1 GBP = 103.68

തൂത്തുക്കുടിയില്‍ സംഘര്‍ഷത്തില്‍ എസ്പിക്ക് ഗുരുതരപരുക്ക്; സേനയെ അയക്കാമെന്ന് കേന്ദ്രം

തൂത്തുക്കുടിയില്‍ സംഘര്‍ഷത്തില്‍ എസ്പിക്ക് ഗുരുതരപരുക്ക്; സേനയെ അയക്കാമെന്ന് കേന്ദ്രം

ചെന്നൈ: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നു. ജനക്കൂട്ടം നടത്തിയ കല്ലേറില്‍ തൂത്തുക്കുടി എസ്പിക്ക് ഗുരതുരമായി പരുക്കേറ്റു. തൂത്തുക്കുടി എസ്പി മഹേന്ദ്രനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്.

ഇന്ന് അണ്ണാനഗറില്‍ ജനക്കൂട്ടത്തിന് നേര്‍ക്ക് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചിരുന്നു. അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ജനങ്ങള്‍ ഇന്ന് അണ്ണാനഗറില്‍ പ്രതിഷേധിച്ചത്. അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങള്‍ കത്തിക്കുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ ക്രമസമാധാന നില നിയന്ത്രണാധീതമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന് അറിയിച്ചു. ഗവര്‍ണര്‍ വിഷയത്തില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സേനയെ അയക്കാമെന്ന് കേന്ദ്രം, സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്.

അതേസമയം തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ വെടിവെപ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സമരക്കാരെ പിരിച്ചുവിടാനുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ആകാശത്തേയ്ക്ക് വെടിവെയ്ക്കാത്തതും പൊലീസിനെതിരെയുള്ള സംശയം ബലപ്പെടുത്തുന്നു. സാധാരണവേഷത്തിലെത്തി പരീശീലനം നേടിയ ഷൂട്ടര്‍ പൊലീസ് ബസിനു മുകളില്‍ കയറി നിന്ന് സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ വിവിധ പ്ലാന്റുകളില്‍ നിന്ന് ഉയരുന്ന വിഷപുകയും മാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന് ദീര്‍ഘനാളായി പ്രദേശവാസികള്‍ പരാതിപ്പെടുന്നുണ്ട്. പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more