെ വരുമ്പോള്‍ മുതലനുഭവിക്കുന്നു യൂറോപ്പില്‍ നിന്നുള്ളവരും അവരുടെ കുടുംബാംഗങ്ങളും. വന്ന കാലം മുതല്‍ ജോലി ചെയ്തു ടാക്‌സടയ്ക്കുന്ന നമ്മുടെ, മാതാപിതാക്കളെ ഇവിടേയ്ക്കു കൊണ്ടുവരണമെങ്കിലും വന്നെത്തിയാല്‍ത്തന്നെ ചികിത്സയടക്കമുള്ള കാര്യങ്ങളിലും എന്താണു ബുദ്ധിമുട്ടെന്നു നമുക്കറിയാം. അതിനാല്‍ അനാവശ്യ ബാദ്ധ്യത നമ്മില്‍ നിന്നൊഴിവാക്കി നിയന്ത്രണത്തിലാക്കാനാണ് കണ്‍സര്‍വേറ്റീവിന്റെ ശ്രമം. യാഥാര്‍ത്ഥ്യത്തിനു കൈയ്പ്പുണ്ടാവും. ഫീസില്ലാണ്ടാക്കും, എന്‍ എച്ച് എസില്‍ കൂടുതല്‍ സ്റ്റാഫിനെ വെയ്ക്കും, ബില്ല്യണുകളുടെ പുനരുദ്ധാനപദ്ധതികള്‍, ഭവന പദ്ധതികള്‍, റെയില്‍വേ ഏറ്റെടുക്കല്‍ എന്നൊക്കെപ്പറയുമ്പോള്‍ എവിടുന്നു പണം കണ്ടെത്തുമെന്നു സാമാന്യ ബോധത്തോടെ ചിന്തിച്ചാല്‍ ഇതു കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ, അധികാരത്തിലേറാനായി മാത്രമുള്ള ‘ പാലം കടക്കുവോളം മാത്രമുള്ള ‘ വെറും മോഹന വാഗ്ദാനം മാത്രമാണെന്നു ബോദ്ധ്യമാകും. അല്ലെങ്കില്‍ ബ്രിട്ടനെ കടക്കെണിയില്‍ തള്ളും.

പാര്‍ട്ടിയിലെ നാലില്‍ മൂന്നു ഭാഗം എതിര്‍ത്തിട്ടും കേരളത്തിലെ, ആരാണ്ടേപ്പോലെ കസേരക്കാലില്‍ കെട്ടിപ്പിടിച്ചു തൂങ്ങിക്കിടന്നയാളാണെന്നോര്‍ക്കണം. അപ്പോള്‍ എത്രമാത്രം ധാര്‍മ്മികത പ്രതീക്ഷിക്കാമെന്നറിയില്ല. ഏഷ്യന്‍ വംശജരെ കൂടെ നിര്‍ത്തുന്നത് വോട്ടു ബാങ്കുകണക്കാക്കി തന്നെയാണ്. തെരേസ മേയും മലക്കം മറിഞ്ഞു പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തിയാണെന്നതും വിസ്മരിക്കുന്നില്ല. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിയപ്പോള്‍ പിടിച്ചു നില്ക്കാന്‍ കടമെടുക്കാതെ കടുത്ത വെട്ടിച്ചുരുക്കല്‍ നടപടികളിലൂടെ ശക്തമായി രാജ്യത്തെ നയിച്ച ശ്രീമതി തെരേസ മേയ്ക്കാണു മുന്‍തൂക്കം. രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിലും തീവ്രവാദികളുടെ കാര്യത്തിലും ഇന്നലെ വരെ എല്ലാക്കാലവും മൃദുസമീപനം കൈക്കൊണ്ട ലേബറും കോര്‍ബിനും പെട്ടെന്നു രാജ്യ സുരക്ഷയെപ്പറ്റി വാചാലരാവുന്നതില്‍ ആസന്നമായ തെരഞ്ഞെടുപ്പല്ലാതെ മറ്റൊന്നും കാണുന്നില്ല. ഇങ്ങോട്ടാരെയും കയറ്റില്ലെന്നല്ല കണ്‍സര്‍വേറ്റീവുകള്‍ പറയുന്നത്. നിയന്ത്രണ വിധേയമായി ആര്‍ക്കും വരാമെന്നാണ്. ഭീകരാക്രമണം മൂര്‍ദ്ധന്യതയില്‍ നില്‍ക്കുമ്പോള്‍ അതു തന്നെയാണു വേണ്ടതെന്നേ അദ്ധ്വാനിച്ചു ജീവിക്കാനാഗ്രഹമുള്ള ആര്‍ക്കും പറയാനാകൂ. ലിബറല്‍ ഡെമോക്രാറ്റോ, യുകിപ്പോ ചിത്രത്തിലേയില്ല. എട്ടാം തീയതി വോട്ടു രേഖപ്പെടുത്തും മുന്‍പ് ഒരു വട്ടം കൂടി ആലോചിക്കുക.

ലേഖകനായ സത്യന്‍ തമ്പി സ്റ്റീവനേജിലെ ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ സ്‌റ്റെറിലൈസേഷന്‍ ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്യുന്നു. ഇടുക്കി ജില്ലയിലെ വണ്ടന്‍മേടിനടുത്ത് ചേറ്റുകുഴി സ്വദേശിയാണ്.

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. യുക്മ ന്യൂസില്‍ ഷെഫീല്‍ഡില്‍ നിന്നുള്ള അധ്യാപകനായ ബിനില്‍ പോള്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more