രഹസ്യമായി ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ച് ഗവണ്‍മെന്റ്, വര്‍ദ്ധനവ് 250 പൗണ്ടിന്റേത്, അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കും


രഹസ്യമായി ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ച് ഗവണ്‍മെന്റ്, വര്‍ദ്ധനവ് 250 പൗണ്ടിന്റേത്, അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കും

യാതൊരു മുന്നറിയിപ്പുമില്ലാതെ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസില്‍ 250 പൗണ്ടിന്റെ വര്‍ദ്ധനവ് വരുത്തി വിദ്യാഭ്യാസ വകുപ്പ്. ഇതോടെ പ്രതിവര്‍ഷം നല്‍കേണ്ടുന്ന 9000പൗണ്ടിന്റെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി ഉയരും. ഇത് സംബന്ധിച്ച റെഗുലേഷനുകള്‍ ഗവണ്‍മെന്റ് അംഗീകരിച്ചു.

എന്നാല്‍ ട്യൂഷന്‍ ഫീസിലെ വര്‍ദ്ധനവിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പിലെ വെബ്ബ്‌സൈറ്റില്‍ അറിയിപ്പ് നല്‍കിയിട്ടില്ല. മാത്രമല്ല മന്ത്രിമാര്‍ വഴി പാര്‍ലമെന്റില്‍ പ്രസ്താവന നല്‍കാന്‍ പോലും തയ്യാറാകാതെയായിരുന്നു വര്‍ദ്ധനവ്. നിലവില്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഫീസ് വര്‍ദ്ദനവ് ബാധകമാണ്. അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഈ തുക കൂടി അടയ്‌ക്കേണ്ടതായി വരും.

ഫീസ് വര്‍ദ്ധനവ് നടപ്പില്‍ വരുത്തിയിട്ട് ദിവസങ്ങളായെങ്കിലും ഇക്കാര്യം ഇന്നലെ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഫീസ് വര്‍ദ്ധനവ് ഗവണ്‍മെന്റ് രഹസ്യമാക്കി വച്ചതിനെ പ്രതിപക്ഷ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചു. ഇത്തരം നീക്കങ്ങള്‍ അനുവദിച്ച് നല്‍കാവുന്നതല്ലെനന് ഷാഡോ എഡ്യൂക്കേഷന്‍ മിനിസ്റ്റര്‍ ഗോര്‍ഡണ്‍ മാര്‍സ്ഡണ്‍ ചൂണ്ടിക്കാട്ടി. നയങ്ങള്‍ വിലയിരുത്തുന്നത് ഗവണ്‍മെന്റ് ഒഴിവാക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ഇതെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരണ്‍ ചൂണ്ടിക്കാട്ടി.

സമ്മറിലാണ് ഫീസ് വര്‍ദ്ധനവ് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും അതിനാല്‍ നടപ്പിലാക്കിയതിന് ശേഷം കൂടുതല്‍ അറിയിപ്പിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു. പ്രധാനപ്പെട്ട കാര്യം യൂണിവേഴ്‌സിറ്റികള്‍ അവരുടെ ഗുണനിലവാരം മെച്ചപ്പെടുത്താതെ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒട്ടുമിക്ക യൂണിവേഴ്‌സിറ്റികള്‍ക്കും വര്‍ദ്ധിപ്പിച്ച ഫീസ് വാങ്ങാന്‍ സാധിക്കുന്ന അവസ്ഥയാണ് ഉള്ളത്. 2012 ലാണ് ട്യൂഷന്‍ ഫീസ് 9000 പൗണ്ടായി നിജപ്പെടുത്തിയത്. എന്നാല്‍ പണപ്പെരുപ്പത്തിനൊപ്പിച്ച് ട്യൂഷന്‍ ഫീസില്‍ വര്‍ദ്ധനവ് വരുത്തേണ്ടതുണ്ടെന്നാണ് ഗവണ്‍മെന്റ് വാദം. കഴിഞ്ഞ തവണ ഫീസ് വര്‍ദ്ധിച്ചപ്പോള്‍ രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates