1 GBP = 103.12

നേതാക്കള്‍ക്കുണ്ടായ വീണ്ടുവിചാരം യു ഡി എഫിനെ ശക്തിപ്പെടുത്താന്‍ ഉപകരിച്ചേക്കും. മാണി അനുനയത്തിന്റെ പാതയിലേക്ക്…..

നേതാക്കള്‍ക്കുണ്ടായ വീണ്ടുവിചാരം യു ഡി എഫിനെ ശക്തിപ്പെടുത്താന്‍ ഉപകരിച്ചേക്കും. മാണി അനുനയത്തിന്റെ പാതയിലേക്ക്…..

വര്‍ഗീസ് ഡാനിയേല്‍, യുക്മ ന്യൂസ് ടീം

യു ഡി എഫ് ലെ പടലപിണക്കങ്ങള്‍ ഒരു പുതുമയല്ല. പ്രത്യേകിച്ച് തിരഞ്ഞെടുപ്പു ഫലങ്ങള്‍ എതിരാകുമ്പോള്‍. എന്നാല്‍ കാല്‍ചുവട്ടിലെ മണ്ണു ഒലിച്ചുപോകുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ അവര്‍ ഒരുമിക്കും. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടു പലര്‍ക്കും തിരിച്ചറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

കോണ്‍ഗ്രസിന് തിരിച്ചറിവുകള്‍ ഉണ്ടാകുന്നത് ആദ്യമായിട്ടല്ല. ദേശിയ തലത്തില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നത് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒന്നും ചെയ്യാനാകാതെ കണ്ടുകൊണ്ടിരിക്കുന്നു. തിരിച്ചുവരവിന്റെ കാര്യത്തില്‍ അല്‍പ്പമെങ്കിലും പ്രതീക്ഷയുള്ളത് കേരളത്തില്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസിനെ (എം) യുഡിഎഫിലേക്ക് തിരിച്ചുവിളിക്കാന്‍ ഇടനിലക്കാരെ ഒഴിവാക്കി മുതിര്‍ന്ന നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങിയത്. വരുന്ന ഉപതിരഞ്ഞെടുപ്പോടെ പിണക്കങ്ങള്‍ തീര്‍ത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശക്തി കാട്ടേണ്ടത് അവരുടെ ആവശ്യമാണു. കേരളത്തില്‍ ഭരണം തിരിച്ചു പിടിക്കണമെങ്കില്‍ കെഎം മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിച്ചേ മതിയാകു എന്ന് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും വ്യക്തമായി അറിയാം.

പാളയത്തിലെ പോരില്‍ പരാജയം സമ്മതിച്ച് വിഎം സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ ഗ്രൂപ്പുകള്‍ വീണ്ടും സജീവമായി, ഇതോടെ കോണ്‍ഗ്രസിലെ കാര്യങ്ങളെല്ലാം പഴയ പടിയായി. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞതെല്ലാം മറന്നു മാണിയെ തിരികെ വിളിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആഗ്രഹിക്കുന്നത്. മുസ്‌ലിം ലീഗ് കഴിഞ്ഞാല്‍ യുഡിഎഫിലെ ശക്തരായിരുന്ന കേരളാ കോണ്‍ഗ്രസ്(എം)ന്റെ അടവുനയം കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനവും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന അറിയിപ്പും യുഡിഎഫിനെ വലച്ചു. നോട്ട് അസാധുവാക്കല്‍ സമയത്ത് പ്രതിപക്ഷത്തിനായി സംസാരിക്കാന്‍ മുന്‍ ധനമന്ത്രി കൂടിയായ മാണിയുടെ അഭാവം നിഴലിച്ചു നിന്നിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിന്റെ വീഴ്ചകള്‍ തുറന്നു കാണിക്കാനും അദ്ദേഹം കാര്യമായ പ്രവര്‍ത്തനമൊന്നും നടത്തിയില്ല. എന്നാല്‍, ഇന്ന് കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ നീങ്ങുകയാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കുമെന്ന മാണിയുടെ പ്രസ്താവന ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പ്രതീക്ഷ നല്‍കുന്നു. കേരളാ കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ മുന്‍ കൈയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയും ചെയ്തതോടെ പ്രതീക്ഷ വാനോളമുയര്‍ന്നു നില്‍ക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പിന് വര്‍ഷങ്ങള്‍ ബാക്കിയുള്ളതിനാല്‍ കേരളാ കോണ്‍ഗ്രസ് പെട്ടെന്ന് തീരുമാനമൊന്നുമെടുക്കില്ല. ഒറ്റയ്ക്ക് നിന്നാല്‍ നേട്ടമൊന്നുമുണ്ടാകില്ല എന്നു കെഎം മാണിക്കുമറിയാം. യുഡിഎഫില്‍ നിന്നു വിട്ടു നില്‍ക്കുന്നതില്‍ പാര്‍ട്ടിയില്‍ തന്നെ അസംതൃപ്തിയുമുണ്ട്. എല്‍ഡിഎഫിലേക്ക് പോകാനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലാത്തതിനാല്‍ യുഡിഎഫിലേക്ക് മടങ്ങുകയല്ലാതെ അവര്‍ക്ക് വേറെ വഴിയൊന്നുമില്ല. ബാര്‍ കോഴക്കേസും സിപിഐയുടെ കടുത്ത എതിര്‍പ്പുമാണ് ഇടതുമുന്നണി പ്രവേശനം തടയുന്നത്. ഈ സാഹചര്യത്തില്‍ യുഡിഎഫിന് പിന്തുണ നല്‍കുകയോ അവര്‍ക്കൊപ്പം നില്‍ക്കുകയോ അല്ലാതെ കേരളാ കോണ്‍ഗ്രസിന് മറ്റൊരു വഴിയുമില്ല. ഭരണം തിരിച്ചു പിടിക്കണമെങ്കില്‍ ഈ ബന്ധം ഊട്ടിയുറപ്പിച്ചേ മതിയാകു എന്ന് കോണ്‍ഗ്രസിനും യുഡിഎഫിനുമറിയാം.

ഇടതുപക്ഷ ഭരണത്തില്‍ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിന്റെ മേലുള്ള പരാതി എല്‍ ഡി എഫില്‍ തന്നെ ചര്‍ച്ചാ വിഷയമായ സാഹചര്യത്തെ മുതലെടുത്ത് ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം
ഉണ്ടാക്കുവാന്‍ കഴിയും എന്ന് യു ഡി എഫ് കരുതുന്നു. പക്ഷെ നേതാക്കള്‍ക്കിടയിലെ ഭിന്നത മുസ്ലീം ലീഗിന്റെ കോട്ടയില്‍ ഭൂരിപക്ഷം കുറച്ചാല്‍ ആ ക്ഷീണം അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിലും നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. വൈര്യം മറന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കേരളാ കോണ്‍ഗ്രസിനെ തിരികെ വിളിക്കുന്നതും ഇക്കാരണത്താലാണ്. കുഞ്ഞാലിക്കുട്ടിയെ മുന്നില്‍ നിര്‍ത്തി മാണിയുടെ പിണക്കം മാറ്റി തിരികെ എത്തിക്കാനാണ് നീക്കം നടത്തുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം വിഷയം ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയും ചെയ്തു. ഇക്കാരണത്താല്‍ മാണിയുടെ മടക്കത്തിന് സാധ്യത വളരെ കൂടുതലാണ്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more